ഇമ്പിരിക്കല്‍ ഡാറ്റയും അനിക്‌ഡോട്ടല്‍ ഡാറ്റയുമൊക്കെ ഉദ്ധരിച്ച് വെറുപ്പിക്കുന്നില്ല, മലയാറ്റൂരിന്റെയും എം.കെ.കെ നായരുടെയും ബാബു പോളിന്റെയുമൊക്കെ സര്‍വീസ് സ്റ്റോറികള്‍ വായിച്ച ഓര്‍മയില്‍ പറയാം, എണ്‍പതുകളുടെ തുടക്കം വരെ കേരളത്തില്‍ ഐ.എ.എസുകാരെന്ന് പറഞ്ഞാല്‍ ക്രിസ്ത്യാനികളും നായന്മാരും മാത്രമായിരുന്നു. വല്ലപ്പോഴും വല്ല ഈഴവനോ മുസ്‌ലിമോ ദളിതനോ ഫൂട് നോട്ടായി വരും.
ഇത് തന്നെയായിരുന്നു മറ്റുദ്യോഗങ്ങളിലും സ്ഥിതി. ജഡ്ജിമാര്‍, വക്കീലന്‍മാര്‍, വകുപ്പ് സെക്രട്ടറിമാര്‍, തഹസില്‍ദാര്‍മാര്‍, വില്ലജ്/പോലീസ് ഓഫീസര്‍മാര്‍ തുടങ്ങി എല്ലായിടത്തും. സര്‍വീസ് സ്റ്റോറികള്‍ വായിക്കാന്‍ താല്പര്യമില്ലാത്തവര്‍ പഴയ സിനിമകള്‍ കണ്ടാലും മതി. കൊടി വെച്ച അംബാസഡര്‍ കാറില്‍ അല്ലെങ്കില്‍ കൊടി വെക്കാത്ത പ്രീമിയര്‍ പദ്മിനി കാറില്‍ നായന്മാരും ക്രിസ്ത്യാനികളും. ഡോര്‍ തുറന്നു പിടിക്കാനും കോമഡി കാണിക്കാനും മുസ്‌ലിങ്ങളും, അടുക്കളക്കാരിയായി ജാനുവും ഇതായിരുന്നു കോമ്പിനേഷന്‍.
ഇതൊക്കെ ആരെങ്കിലും എന്തെങ്കിലും ഗൂഢാലോചന നടത്തിയതിന്റെ ഫലമായിരുന്നില്ല, അന്നൊക്കെ വിദ്യാഭ്യാസമുണ്ടായിരുന്നത് നായന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമായിരുന്നു. അതിന്റെ ഗുണഫലം അവര്‍ അനുഭവിച്ചു, അത്ര തന്നെ. അതിന് അവരെ പറ്റി ആരും അന്ന് കുറ്റം പറഞ്ഞിട്ടില്ല, ആദരിച്ചിട്ടേ ഉള്ളൂ.
ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നായിരുന്നു അക്കാലത്ത് മുസ്‌ല്യാക്കന്മാര്‍ സാധാരണ മുസ്‌ലിങ്ങളെ പഠിപ്പിച്ചിരുന്നത്. ബ്രിട്ടീഷുകാരുമായി നിരന്തരം പടവെട്ടിയ ഒരു സമുദായം എന്ന നിലക്ക് ചരിത്രപരമായ ഒരു പ്രതിരോധമായി വന്നതാവാം അത്തരം കാഴ്ചപ്പാടുകള്‍. കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ ചതുര്‍ഥിയായിരുന്നു, മദ്രസകളിലായിരുന്നു പഠനം, അതും അറബി മലയാളത്തില്‍. പെണ്‍കുട്ടികളെ മദ്രസകളില്‍ പോലും അയക്കാറില്ലായിരുന്നു. സ്വാതന്ത്ര്യം കിട്ടി പത്തു മുപ്പത് കൊല്ലം ഒരു ഉദ്യോഗത്തിലും മുസ്‌ലിങ്ങള്‍ക്ക് കയറി പറ്റാനായില്ല. ആരും നടത്തിയ ഗൂഢാലോചനയല്ല, അതങ്ങനെയൊക്കെയായിരുന്നു. ചരിത്രം ഇഴകീറി ഗൂഢാലോചനകള്‍ കണ്ടെത്തുന്നത് മണ്ടന്മാരുടെ ജോലിയാണ്.
അതിനിടക്ക് ലോകം കാണാന്‍ അവസരം ലഭിച്ച ചില മുസ്‌ലിങ്ങളുടെ മക്കള്‍, പ്രത്യേകിച്ച് പണ്ട് കാലത്ത് സിങ്കപ്പൂര്‍, സിലോണ്‍, ബര്‍മ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ജോലിക്ക് പോയ മുസ്‌ലിം കുടുംബങ്ങളിലെ ചിലര്‍ വിദ്യാഭ്യാസം നേടി അപൂര്‍വം ഉദ്യോഗങ്ങളില്‍ എത്തി. ചിലര്‍ അറബി പഠിച്ചു അറബിക് മുന്‍ഷിമാരായി. ഇവരുടെ കൂടെ കുറച്ചു പ്യൂണ്‍മാരെയും ഡ്രൈവര്‍മാരെയും കൂട്ടിയാല്‍ തീര്‍ന്നു മുസ്‌ലിം പ്രാധിനിത്യം.
എഴുപതുകള്‍ മുതലാണ് ഉന്നത വിദ്യാഭ്യാസം അനിവാര്യമാണെന്ന ചിന്ത മുസ്‌ലിങ്ങളില്‍ കാര്യമായി ഉണ്ടാകുന്നത്, പ്രത്യേകിച്ച് ഗള്‍ഫ് കുടിയേറ്റം ആരംഭിച്ചതിന് ശേഷം. അതിന് മുമ്പ് പഠിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല എന്ന കാര്യം മറക്കുന്നില്ല, പരമ ദരിദ്രരായിരുന്നു കേരളത്തിലെ മുസ്‌ലിങ്ങള്‍.
എഴുപതുകളിലെ ഗള്‍ഫ് കുടിയേറ്റത്തിനു ശേഷമാണ് മുസ്‌ലിങ്ങള്‍ മക്കളെ ഉന്നത വിദ്യാഭ്യാസം ചെയ്യിക്കാന്‍ ആരംഭിക്കുന്നത്. എണ്‍പതുകളിലാണ് എഞ്ചിനീയറിംഗ് മെഡിക്കല്‍ കോളേജുകളിലൊക്കെ മുസ്‌ലിം കുട്ടികളെ കാണാന്‍ തുടങ്ങിയത്. തൊണ്ണൂറുകള്‍ മുതല്‍ക്കാണ് വിദ്യാഭ്യാസം മുസ്‌ലിങ്ങള്‍ ഒരു ജിഹാദ് ആക്കി മാറ്റുന്നത്. ലവ് ജിഹാദ് പോലയുള്ള തരികിട ജിഹാദല്ല, ശരിക്കും ജിഹാദ്. എല്ലാ മുസ്‌ലിം സംഘടനകളും, ലീഗ്, ജമാഅത്തെ ഇസ്‌ലാമി, പലവിധ സുന്നികള്‍, പലവിധ മുജാഹിദുകള്‍, കെ.എം.സി.സി, സുഡാപ്പി, മഹല്ല് കമ്മിറ്റി തുടങ്ങിയ എഡ്യൂക്കേഷന്‍ ജിഹാദിന് വേണ്ടി ഗൂഢാലോചന നടത്താത്തതും സാമ്പത്തിക സഹായം ചെയ്യാത്തതുമായ സംഘടനകളില്ല.
തൊണ്ണൂറുകളില്‍ തുടങ്ങിയ സ്വാശ്രയ കോളേജുകള്‍, രണ്ടായിരത്തിന് ശേഷം ആരംഭിച്ച വിദേശ വിദ്യാഭ്യാസ അവസരങ്ങള്‍ എന്നിവ മുസ്‌ലിങ്ങള്‍ ശരിക്കും ഉപയോഗിച്ചു. ഔപചാരിക വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്തവരുടെ മക്കള്‍ക്ക് എന്‍ട്രസ് പാസ്സായി പ്രൊഫഷണല്‍ കോളേജുകളില്‍ എത്താനുള്ള പ്രയാസം സ്വാശ്രയ കോളേജുകളും റഷ്യന്‍, ചൈനീസ്, ജോര്‍ജിയ കോളേജുകളും പരിഹരിച്ചു. രണ്ടാം തലമുറക്കാര്‍ മികച്ച കോച്ചിങ് നേടി എന്‍ട്രന്‍സുകളില്‍ ഉന്നത റാങ്കുകള്‍ നേടാന്‍ തുടങ്ങി. എന്‍ട്രന്‍സ്/പി.എസ്.സി, കോച്ചിങ് സെന്ററുകളെ എഡ്യൂക്കേഷന്‍ ജിഹാദിന്റെ ഭാഗമായി എല്ലാ മുസ്‌ലിം സംഘടനകളും മത്സരിച്ചു പ്രോത്സാഹിപ്പിച്ചു.
എസ്.എസ്.എല്‍.സി കഷ്ടിച്ച് പാസ്സായവര്‍ പോലും എന്‍ജിനീയറോ ഡോക്ടറോ ആകുന്നുണ്ടെന്ന് സമുദായം ഉറപ്പുവരുത്തി. എസ്.എസ്.എല്‍.സി തോറ്റവരെ ഐ.എ.എസ് ട്രെയിനിങ് കൊടുത്തു കലക്ടര്‍മാരാക്കി. ബാക്കിയുള്ളവര്‍ മാഷന്മാരും പ്രൊഫസര്‍മാരുമൊക്കെയായി. ഇതിലൊന്നും പെടാത്തവര്‍ കച്ചവടക്കാരും സംരംഭകരുമൊക്കെയായി. മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ ആണ്‍കുട്ടികളേക്കാള്‍ മുന്നിലായി. പണ്ടൊക്കെ തങ്ങളേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞവരെ മാത്രം കല്യാണം കഴിക്കാന്‍ തയ്യാറായിരുന്ന ചെറുപ്പക്കാരൊക്കെ പ്ലേറ്റ് മാറ്റി, തേങ്ങയെക്കാള്‍ എണ്ണത്തില്‍ കൂടുതലുള്ള ബി-ടെക് കാരൊക്കെ എഫ്.ആര്‍.സി.എ ഡോക്ടര്‍മാരെയും കോളേജ് ലെക്ചര്‍മാരെയും കല്യാണം കഴിക്കുന്ന സ്ഥിതിയായി.
ഈ സമയത്തു തന്നെ ക്രിസ്ത്യാനികളിലും കാര്യമായ മാറ്റങ്ങളുണ്ടായി, നേരെ തിരിച്ചാണെന്ന് മാത്രം. ഫസ്റ്റ് ബോളില്‍ സിക്‌സര്‍ അടിച്ചാണവര്‍ തുടങ്ങിയത്. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് അഡ്മിനിസ്‌ട്രേഷനില്‍ വന്‍ പ്രാധിനിത്യം ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ ആ പ്രാധിനിത്യം മുഴുവന്‍ സ്വതന്ത്ര ഇന്ത്യയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ദിവാന്മാരില്‍ നിന്നും രാജാക്കന്മാരില്‍ നിന്നും പട്ടും വളയും കിട്ടി കൊണ്ടിരുന്ന നായന്മാര്‍ ആ വഴിക്കും എത്തി. കേരളത്തിന്റെ ഭരണയന്ത്രവും സര്‍ക്കാര്‍ സംവിധാനങ്ങളും ഉദ്യോഗങ്ങളും രണ്ടു കൂട്ടരും വീതിച്ചെടുത്തു. മറ്റാരും വെല്ലുവിളിക്കാനില്ലാത്ത സമഗ്രാധിപത്യം. കഠിനാധ്വാനികളായ കുടിയേറ്റക്കാരുണ്ടാക്കിയ കാര്‍ഷിക സമൃദ്ധി കൂടിയായപ്പോള്‍ കേരളത്തിലെ ഏറ്റവും സമ്പത്തും അധികാരവുമുള്ള വിഭാഗമായിട്ടാണ് ക്രിസ്ത്യാനികള്‍ തുടങ്ങിയത്.
എഴുപതുകളുടെ അവസാനം വരെ ഈ സ്ഥിതി തുടര്‍ന്നു. എഴുപതുകളില്‍ തുടങ്ങിയ ഗള്‍ഫ് കുടിയേറ്റം കേരള മുസ്‌ലിങ്ങള്‍ക്ക് സമൃദ്ധിയും പുരോഗതിയും നല്‍കിയപ്പോള്‍ ക്രിസ്ത്യാനികളുടെ കാര്യം തിരിച്ചായി. കഠിനാധ്വാനികളും സ്‌നേഹ സമ്പന്നരുമായ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഏറ്റവും നല്ല നേഴ്സുമാരായി ലോകമെങ്ങും പേരെടുത്തു. അമേരിക്കയിലും കാനഡയിലും ബ്രിട്ടനിലുമൊക്കെയുള്ള ആശുപത്രിക്കാര്‍ നമ്മുടെ സ്വന്തം മാലാഖമാരെ തേടിവന്നു. അവര്‍ അവരുടെ ഭര്‍ത്താക്കന്മാരെ അതതു രാജ്യങ്ങളില്‍ കൊണ്ട് പോയി. കഠിനാധ്വാനികളായ മലയാളി ക്രിസ്ത്യാനികള്‍ അമേരിക്കയിലും കാനഡയിലുമൊക്കെ സ്വത്ത് വാങ്ങിച്ചു കൂട്ടി, കൂടുതല്‍ കുടുംബക്കാരെ അങ്ങോട്ട് കൊണ്ടുപോയി.
ഗള്‍ഫുകാര്‍ നാട്ടിലേക്ക് പണമയച്ചു, നാട്ടില്‍ വീട് വെച്ച്, കുട്ടികളെ നാട്ടില്‍ പഠിപ്പിച്ച് കേരളത്തെ പരിപോഷിപ്പിച്ചപ്പോള്‍ ക്രിസ്ത്യാനികള്‍ അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡും പൗരത്വവും നേടി അവിടെ തന്നെ ജീവിച്ചു. മുസ്‌ലിങ്ങള്‍ക്ക് ക്രിസ്ത്യാനികളെക്കാള്‍ രാജ്യസ്‌നേഹം കൂടിയത് കൊണ്ടൊന്നുമായിരുന്നില്ല ഇത്, ഗള്‍ഫ് ഭരണാധികാരികള്‍ പൗരത്വം കൊടുത്തില്ല, അമേരിക്കക്കാര്‍ കൊടുത്തു, അത്രയേയുള്ളു. മുസ്‌ലിങ്ങള്‍ റാസല്‍ ഖൈമയില്‍ മാസക്കുറി വിളിച്ചു നാട്ടില്‍ സ്ഥലം വാങ്ങിയപ്പോള്‍ ക്രിസ്ത്യാനികള്‍ നാട്ടിലെ സ്ഥലം വിറ്റ് ന്യൂ ജേഴ്‌സിയില്‍ വില്ല വാങ്ങി.
അവരുടെ മക്കള്‍, അതായത് രണ്ടാം തലമുറ ഇന്ത്യന്‍ അമേരിക്കക്കാര്‍ കേരളത്തിലേക്ക് വരുന്നത് അഞ്ചു വര്‍ഷം കൂടുമ്പോളൊരിക്കലായി. അവരുടെ നാടിനെ പറ്റിയുള്ള അറിവ് അച്ഛനമ്മമാരുടെ ബഡായി പറച്ചിലില്‍ ഒതുങ്ങി. മൂന്നാം തലമുറ പൂര്‍ണമായും അമേരിക്കക്കാരായി. കോട്ടയത്തും ഇടുക്കിയിലും തറവാട്ട് വീടുകളില്‍ എഴുപത് കഴിഞ്ഞവര്‍ മാത്രമായി. വൃദ്ധന്മാര്‍ മാത്രമുള്ള വീടുകളില്‍ കള്ളന്മാര്‍ കയറുന്നത് ദീപിക പത്രത്തില്‍ സ്ഥിരം കോളമായി. ഈ വൃദ്ധരുടെ മക്കള്‍, അതായത് മധ്യവയസ്സ് കഴിഞ്ഞ അമേരിക്കന്‍ പൗരന്മാര്‍ അവരുടെ മിഡ്‌ലൈഫ് ക്രൈസിസിനു ആശ്വാസം കിട്ടാന്‍ ഫേസ്ബുക്കിലൂടെ നാട്ടില്‍ വര്‍ഗീയത പരത്തുന്ന പോസ്റ്റിട്ട് ലൈകും ഷെയറും വാരിക്കൂട്ടി.
ഇങ്ങനെ സമ്പത്തിലും കൃഷിയിലും കാര്യമായ ഇടിവ് വരുന്ന അവസരത്തില്‍ തന്നെയാണ് സര്‍ക്കാര്‍ ജോലികളിലേക്കും ബിസിനസ്സിലേക്കുമൊക്കെയുള്ള എഡ്യൂക്കേഷന്‍ ജിഹാദികളുടെ വരവ്, മാത്രമല്ല, ഈഴവരും ദളിതരുമൊക്കെ അവരുടെ രീതിയിലും കാര്യമായി ശ്രമിക്കുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും വെള്ളാപ്പള്ളിയൊക്കെ ഈഴവര്‍ക്ക് ഒരുപാട് വിദ്യാഭാസ സൗകര്യങ്ങള്‍ ചെയ്യുന്നുണ്ട്, അവരും ഒരു വശത്തു കൂടെ കടന്ന് വരുന്നുണ്ട്.
കേരളത്തില്‍ ജീവിക്കുന്ന മിക്കവരുടെയും ഡി.എന്‍.എ ഒന്നാണ്, നൂറ്റമ്പതോ ഇരുന്നൂറോ കൊല്ലം മുമ്പ് മച്ചാനും അളിയനും മച്ചമ്പിയുമൊക്കെയായി കഴിഞ്ഞവരാണ് ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്‌ലിങ്ങളുമൊക്കെ. തലച്ചോറിലൊന്നും വലിയ വ്യത്യാസമൊന്നുമില്ല, എല്ലാവരും കട്ടക്ക് നിക്കും. സംശയമുള്ളവര്‍ക്ക് അമ്പതു ഡോളര്‍ കൊടുത്തു ഡി.എന്‍.എ പരിശോധിപ്പിക്കാം, മൂന്നോ നാലോ തലമുറ മുമ്പുള്ള കുടുംബക്കാര്‍ മുഴുവന്‍ പല മതക്കാരായിരിക്കും. എല്ലാവരും ആഞ്ഞു പിടിച്ചു തുടങ്ങിയത് കൊണ്ട് ഇനിയങ്ങോട്ട് ജനസംഖ്യ അനുസരിച്ചുള്ള പ്രാധിനിത്യമേ സര്‍ക്കാര്‍ ജോലികളിലും സമ്പത്തിലുമൊക്കെ എല്ലാവര്‍ക്കുമുണ്ടാകൂ.
ഇതൊരു പ്രശ്‌നമാണ്, അത് അംഗീകരിക്കാതിരിക്കുന്നത് വിഡ്ഢിത്തമാണ്. സമ്പത്തും അധികാരവുമുള്ളവര്‍ക്ക് അത് കുറഞ്ഞു വരികയും ഇല്ലാത്തവര്‍ക്ക് കൂടി വരികയും, അതില്‍ മതവും ജാതിയുമൊക്കെ കടന്നു വരികയും ചെയ്യുമ്പോള്‍ നാട്ടില്‍ അസ്വസ്ഥതയുണ്ടാകും. രാഷ്ട്രീയക്കാര്‍ അത് പരിഹരിക്കുകയല്ല, അതില്‍ നിന്ന് മുതലെടുക്കുകയാണ് ചെയ്യുക. ഒരു വിഭാഗത്തിന് ആനുകൂല്യം ലഭിക്കുന്നു, മറ്റുള്ളവര്‍ക്ക് ലഭിക്കുന്നില്ല എന്ന് രണ്ടു കൂട്ടരോടും പറഞ്ഞു അവരെ രണ്ടു പേരെയും തമ്മിലടിപ്പിച്ച് നടുക്കു നിന്ന് ചോര കുടിക്കുന്നതാണ് നടപ്പുരീതി. അത് കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ല.
പിതാക്കന്മാരുടെയും സഭകളുടെയും പിറകെ ഇ.ഡിയെ വിട്ട്, നിങ്ങളുടെ സ്വത്തെല്ലാം ഞങ്ങള്‍ പിടിച്ചെടുക്കേണ്ടെങ്കില്‍ കൂടെ നില്‍ക്കണമെന്ന് ഭീഷണിപ്പെടുത്തി, അവരെ കൊണ്ട് മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിക്കുക എന്നതാണ് ബി.ജെ.പി തന്ത്രം. ലീഗുകാരെ കാണിച്ച് ക്രിസ്ത്യാനികളെ പരമാവധി പിരികയറ്റി ഒരു പ്രാവശ്യം കൂടി ഭരിക്കാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സുകാരൊക്കെ ബി.ജെ.പിയില്‍ പോകുമെന്നും രക്ഷയില്ലാത്ത മുസ്‌ലിങ്ങള്‍ തങ്ങള്‍ക്ക് സ്ഥിരമായി വോട്ടു ചെയ്യുമെന്നും അതോടെ ബംഗാളും ത്രിപുരയും ഭരിച്ച പോലെ പത്തു മുപ്പതു കൊല്ലം ഭരിക്കാമെന്നുമാണ് സി.പി.ഐ.എം കണക്കുകൂട്ടല്‍. അഞ്ചോ പത്തോ വര്‍ഷം കൂടെ ഭരിച്ചാല്‍ സി.പി.ഐ.എം നാറുമെന്നും ആ സമയത്ത് അമിത് ഷാ കാശിറക്കി കളിച്ചാല്‍ കേരളം ഭരിക്കാമെന്നുമാണ് ബി.ജെ.പി കണക്കുകൂട്ടല്‍.
ഫാറൂഖ് എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം
ഈ പ്ലാനുകളൊക്കെ വിജയിക്കുമായിരിക്കാം ഇല്ലായിരിക്കാം. പക്ഷെ ഇവര്‍ക്കൊന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ പറ്റില്ല. കേരളത്തില്‍ 14 ജില്ലകളേയുള്ളൂ, അവിടെ 14 കലക്ടര്‍മാരുടെ ഒഴിവേയുള്ളൂ. പി. സി ജോര്‍ജ് പരാതി പറഞ്ഞാലൊന്നും മുസ്‌ലിങ്ങള്‍ ഐ.എ.എസ് എഴുതാതിരിക്കില്ല. കേരളത്തിലെ വില്ലേജ് ഓഫീസുകളുടെയോ പോലീസ് സ്റ്റേഷനുകളുടേയൊ സര്‍ക്കാര്‍ കോളേജുകളുടെയോ സര്‍ക്കാര്‍ ആശുപത്രികളുടെയോ എണ്ണമൊന്നും കാര്യമായി കൂടാന്‍ പോകുന്നില്ല. ഭൂമിയുടെ അളവും കൂടില്ല. ഉള്ളത് എല്ലാവരും വീതിച്ചെടുക്കണം, അത് ആര്‍ക്കും തികയുകയുമില്ല.
മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഒരേപോലെ പുണ്യസ്ഥലങ്ങളായി കരുതുന്ന ഇസ്രാഈലിന്റെയും ജോര്‍ദാന്റെയും നടുക്ക് ഒരു നദിയുണ്ട്, ജോര്‍ദാന്‍ നദി. മലയാളിയെ സംബന്ധിച്ചിടത്തോളം അതൊരു നദിയല്ല, തോട് എന്ന് പറയാം. ഒരു തെങ്ങ് മുറിച്ചു പകുതിയാക്കിയാല്‍ ജോര്‍ദാന്‍ തോടിന് കുറുകെ പാലാമിടാം. അത്രയേയുള്ളൂ. ഈ നദിയിലെ വെള്ളത്തിനായി ഇസ്രാഈലുകാരും ജോര്‍ദാന്‍കാരും നൂറ്റാണ്ടുകളോളം തര്‍ക്കിച്ചു, അടിപിടി കൂടി യുദ്ധം ചെയ്തു. പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോഴാണ് രണ്ടു കൂട്ടര്‍ക്കും ബോധം വന്നത്, ഈ തോട്ടിലെ വെള്ളം കൊണ്ടെന്തു ചെയ്യാനാണ്. അങ്ങനെയാണ് രണ്ടു കൂട്ടരും ചേര്‍ന്ന് ചെങ്കടലിലെയും ചാവുകടലിലെയും വെള്ളമെടുത്തു ലോകത്തിലെ ഏറ്റവും മികച്ച ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിച്ചു ശുദ്ധജലം ഉണ്ടാക്കാന്‍ തുടങ്ങിയത്. ഭാവിയില്‍ രണ്ടു കൂട്ടര്‍ക്കും വെള്ളം കിട്ടാതെ മരിക്കേണ്ടി വരില്ല.
കേരളത്തില്‍ ഇല്ലാത്ത ജോലികള്‍ക്ക് വേണ്ടി ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും അടിപിടി കൂടി കാലം കഴിക്കുന്നതിന് പകരം കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനുതകുന്ന സംരംഭങ്ങള്‍ എല്ലാവരും സഹകരിച്ചു തുടങ്ങണം. തൊഴിലവസരങ്ങളുണ്ടാക്കാന്‍ കഴിവുള്ള പാര്‍ട്ടികളെ മാത്രം വിജയിപ്പിക്കണം. ഉത്തരേന്ത്യയില്‍ കക്കൂസ് കൊടുത്തും, തമിഴ്‌നാട്ടില്‍ ഇഡ്ഡലി കൊടുത്തും വോട്ടു വാങ്ങുന്ന പോലെ കേരളത്തില്‍ സാമ്പാര്‍ കിറ്റ് കൊടുത്തു വോട്ടു വാങ്ങാന്‍ ആരെയും സമ്മതിക്കരുത്. തൊഴില്‍ സൃഷ്ടിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് വോട്ടില്ല എന്ന് തുറന്ന് പറയണം.അക്കാര്യത്തില്‍ എല്ലാവരും അമേരിക്കക്കാരെ അനുകരിക്കണം.
അതല്ലാതെ പത്തോ പതിനഞ്ചോ കൊല്ലം പരിശ്രമിച്ച് കെ.സുരേന്ദ്രനെ മുഖ്യമന്ത്രിയാക്കിയിട്ട് മുസ്‌ലിങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടുന്ന ആനുകൂല്യം ഇല്ലാതാക്കാം എന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. ശരിയാണ്, കോളേജില്‍ പഠിക്കുന്ന കുറച്ച് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് നാന്നൂറ് രൂപ സര്‍ക്കാര്‍ സ്‌റ്റൈപ്പന്‍ഡ് കൊടുക്കുന്നുണ്ട്. ബോയ്ഫ്രണ്ടിന്റെ കൂടെ കോഫി ഷോപ്പില്‍ പോയിരിക്കുമ്പോള്‍ മുട്ട പപ്‌സ് വാങ്ങാനാണ് അവരിപ്പോള്‍ ആ കാശ് ഉപയോഗിക്കുന്നത്. കെ. സുരേന്ദ്രന്‍ മുഖ്യമന്ത്രിയായാല്‍ ഈ മുട്ട പപ്‌സ് അലവന്‍സ് അദ്ദേഹം പിന്‍വലിക്കുമായിരിക്കും. അതില്‍ കൂടുതല്‍ മുസ്‌ലിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല, ക്രിസ്ത്യാനികള്‍ ഒന്നും നേടുകയും ഇല്ല.
നെറ്റ്ഫ്‌ളിക്‌സ് സീരീസിലൊക്കെ രണ്ടു പേര്‍ കണ്ടു മുട്ടുന്നു, കൂടെ താമസിക്കുന്നു, കുട്ടികളുണ്ടാകുന്നു. മുമ്പൊക്കെ രണ്ടോ മൂന്നോ കുട്ടികളായി കഴിയുമ്പോള്‍ മുട്ട് കുത്തി നിന്ന് വില്‍ യു മാരി മി എന്ന് ചോദിക്കുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ല, സെയിം-സെക്‌സ് മാര്യേജ് മാത്രമാണ് നെറ്റ്ഫ്‌ളിക്‌സില്‍ ആകെ കാണുന്ന കല്യാണം. അതും കണ്ടു നടക്കുന്ന കുട്ടികളോടാണ് ലവ് ജിഹാദ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: The reason behind Christian-Muslim conflict is not love jihad but education jihad Farooq writes