| Thursday, 13th June 2024, 8:27 am

ഇന്ത്യക്കെതിരെ അമേരിക്ക വിട്ടുകളഞ്ഞ അഞ്ച് റണ്‍സിന്റെ കാരണം അതായിരുന്നു!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നസാവു ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ആതിഥേയരായ അമേരിക്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു.

സ്ലോ പിച്ചില്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടാനാണ് അമേരിക്കക്ക് സാധിച്ചത്. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 18.2 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയായിരുന്നു അമേരിക്കയുടെ സ്റ്റാര്‍ ബൗളര്‍ സൗരഭ് നേത്രാവല്‍ക്കര്‍ നല്‍കിയത്. ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ വിരാട് കോഹ്‌ലിയെ ഗോള്‍ഡന്‍ ഡെക്കായി പറഞ്ഞയച്ചാണ് താരം വിക്കറ്റ് നേടിയത്. തുടര്‍ന്ന് മൂന്നാമത്തെ ഓവറില്‍ മൂന്നു റണ്‍സിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പുറത്താക്കിക്കൊണ്ട് വമ്പന്‍ സമ്മര്‍ദം ആണ് മുന്‍ ഇന്ത്യന്‍ കളിക്കാരന്‍ നേത്രാവല്‍ക്കാര്‍ ഇന്ത്യയ്ക്ക് നല്‍കിയത്. മൂന്നാമനായി ഇറങ്ങിയ റിഷബ് പന്തിനെ 18 റണ്‍സിന് ബൗള്‍ഡ് ഔട്ട് ആക്കുകയായിരുന്നു അലി ഖാന്‍.

മത്സരത്തില്‍ യു.എസ്.എയ്ക്കെതിരായ റണ്‍ വേട്ടയുടെ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് റണ്‍സ് പെനാല്‍റ്റിയായി ലഭിച്ചിരുന്നു. 76/3 എന്ന നിലയില്‍ ഇന്ത്യ ബാറ്റ് ചെയ്യവെ 30 പന്തില്‍ 35 റണ്‍സായിരുന്നു വിജയിക്കാന്‍ വേണ്ടത്. 15ാം ഓവറിന്റെ തുടക്കത്തില്‍ രണ്ട് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരും സംസാരിച്ച് അമേരിക്കയ്ക്ക് പെനാല്‍റ്റിയായി അഞ്ച് റണ്‍സ് കൊടുക്കുകയായിരുന്നു.

60 സെക്കന്‍ഡിനുള്ളില്‍ മുമ്പത്തെ ഓവര്‍ പൂര്‍ത്തിയാക്കി ഫീല്‍ഡിങ് ടീം പുതിയ ഓവര്‍ എറിയാന്‍ തയ്യാറായിരിക്കണം, ഐ.സി.സിയുടെ ഈ നിയമത്തിന്റെ ലംഘനം മൂന്ന് തവണ ആവര്‍ത്തിച്ചതിനാലാണ് അമേരിക്കയ്ക്ക് അഞ്ച് റണ്‍സ് പിഴ ലഭിച്ചത്. ഈ സാഹചര്യത്തില്‍ ബാറ്റിങ് ടീമിന്റെ സ്‌കോറിലേക്ക് അത് ചേര്‍ക്കപ്പെടും.

ശേഷം സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയതും വിജയത്തിലെത്തിയതും. രണ്ട് സിക്‌സും രണ്ട് ഫോറും അടിച്ചാണ് സൂര്യ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സൂര്യകുമാര്‍ യാദവിന് കൂട്ടുനിന്ന് 31 റണ്‍സ് നേടി ശിവം ദുബെ മികച്ച പ്രകടനവും നടത്തി.

ആദ്യം ബാറ്റ് ചെയ്ത അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കിയാണ് ഇന്ത്യ തുടങ്ങിയത്. അര്‍ഷ്ദീപ് സിങ് ആദ്യത്തെ പന്തില്‍ ഷയാന്‍ ജഹാംഗീറിനെ എല്‍.ബിയിലൂടെ പറഞ്ഞയക്കുകയായിരുന്നു ഇന്ത്യ. ശേഷം ആറാമത്തെ പന്തില്‍ മൂന്നാമന്‍ ആന്‍ഡ്രീസ് ഗോസിനെയും അര്‍ഷ്ദീപ് സിങ്  പറഞ്ഞയച്ചു.

ഓപ്പണര്‍ സ്റ്റീവന്‍ ടൈലര്‍ 24 റണ്‍സിന് അക്‌സര്‍ പട്ടേലും മടക്കി അയച്ചു. ക്യാപ്റ്റന്‍ ആരോണ്‍ ജോണ്‍സിനെ 11 റണ്‍സിന് ഹര്‍ദിക്കും പുറത്താക്കിയതോടെ 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.

Content Highlight: The reason America left five Against India

Latest Stories

We use cookies to give you the best possible experience. Learn more