| Sunday, 26th November 2023, 2:11 pm

കാതലിലെ ഇന്റിമേറ്റ് സീനുകൾ ഒഴിവാക്കിയത് മനപ്പൂർവം: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാതൽ ദി കോർ സിനിമയിൽ ഇന്റിമേറ്റ് സീനുകൾ ഇല്ലാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജിയോ ബേബി. വ്യത്യസ്തമായ പ്രണയത്തെക്കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നതെങ്കിലും ഒരു ഇന്റിമേറ്റ് സീൻ പോലും സംവിധായകൻ ഉൾപ്പെടുത്തിയിട്ടില്ല. അത് മനപ്പൂർവം വേണ്ടെന്ന് വെച്ചതാണെന്ന് ജിയോ ബേബി പറഞ്ഞു. പരസ്പരം കാണാതെ വർക്ക് ചെയ്യാൻ പറ്റുമെങ്കിൽ അത് നല്ലതല്ലേ എന്ന് മമ്മൂട്ടിയും പറഞ്ഞിരുന്നെന്നും ജിയോ ബേബി കൂട്ടിച്ചേർത്തു. ട്രൂകോപ്പിതിങ്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അത് മനപ്പൂർവം വേണ്ടെന്ന് വെച്ചതാണ്. ആദർശും പോൾസനും ഇത് പറയുന്ന സമയത്ത് ഇവർ തമ്മിലുള്ള ഫ്ലാഷ് ബാക് ഇല്ലെങ്കിൽപോലും പഴയ പല എലമെന്റ്സും ഉണ്ടായിരുന്നു. പിന്നെ നമ്മൾ മൂന്നുപേരും അത് വർക്ക് ചെയ്തു. എനിക്ക് എന്റെ സ്ക്രീൻ സ്പേസിലേക്ക് അത് വന്നാൽ മാത്രമേ അത് ചെയ്യാൻ കഴിയുകയുള്ളൂ. ആദർശും പോൾസനും എന്റെ കൂടെ നിന്നു. നമ്മൾ ഒരുപാട് വർക്ക് ചെയ്തതിനുശേഷം ആണ് മമ്മൂക്കയുടെ അടുത്ത് പോകുന്നത് തന്നെ.

മമ്മൂക്കയും ഇതിൽ ഒരുപാട് ഇൻവോവ്ൾഡ് ആയി. ‘ഇവർ തമ്മിൽ പരസ്പരം കാണാതെ നിങ്ങൾക്ക് വർക്ക് ചെയ്യാൻ പറ്റുമെങ്കിൽ അത് നല്ലതല്ലേ’ എന്ന് മമ്മൂക്ക ചോദിച്ചു. നമുക്കും അങ്ങനെ വർക്ക് ചെയ്യാം. അദ്ദേഹത്തിനും കുറച്ച് ഇൻവോൾവ്മെന്റ് ഉണ്ടായിരുന്നു. ഇന്റർവെൽ സീൻ അങ്ങനെ ആകുന്നത് അദ്ദേഹത്തിന്റെ ഇൻപുട്ട് കൊണ്ടാണ്. നമുക്ക് വേറൊരു ഇന്റർവെൽ ഉണ്ടായിരുന്നു, അതിൽ ഇവർ തമ്മിൽ സംസാരിക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു.

‘നമ്മൾ തമ്മിൽ സംസാരിക്കാതിരുന്നാലോ, ദൂരെ നിന്ന് ഐ കോണ്ടാക്റ്റ് തരുന്ന പരിപാടി ആലോചിച്ചാലോ, അതല്ലേ നല്ലത്. എനിക്ക് അത് ചെയ്യാനാ രസം തോന്നുന്നത്’ എന്ന് മമ്മൂക്ക പറഞ്ഞു. ഇങ്ങനെയൊരു ആലോചന വിഷയം ഇട്ടുതരുമ്പോൾ നമ്മളെ ഭയങ്കരമായിട്ട് അത് ചിന്തിപ്പിക്കുന്നുണ്ട്. ഞാനും ആദർശും പോൾസനും മത്സരിച്ചിരുന്ന് ആലോചനയായിരുന്നു. അങ്ങനെ ആലോചിച്ചാണ് ഇപ്പോഴത്തെ ഇന്റർവെൽ ഉണ്ടാക്കിയിരിക്കുന്നത്.

ഒരുമിച്ച് സിനിമ ചെയ്യുന്നതിന്റെ ബുദ്ധിമുട്ടിലൂടെയും സന്തോഷത്തിലൂടെയും ഞങ്ങൾ കടന്നു പോയിട്ടുണ്ട്. ഇന്റർവെൽ ഉണ്ടാക്കുന്നത് എനിക്ക് നല്ല ഓർമ്മയുണ്ട്. നമുക്ക് മഴയത്ത് ഇവരെ ദൂരെ നിന്ന് നോക്കുന്നത് ചെയ്യാമെന്ന് ഞാൻ പറയുമ്പോൾ ആദർശ് ‘എന്നാൽ നമുക്ക് ഇലക്ഷന്റെ ഒരു ബ്രോഷർ കൊടുക്കാം, ഇവർ പരസ്പരം കണ്ണിൽ നോക്കട്ടെ’ എന്ന് പറഞ്ഞു.

അത് കൊള്ളാം എന്ന് പറയുമ്പോൾ പോൾസൺ വേറൊരു കാര്യം പറയുന്നു. അങ്ങനെ കാർ റിവേഴ്സ് പോകുന്നു. അപ്പോൾ മോളുണ്ടല്ലോ അവളുടെ ഡാൻസിന്റെ ഒരു എഡിറ്റ് ചെയ്ത ഭാഗം വെക്കാം, അങ്ങനെ ഞങ്ങൾ എല്ലാവരും പറഞ്ഞു പണിയെടുത്ത പരിപാടിയാണ്. അതിങ്ങനെ ബിൽഡ് ചെയ്ത് വരുന്നത് നല്ല രസമായിരുന്നു,’ ജിയോ ബേബി പറഞ്ഞു.

Content Highlight: The reason behind avoided the intimate scenes in tha movie kathal the core

Latest Stories

We use cookies to give you the best possible experience. Learn more