ന്യൂദല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവാന്‍ കാരണം കാനഡ തീവ്രവാദ, വിഘടനവാദ ഘടകങ്ങള്‍ക്ക് അതിനുള്ള ലൈസന്‍സ് നല്‍കിയതാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
എന്നാല്‍ ഈ സ്ഥിതിയില്‍ കാനഡയുടെ പുതിയ ഭരണകൂടത്തിന് കീഴില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുക്കും മുമ്പ് ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കാന്‍ താത്പര്യമുണ്ടെന്ന് നിലവിലെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞിരുന്നു.
‘രാജ്യത്തെ തീവ്രവാദ, വിഘടനവാദ ഘടകങ്ങള്‍ക്ക് കാനഡ ലൈസന്‍സ് നല്‍കിയതാണ് ഇന്ത്യ-കാനഡ ബന്ധത്തിലെ തകര്‍ച്ചയ്ക്ക് കാരണമായത്. പരസ്പര വിശ്വാസത്തിലും ആശയവിനിമയത്തിലും അധിഷ്ഠിതമായി നമ്മുടെ ബന്ധം പുനര്‍നിര്‍മിക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,’ രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു
കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരം മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രിയായ പശ്ചാത്തലത്തിലാണ് വിദേശകാര്യ വക്താവിന്റെ പ്രസ്താവന.
സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങള്‍ വൈവിധ്യവത്കരിക്കുക എന്നതാണ് കാനഡ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ ഇന്ത്യയുമായുള്ള ബന്ധം പുനര്‍നിര്‍മിക്കാന്‍ കാനഡ ആഗ്രഹിക്കുന്നതായും പുതിയ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞിരുന്നു.
2023ല്‍ ബ്രിട്ടീഷ് കൊളംബിയയില്‍വെച്ച് ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുന്നത്. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാരുടെ പങ്കുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.
എന്നാല്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ കാനഡ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും കാനഡ തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞതോടെ പ്രശ്‌നം വഷളാവുകയും ഇരു രാജ്യങ്ങളും അവരുടെ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കുകയും ചെയ്തു.
തുടര്‍ന്ന് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നതില്‍ തനിക്ക് ഇന്റലിജന്‍സ് വിവരം മാത്രമേയുള്ളൂവെന്നും തെളിവുകള്‍ ഇല്ലെന്നും മുന്‍ പ്രധാനമന്ത്രി ട്രൂഡോ സമ്മതിച്ചിരുന്നു.
Content Highlight: The reason for the deterioration in India-Canada relations is that Canada has given a license to terrorists, says the Ministry of External Affairs