പ്ലേ ഓഫിന് ഒരു ജയം മാത്രം മതിയെന്നിരിക്കെ പരാജയമായിരുന്നു ഐ.പി.എല്ലിലെ ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സിനെ കാത്തിരുന്നത്. പല കാരണങ്ങളായിരുന്നു രാജസ്ഥാന്റെ തോല്‍വിയുടെ ആധാരം.
മത്സരം ജയിച്ച് ആധികാരികമായി തന്നെ പ്ലേ ഓഫിലേക്ക് പ്രവേശിക്കുന്ന രണ്ടാം ടീമാവുന്നതിന് പകരം പരാജയം ചോദിച്ചു വാങ്ങുകയായിരുന്നു രാജസ്ഥാന്‍.
മധ്യനിരയില്‍ കരുത്തനായ ബാറ്ററുടെ അഭാവം എത്രത്തോളം രാജസ്ഥാനെ കുഴക്കുന്നു എന്നതിന്റെ പ്രധാന തെളിവായിരുന്നു ദല്‍ഹി ക്യാപ്പിറ്റന്‍സിനെതിരായ മത്സരം.
ബട്‌ലറിനേയും സഞ്ജുവിനേയും പോലെ ഷിംറോണ്‍ ഹെറ്റ്‌മെയറും രാജസ്ഥാന് എത്രത്തോളം അനിവാര്യമാണെന്നായിരുന്നു മത്സരത്തിന്റെ ഫലം വ്യക്തമാക്കി തന്നത്.
ഒരുവേള ഓപ്പണിംഗ് നിര പരാജയപ്പെട്ടാലും മധ്യനിര തകര്‍ത്തടിക്കും എന്നതായിരുന്നു റോയല്‍സിന്റെ ഏറ്റവും വലിയ കരുത്ത്. താരം ടീം വിട്ടുപോയതോടെയാണ് ബാറ്റിംഗ് നിരയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ രാജസ്ഥാനെ നിര്‍ബന്ധിച്ചത്.
മൂന്നാം സ്ഥാനത്തിറങ്ങേണ്ടിയിരുന്ന സഞ്ജു അഞ്ചാമനായി ഇറങ്ങിയതും, അശ്വിന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മുകളിലേക്ക് കയറി കളിച്ചതും ഇതുകൊണ്ട് തന്നെയായിരുന്നു. ബാറ്റിംഗിലെ പരീക്ഷണങ്ങള്‍ തന്നെയാണ് ഒരര്‍ത്ഥത്തില്‍ രാജസ്ഥാനെ തോല്‍പിച്ചതും.
ഇതിന് പുറമെ, ഭാഗ്യവും ദല്‍ഹിക്ക് തുണയായി എന്നുവേണം കരുതാന്‍. ഒമ്പതാം ഓവറില്‍ വാര്‍ണര്‍ ഔട്ടില്‍ നിന്നും രക്ഷപ്പെട്ടത് മൂന്ന് തവണ, അതിലൊന്നാവട്ടെ ക്ലീന്‍ ബൗള്‍ഡില്‍ നിന്നും.
ദേവ്ദത്ത് പടിക്കലും ബട്‌ലറും ഒമ്പതാം ഓവറില്‍ വാര്‍ണറിനെ കൈവിട്ടുകളയുകയായിരുന്നു.
ഇതുകൂടാകെ ചഹലിന്റെ പന്ത് വിക്കറ്റില്‍ കൊള്ളുകയും എല്‍.ഇ.ഡി ലൈറ്റ് കത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബെയ്ല്‍സ് വീഴാത്തതിനാല്‍ വാര്‍ണര്‍ വീണ്ടും രക്ഷപ്പെടുകയായിരുന്നു. ഭാഗ്യം മുതലെടുത്ത വാര്‍ണര്‍ പിന്നീട് ക്യാപ്പിറ്റല്‍സിനെ വിജയിപ്പിക്കുന്നതായിരുന്നു കണ്ടത്.
തോല്‍വിയില്‍ നിന്നും പാഠങ്ങള്‍ പഠിച്ചായിരിക്കണം സഞ്ജു അടുത്ത മത്സരങ്ങള്‍ക്കിറങ്ങേണ്ടത്. പ്ലേ ഓഫ് 99 ശതമാനവും ഉറപ്പിച്ച ലഖ്‌നൗവിനോടും ഒന്നും നഷ്ടപ്പെടാനില്ലാത്ത സൂപ്പര്‍ കിംഗ്‌സിനോടുമാണ് രാജസ്ഥാന് എതിരിടാനുള്ളത്.
ക്യാപ്റ്റന്‍സിയുടേയും തന്ത്രങ്ങളുടേയും ബാലപാഠങ്ങള്‍ ആവര്‍ത്തിച്ചുരുവിട്ട് വേണം ഇനിയിറങ്ങാന്‍. കാരണം രാജസ്ഥാന്‍ തോറ്റാല്‍ തോല്‍ക്കുന്നത് അയാളുടെ കരിയര്‍ കൂടിയായിരിക്കും.