Kerala News
വാര്‍ത്താസമ്മേളനം മാറ്റിവെക്കാന്‍ കാരണം പറഞ്ഞത് പി.വി. മോഹനന്റെ അപകടം; മോഹനനെ കാണാന്‍ സുധാകരനോ സതീശനോ എത്തിയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 21, 02:52 am
Tuesday, 21st January 2025, 8:22 am

തിരുവനന്തപുരം: സംയുക്ത വാർത്ത സംമ്മേളനം മാറ്റിവെക്കുന്നതിന് കെ.പി.സി.സി കാരണമായി പറഞ്ഞത് എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനന്റെ അപകടമായിരുന്നു. എന്നാൽ മോഹനനെ കാണാൻ വാർത്താ സമ്മേളനം നടത്തേണ്ടിയിരുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോ എത്തിയിട്ടില്ല.

അതോടെ പി.വി. മോഹനന്റെ അപകടം മൂലം മാറ്റിവെച്ച സമ്മേളനം എന്ന് നടത്തും എന്നത് അനിശ്ചിതത്വത്തിലാണ് . സമ്മേളനം എന്ന് നടത്തും എന്നതിൽ കൃത്യമായ മറുപടി നേതാക്കൾക്കില്ല. കെ.പി.സി.സി അധ്യക്ഷൻ കണ്ണൂരിലാണ് അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ തിരുവനന്തപുരത്താണ്.

ഇനിയെന്നാണ് ഐക്യ സന്ദേശം നൽകാനുള്ള വാർത്താസമ്മേളനം നടക്കുക എന്നതിൽ വ്യക്തതയില്ല. ഐക്യ സന്ദേശം നൽകാനുള്ള വാർത്താ സമ്മേളനം എന്ന് പറയുമ്പോഴും വലിയ രീതിയിൽ അനൈക്യം തുടരുകയാണ്. ഇന്നലെ കോൺഗ്രസ് നേതാവ് ദീപ ദാസ് മുൻഷി നേതാക്കളെ ഒറ്റക്ക് ഒറ്റക്ക് കണ്ടപ്പോൾ ബഹുഭൂരിപക്ഷം പേരും ആവശ്യപ്പെട്ടത് നേതൃത്വ മാറ്റമാണ്. കെ.പി.സി.സി പ്രസിഡന്റിനെ ഉൾപ്പടെ മാറ്റണമെന്നാണ് നേതാക്കളുടെ ആവശ്യം. പലരും സമ്പൂർണ പുനസംഘടന എന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് ഇന്നലെ രാത്രി വൈകിയാണ് ദീപ ദാസ് മുൻഷിയെ കണ്ടത്. ഉചിതമായ തീരുമാനം ഹൈക്കമാന്റ് എടുക്കണം എന്നതാണ് വി.ഡി. സതീശന്റെ നിലപാട്.

ഈ കാര്യത്തിൽ ഒരു സമവായം കേരളത്തിൽ തന്നെ ഉണ്ടാവേണ്ടതുണ്ട് എന്നാണ് ദീപ ദാസ് മുൻഷി ഹൈക്കമാന്റിനോട് അഭിപ്രായപ്പെട്ടിരിക്കുന്നത്. നേരത്തെ പലനേതാക്കളെയും നേതൃസ്ഥാനത്തേക്ക് ദൽഹിയിൽ നിന്ന്  കൊണ്ടുവന്നിരുന്നു. അത് വലിയ പ്രതിഷേധത്തിന് കാരണമായതിനാൽ ഇത്തവണ അത്തരം നീക്കങ്ങൾ ഒന്നും ഉണ്ടാവില്ലെന്നാണ് സൂചന. പകരം കേരള കോൺഗ്രസ് നേതാക്കൾ തന്നെ ഒരു സമവായ പേര് മുന്നോട്ട് വെക്കണമെന്നാണ് ദീപ ദാസ് മുൻഷി മുന്നോട്ട് വെച്ചിരിക്കുന്ന അഭിപ്രായം.

ഈ ചർച്ച ഇനിയും തുടരും അതിന് ശേഷമായിരിക്കും ഹൈക്കമാന്റ് പുനഃസംഘടനയിൽ അധ്യക്ഷനെയുൾപ്പടെയുള്ളവരെ മാറ്റണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക.

കഴിഞ്ഞ ദിവസമാണ് എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനൻ അപകടത്തിൽ പരിക്കേറ്റത്. പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം ഉണ്ടായത്. കെ.പി.സി.സി രാഷ്‌ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.

 

Content Highlight: The reason for postponing the press conference was given by PV. Mohan’s accident; Neither Sudhakaran nor Satheesan came to meet Mohan