| Saturday, 11th July 2020, 10:00 pm

പൂന്തുറയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്, ഇനിയെന്താണ് പരിഹാരം?

കവിത രേണുക

തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശമായ പൂന്തുറയില്‍ കൊവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിച്ചു വന്നതും തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ നടപടികളും ഇതിനിടയില്‍ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതിഷേധങ്ങളുമെല്ലാം നിരവധി ആശങ്കകള്‍ക്കും ഒപ്പം ഏറെ വിവാദങ്ങള്‍ക്കും കാരണമായിരുന്നു. കേരളത്തില്‍ കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം തദ്ദേശീയരായ ജനങ്ങള്‍ സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത് പൂന്തുറയില്‍ മാത്രമാണ്.

പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് നടന്നുകഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. പ്രദേശത്ത് കൊവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ കമാന്‍ഡോകളെ വിന്യസിച്ചതും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തീരപ്രദേശമായ ഇവിടെ കൊവിഡ് വ്യാപിക്കുന്നത് വലിയ തോതിലുള്ള ആശങ്കകള്‍ക്കിടയാക്കുന്നുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും ഒരേപോലെ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

മാണിക്യവിളാകം, ബീമാപ്പള്ളി, ചെറിയമുട്ടം, കുമരിച്ചന്ത എന്നീ പ്രദേശങ്ങളുള്‍പ്പെടുന്നതാണ് പൂന്തുറ മേഖല. ബഹുഭൂരിപക്ഷവും മത്സ്യത്തൊഴിലാളികള്‍ വസിക്കുന്ന പ്രദേശമാണിത്. കൊവിഡ് വ്യാപനം വലിയ രീതിയിലുള്ള ആശങ്കകളാണ് പ്രദേശത്ത് സൃഷ്ടിച്ചിരിക്കുന്നത്. മത്സ്യ ബന്ധനത്തിന് പുറത്ത് പോയവരിലൂടെയാണ് ഇവിടെ കൊവിഡ് പടര്‍ന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അത് യാഥാര്‍ത്ഥ്യമല്ലെന്ന് പ്രദേശവാസികളും പറയുന്നു.

എന്താണ് പൂന്തുറയില്‍ സംഭവിച്ചത്?

പൂന്തുറ മേഖലയില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കുമരിച്ചന്ത- പുത്തന്‍പള്ളി ഭാഗങ്ങളിലാണ്. ഇത് കടല്‍ത്തീരത്ത് നിന്നും കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും അകലെയുള്ള കോവളം -ബൈപാസ് റോഡിനോട് ചേര്‍ന്നുള്ള സ്ഥലമാണ്. തമിഴ്‌നാടില്‍ നിന്നും വന്‍തോതില്‍ മീന്‍ കൊണ്ടുവരുന്ന പ്രദേശത്തെ ഒരു മത്സ്യവാപാരിയില്‍ നിന്നും കുമരിച്ചന്ത മാര്‍ക്കറ്റ് വഴി മീന്‍ വാങ്ങിയ പ്രദേശത്തെ മീന്‍കച്ചവടക്കാരായ സ്ത്രീകള്‍ക്കും പിന്നീട് അവരുടെ കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകിരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ഈ മത്സ്യവ്യാപാരിയുമായുള്ള സമ്പര്‍ക്കമാവാം പ്രദേശത്തെ കൊവിഡ് വ്യാപനത്തിന്റെ തുടക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊവിഡ് വ്യപാനം നിയന്ത്രിക്കുന്നതിനായി പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചത് മുതല്‍ നിരവധി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യ വിദഗ്ധരുടെയും സര്‍ക്കാരിന്റെയും നിയന്ത്രണങ്ങള്‍പ്പുറത്തേക്ക് സ്ഥിതിഗതികള്‍ മാറിയപ്പോഴാണ് കമാന്‍ഡോകളെ വിന്യസിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലറങ്ങിയത് കൂടുതല്‍ പ്രതിസന്ധികള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.

കമാന്‍ഡോകളെ വിന്യസിച്ചത് പൊതുവില്‍ രണ്ടു രീതിയിലുള്ള ചര്‍ച്ചകളാണ് സൃഷ്ടിച്ചത്. ഒരുഭാഗത്ത് കമാന്‍ഡോകളെ ഇറക്കിയത് ഈ ഘട്ടത്തില്‍ ആവശ്യമായിരുന്നുവെന്നും മറുഭാഗത്ത് പ്രദേശവാസികളുടെ മാനസിക നിലയെപോലും കണക്കിലെടുക്കാതെ ഒരു സുപ്രഭാതത്തില്‍ കമാന്‍ഡോകളെ വിന്യസിച്ചത് നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമായെന്നുമാണ് ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍.

തീരദേശ വാസികളുടെ സാമൂഹിക സാഹചര്യം, ജീവിത പശ്ചാത്തലം, അവരുടെ സംസ്‌കാരം, ഇടം എന്നിവ മനസിലാക്കാതെയാണ് ഇത്തരത്തിലുള്ള ഒരു നടപടി സര്‍ക്കാര്‍ കൈകൊണ്ടതെന്ന് പ്രദേശവാസിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ജോണ്‍സണ്‍ ജാമെന്റ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘എല്ലാ വിഭാഗങ്ങളെയും പോലെ തീരദേശ വാസികള്‍ക്കും അവരുടെതായ തനത് സവിശേഷതകളുണ്ട്. അതാണ് അവരുടെ ശക്തി. ഇത് നമ്മള്‍ കഴിഞ്ഞ പ്രളയത്തില്‍ നേരിട്ട് കണ്ടതുമാണ്. പെട്ടെന്നൊരു സാഹചര്യത്തില്‍ പൊലീസിനെ കൊണ്ടു വരുമ്പോള്‍ അവരെന്തോ ഒരു കുറ്റകൃത്യം ചെയ്യുന്നതുപോലെ നമ്മള്‍ കാണുന്നു എന്നായി മാറും. പട്ടാളവും പൊലീസും വരുമ്പോള്‍ അവര്‍ സ്വാഭാവികമായും ചോദിക്കുന്നത് തങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്, എന്തിനാണ് ഇവര്‍ വരുന്നതെന്നുമൊക്കെയാണ്.

പ്രദേശവാസികള്‍ അടങ്ങിയിരിക്കുന്നില്ല, പൊലീസ് പറയുന്നത് കേള്‍ക്കുന്നില്ല എന്നുള്ള വാദങ്ങളാണ് കമാന്‍ഡോയെ വിന്യസിച്ചതുമായി ബന്ധപ്പെട്ട് അധികാരികള്‍ നല്‍കുന്ന വിശദീകരണം. പക്ഷെ നാട്ടുകാരുടെ ആവശ്യം ഇതൊന്നുമല്ല. പലയിടങ്ങളിലും അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ കിട്ടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.’ ജോണ്‍സണ്‍ പറയുന്നു.

പൂന്തുറ നിവാസികളിലുള്ള ആശയക്കുഴപ്പമാണ് പരിഹരിക്കപ്പെടേണ്ടത്

പൂന്തുറ നിവാസികള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് ഭക്ഷണത്തിന് വേണ്ടിയാണെന്നും നിലവില്‍ വലിയ പ്രതിസന്ധിയാണ് പ്രദേശ വാസികള്‍ അനുഭവിക്കുന്നതെന്നും ജോണ്‍സണ്‍ പറയുന്നു.

‘ആദ്യം അന്വേഷിക്കേണ്ടത് തീരവാസികള്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടോ, അവര്‍ ഏത് സാഹചര്യത്തിലാണ് ജീവിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ്. അത് കഴിഞ്ഞിട്ടാണ് നമ്മള്‍ കമാന്‍ഡോകളെ കൊണ്ട് വരികയും മറ്റും ചെയ്യേണ്ടത്. അടിസ്ഥാനപരമായ അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാതെ പോയതാണ് ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം.

അതുപോലെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആയിരം മാസ്‌കുകള്‍ പൂന്തുറയില്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അവിടെ പലര്‍ക്കും മാസ്‌ക് കിട്ടിയിട്ടില്ല. പ്രദേശവാസികള്‍ രാവിലെ ഭക്ഷണം വാങ്ങാന്‍ പോയപ്പോള്‍ അവര്‍ക്ക് കൊവിഡുണ്ടെന്ന് പറഞ്ഞ് ഭക്ഷണം നല്‍കാത്ത സ്ഥിതിയുമുണ്ടായി.

കൊവിഡ് ടെസ്റ്റ് നടത്താത്ത പ്രദേശത്തെ ഒരു വൈദികന്റെ പേര് കൊവിഡ് സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ വന്നിരുന്നു. ടെസ്റ്റിന് പോകാത്ത ആളുകളുടെ പേര് പോസിറ്റീവ് ആയവരുടെ ലിസ്റ്റില്‍ വരുന്ന സ്ഥിതിയുണ്ടായി. ഇത്തരത്തിലുള്ള നിരവധി ആശയക്കുഴപ്പങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. അത് ദുരീകരിക്കാതെ കമാന്‍ഡോകളെ വിന്യസിച്ചതുകൊണ്ട് കാര്യമില്ല. ഇവിടെ നടക്കുന്ന പ്രതിസന്ധി തടയാനാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തെത്തിയ ഡോക്ടര്‍മാരോടും ഡെപ്യുട്ടി കളക്ടറോടും ഞങ്ങള്‍ ആവശ്യപ്പെട്ടത്,’ ജോണ്‍സണ്‍ പറയുന്നു.

ഇവിടെ ആരോഗ്യ പ്രവര്‍ത്തകര്‍ എന്താണ് ചെയ്യുന്നത്? എത്ര പേര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ കൊവിഡുള്ളത്? അതില്‍ എല്ലാവരും ടെസ്റ്റ് ചെയ്തവരാണോ? ആ ടെസ്റ്റ് എങ്ങനെയാണ് ചെയ്തത്? ആ ടെസ്റ്റ് റിസള്‍ട്ടില്‍ പോസിറ്റീവ് ആയവര്‍ എത്രപേരുണ്ട്? എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വ്യക്തമാക്കി കൊടുക്കണമെന്നും ജോണ്‍സണ്‍ പറഞ്ഞു.

ടെസ്റ്റുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍

പൂന്തുറയില്‍ നടന്ന കൊവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട് ആളുകള്‍ക്ക് നിരവധി സംശയങ്ങളാണ് നിലനില്‍ക്കുന്നതെന്നും ജോണ്‍സണ്‍ പറയുന്നു.

‘ആന്റിജന്‍ ടെസ്റ്റ് കഴിഞ്ഞവരെ നാലു ആശുപത്രികളിലായാണ് പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ആശുപത്രിയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കൊവിഡുണ്ടോ എന്ന് സംശയിക്കുന്നവരെ കൊണ്ട് പോകുന്നത് ആംബുലന്‍സിലാണ്. അതായത് 7-8 പേരൊക്കെ ഒരു ആംബുലന്‍സില്‍ ഉണ്ടാകും. ഇതില്‍ യഥാര്‍ത്ഥത്തില്‍ കൊവിഡ് ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകും. ഇത് കൊവിഡ് ഇല്ലാത്തവരില്‍ കൊവിഡ് വ്യാപനത്തിനിടയാക്കും.

ടെസ്റ്റ് കഴിഞ്ഞ് കൊവിഡ് പോസിറ്റീവ് ആണെന്ന് വരുന്നു. പക്ഷെ ഇതില്‍ എല്ലാവരും പോസിറ്റീവാണോ എന്നതില്‍ ഇവര്‍ക്ക് സംശയമുണ്ട്. നാട്ടുകാരുടെ സംശയം ദുരീകരിക്കാന്‍ സര്‍ക്കാര്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

കൊവിഡ് സ്ഥിരീകരിക്കുന്നതില്‍ പലര്‍ക്കും യാതൊരു ലക്ഷണങ്ങളുമില്ല, അപ്പോള്‍ എല്ലാവരെയും പോലെ തങ്ങള്‍ക്ക് കൊവിഡില്ല എന്നാണ് ഇവരില്‍ പലരും കരുതുന്നത്. ഇതിന്റെ ശാസ്ത്രീയ വശം മറ്റൊന്നായിരിക്കാം. പക്ഷെ അത് ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ സംശങ്ങയള്‍ തീര്‍ത്തു കൊടുക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് ചെയ്യാതെ കമാന്‍ഡോകളെ കൊണ്ടു വരുമ്പോള്‍ നാട്ടുകാര്‍ പരിഭ്രാന്തരാവും. അത് സ്വാഭാവികമാണ് ‘ ജോണ്‍സണ്‍ പറയുന്നു.

അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടി ആവശ്യമായേക്കാം എന്നും അഭിപ്രായം

നിലവിലെ സാഹചര്യങ്ങളെ മറികടക്കാന്‍ പൊലീസിനു പോലും പറ്റാത്ത ഘട്ടത്തില്‍ കമാന്‍ഡോകളെ കൊണ്ട് വരുന്നതില്‍ തെറ്റില്ല എന്നാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും പുല്ലുവിള സ്വദേശിയുമായ സിന്ധു നെപ്പോളിയന്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഏതുവിധേനയും സ്ഥലത്തെ സാഹചര്യം നിയന്ത്രണ വിധേയമാക്കുകയാണ് ചെയ്യേണ്ടതെന്ന് സിന്ധു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘കമാന്‍ഡോകളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷെ അത്തരമൊരു നിലപാട് എനിക്കില്ല. ആ അഭിപ്രായത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. പട്ടാളത്തെ ഇറക്കിയാല്‍ മാത്രമേ ഇവിടുത്തെ ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കൂ എന്ന് കരുതുന്നത് തീരദേശ ജനതയോടുള്ള വംശീയ സമീപനമാണ് എന്ന അഭിപ്രായവും ഉയരുന്നുണ്ട്. നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ചുറ്റളവ് മാത്രമുള്ള ഒരു സ്ഥലത്ത് മാത്രം ഇതിനകം ഇരുന്നൂറിലധികം ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതുപോലെ കൊവിഡ് വ്യാപിച്ച സ്ഥലം നിലവില്‍ കേരളത്തിലെവിടെയുമില്ല. അസാധാരണ സാഹചര്യമുണ്ടാവുമ്പോള്‍ അസാധാരണ നടപടിയെടുക്കുക എന്നുള്ളതാണ്. നിലവില്‍ പൂന്തുറയിലെ കൊവിഡ് വ്യാപനം കുറച്ചു കൊണ്ടു വരിക, മരണങ്ങള്‍ ഇല്ലാതാക്കുക എന്നിവയാണ് നമുക്ക് ചെയ്യേണ്ടത്. അതിന് എന്തൊക്കെ നടപടികള്‍ എടുക്കാന്‍ സാധിക്കുമോ അതൊക്കെ എടുക്കണമെന്നാണ് വ്യക്തിപരമായി ഞാന്‍ അഭിപ്രായപ്പെടുന്നത്,’ സിന്ധു പറയുന്നു.

അധികൃതരുടെ അശ്രദ്ധയും മുന്‍കരുതല്‍ നടപടികളും

പൂന്തുറയില്‍ കൊവിഡ് സ്ഥിരീകരിച്ചുകൊണ്ടിരുന്ന ഘട്ടങ്ങളില്‍ അധികൃതരും മറ്റും വേണ്ടത്ര പ്രാധാന്യം നല്‍കാത്തതാണ് സ്ഥിതി ഇത്രയ്ക്ക് വഷളാവാന്‍ കാരണമെന്നും സിന്ധു പറഞ്ഞു.

‘അടിസ്ഥാനപരമായി പൂന്തുറയില്‍ നാട്ടുകാര്‍ക്ക് ചെയ്തുകൊടുക്കേണ്ടിയിരുന്ന കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. ജൂണ്‍ മാസത്തില്‍ തന്നെ ഇവിടെയുള്ള പല പ്രദേശങ്ങളിലും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ടായിരുന്നു. അന്നൊന്നും ഇതിനെ ഗൗരവത്തോടെ കാണാതിരുന്നതിന്റെ പ്രത്യാഘാതമാണ് നിലവില്‍ പൂന്തുറ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇനി കമാന്‍ഡോകളെ ഒഴിവാക്കിയെന്നിരിക്കട്ടെ, പക്ഷെ സ്ഥിതി ഇത്രയും മോശമായ ഒരു സാഹചര്യത്തില്‍ എങ്ങനെയാണ് പൂന്തുറയെ കൈകാര്യം ചെയ്യാന്‍ പോകുന്നത്?

ധാരാവിയില്‍ കൊവിഡ് പടരാതിരിക്കാന്‍ എടുത്ത നടപടികളൊക്കെ ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. പക്ഷെ മുംബൈയില്‍ കൊവിഡ് വ്യാപനം അത്രയും മോശം സ്ഥിതിയില്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ധാരാവിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ധാരാവിയില്‍ കൊവിഡ് വ്യാപിച്ചു കഴിഞ്ഞാല്‍ സ്ഥിതി ഇതിലും രൂക്ഷമാവുമെന്നുള്ളത് ഉറപ്പാണ്. അതാണ് അവര്‍ നേരത്തെ ചെയ്ത് പോന്നത്. പക്ഷെ പൂന്തുറ എന്ന തീരദേശത്ത് കൊവിഡ് സ്ഥിരീകരണം വന്നുതുടങ്ങുമ്പോഴും അത്ര തന്നെ ആരും കാര്യമായി എടുത്തിട്ടില്ല. അന്ന് വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാതെ ധാരാവിയില്‍ ചെയ്ത പോലൊരു നടപടി ഇപ്പോള്‍ എടുക്കണമെന്ന് പറഞ്ഞാല്‍ എത്രതന്നെ പ്രായോഗികമാകുമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കമാന്‍ഡോകളെ വെച്ചെങ്കിലും ഇതിനെ നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്,’ സിന്ധു വിശദീകരിച്ചു.

ജനങ്ങളുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമോ?

പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് എന്നത് ആരോപണം മാത്രമാണെന്നും അവിടെ കൊവിഡ് രോഗികളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുകയാണെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. പൂന്തുറയിലെ ജനങ്ങള്‍ക്കിടയില്‍ കൊവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന തരത്തിലുള്ള ആരോപണങ്ങള്‍ വരെ ഉയരുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തിയോ എന്ന് ഈ ഘട്ടം കഴിഞ്ഞിട്ട് നമ്മള്‍ പരിശോധിക്കേണ്ടതുണ്ടെന്നും സിന്ധു അടക്കമുള്ള പ്രദേശവാസികള്‍ പറയുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും ഇത് ആവര്‍ത്തിക്കുന്നു.

പൂന്തുറയില്‍ കഴിഞ്ഞ ദിവസമുണ്ടായ ജനങ്ങളുടെ പ്രതിഷേധം കരുതിക്കൂട്ടി ഉണ്ടായതല്ല എന്നാണ് പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലര്‍ പീറ്റര്‍ സോളമന്‍ ഡൂള്‍ന്യുസിനോട് പറഞ്ഞത്. പ്രദേശത്തേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തുന്നത് നാലു ദിവസമായി വിലക്കിയിരിക്കുകയാണെന്നും ഭക്ഷണം കിട്ടാതെ വലയുന്ന ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോയപ്പോഴാണ് ജനം തെരുവിലിറങ്ങിയതെന്നും പീറ്റര്‍ പറയുന്നു. കഴിഞ്ഞ ദിവസത്തെ ബഹളങ്ങളില്‍ യാതൊരു രാഷ്ട്രീയ കളികളും നടന്നിട്ടില്ലെന്നാണ് പീറ്റര്‍ പറയുന്നത്.

‘പൂന്തുറയില്‍ നാലു ദിവസമായി ഭക്ഷണ സാധനങ്ങള്‍ വരുന്നില്ല. ഇവിടെയുള്ള കടകള്‍ തുറക്കാന്‍ സമ്മതിക്കുന്നില്ല. പാലുപോലും കടത്തി വിടുന്നില്ല. പുറത്ത് നിന്നൊരു വാഹനങ്ങളും കടക്കുന്നുമില്ല. ആളുകള്‍ ഗതികെട്ട് നിരത്തിലിറങ്ങിയതാണ്. ആളുകള്‍ സ്വയം സംഘടിച്ചതാണ്. അതിന് ശേഷമാണ് ഇവിടെ പൊതു പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും പൊലീസും ഡെപ്യൂട്ടി കളക്ടറും എത്തിയത്. അതിന് ശേഷമാണ് ഇവിടെ ചെറിയ രീതിയിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച് ഇവിടെ വിവിധ ആശുപത്രികളിലായി കഴിയുന്നവരുണ്ട്. അവര്‍ക്ക് കഴിക്കാന്‍ ഭക്ഷണമോ മാറാന്‍ വസ്ത്രമോ ലഭിക്കുന്നില്ലെന്ന് പരാതി വന്നപ്പോള്‍ വീടുകളില്‍ നിന്ന് കൊണ്ടു കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അതിനും സമ്മതിച്ചില്ല. കൂട്ടത്തില്‍ സ്ത്രീകളടക്കമുള്ളവരുമുണ്ടായിരുന്നു,’ പീറ്റര്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന വലിയ സംഘര്‍ഷങ്ങ സംഭവങ്ങളില്‍ ദുഃഖമുണ്ടെന്നും അത് ഒഴിവാക്കാമായിരുന്ന സംഗതിയായിരുന്നെന്നും ആരോഗ്യ പ്രവര്‍ത്തകരെയടക്കം കയ്യേറ്റം ചെയ്ത സ്ഥിതിയുണ്ടായത് തെറ്റായിപോയെന്നും പീറ്റര്‍ പറഞ്ഞു.

ഗര്‍ഭിണിയായ സ്ത്രീക്ക് ആശുപത്രിയില്‍ സ്‌കാനിംഗ് നിഷേധിക്കുന്ന സ്ഥിതിയുണ്ടായെന്നും ഒരു ആശുപത്രിയിലെ ഡോക്ടര്‍ പൂന്തുറയില്‍ നിന്നുള്ളവരെ പ്രവേശിപ്പിക്കില്ലെന്ന് ബോര്‍ഡ് വെക്കുന്ന സ്ഥിതിയുണ്ടായെന്നും പീറ്റര്‍ ആരോപിക്കുന്നുണ്ട്.

അതേസമയം പൂന്തുറയില്‍ നടന്നത് രാഷ്ട്രീയ പ്രേരിതമായ പ്രതിഷേധം തന്നെയാണെന്നാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം ഉറപ്പിച്ച് പറയുകയും ചെയ്യുന്നു.

‘കേരളത്തില്‍ വ്യാപകമായി തന്നെ ഇത്തരത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കി തെരുവിലറക്കുന്നതിന് ആസുത്രിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് പൂന്തുറയിലും നടന്നത്. ജനസാന്ദ്രത വളരെ കൂടിയ പ്രദേശമാണ് ഇത്. അവിടുത്തെ സാധാരണക്കാരായ ആളുകളെ പരിഭ്രാന്തരാക്കി സര്‍ക്കാറിനെതിരെ തിരിക്കുന്ന ഗൂഢ ശ്രമങ്ങളാണ് നടക്കുന്നത്. യു.ഡി.എഫ് നേതൃത്വം അത്തരമൊരു ഇടപെടലിന് സംഘടിതമായി ശ്രമിച്ചിട്ടുമുണ്ട്. രോഗമില്ലാത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുവെന്ന് കാണിച്ച് കൊവിഡ് രോഗികളുടെ എണ്ണത്തെ പെരുപ്പിച്ച് കാട്ടുന്നുവെന്ന് ജയ്ഹിന്ദ് ചാനലില്‍ ഔദ്യോഗികമായി വാര്‍ത്ത കൊടുത്തിട്ടുണ്ട്. ഇതേ കാര്യം തന്നെയാണ് അവിടുത്തെ ഒരു എം.എല്‍.എയും കോണ്‍ഗ്രസിന്റെ നേതാവും പരസ്യമായി പറയുന്നത്.

കഴിഞ്ഞ ദിവസത്തെ മാതൃഭൂമിയുടെ ചാനല്‍ ചര്‍ച്ചയിലും തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസത്തെ ഏഷ്യാനെറ്റിന്റെ ചര്‍ച്ചയിലും ബി.ജെ.പി നേതാവ് വി.വി രാജേഷ് പറയുന്നത് പൂന്തുറയില്‍ അത്രയധികം പേര്‍ക്ക് കൊവിഡില്ല. അത് പെരുപ്പിച്ച് കാണിക്കുകയാണ് എന്നാണ്. ഇത്തരം പ്രചരണങ്ങള്‍ പ്രാദേശിക തലത്തില്‍ വ്യാപകമായി നടക്കുന്നുണ്ട്.

കൊവിഡ് സാഹചര്യത്തില്‍ ജീവന്‍ പണയം വെച്ച് പണിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്ന നടപടി വരെ കഴിഞ്ഞദിവസമുണ്ടായി. ഇത്തരമൊരു സാഹചര്യത്തില്‍ അവിടുത്തെ കോണ്‍ഗ്രസ് ആയാലും ബി.ജെ.പി ആയാലും ജനങ്ങളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടത്. ഇത് ഒരു നാടിന്റെ പ്രശ്‌നമാകുമ്പോള്‍ അവര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ സാധിക്കുന്നതെങ്ങനെയാണ്,’ എ.എ റഹീം ചോദിക്കുന്നു.

ജനങ്ങള്‍ക്ക് ഭക്ഷണം കിട്ടാത്ത സാഹചര്യമുണ്ടായാല്‍ അതില്‍ ഈ പറയുന്ന ജനപ്രതിനിധികള്‍ നേരിട്ട് ഇടപെട്ട് പരിഹരിക്കാനുള്ള നടപടിയല്ലേ സ്വീകരിക്കേണ്ടതെന്നും റഹീം ചോദിക്കുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ഏത് പാര്‍ട്ടിയായാലും പ്രശ്‌നം വര്‍ധിപ്പിക്കാതെ അതിനെ നേരിടാനുള്ള സാഹചര്യമാണ് കൈക്കൊള്ളേണ്ടത്. പെട്ടന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമ്പോള്‍ കടകള്‍ തുറക്കാനുള്ള ബുദ്ധിമുട്ടുകള്‍ വരും. അത് കൃത്യമായി അധികൃതരിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം എം.എല്‍.എയും കൗണ്‍സിലറുമൊക്കെയടങ്ങുന്ന ജനപ്രതിനിധികള്‍ക്കില്ലേ എന്നും റഹീം ചോദിക്കുന്നു.

പൂന്തുറയില്‍ അധികൃതരും സര്‍ക്കാരും കൈകൊണ്ട നടപടി

തീരപ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചാല്‍ വളരെ വലിയൊരു പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് താനടക്കമുള്ള പലരും നേരത്തെ ഫേസ്ബുക്കിലൂടെയും മറ്റും എഴുതുകയും പറയുകയും ചെയ്തിരുന്നുവെന്ന് സിന്ധു നെപ്പോളിയന്‍ പറയുന്നു. എന്നാല്‍ ഇതിനെ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യവകുപ്പും കാര്യമായ പ്രാധാന്യത്തോടെ സമീപിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അവര്‍ പറഞ്ഞു.

പൂന്തുറയില്‍ കാര്യങ്ങള്‍ കയ്യില്‍ നില്‍ക്കില്ല എന്ന് സര്‍ക്കാരിന് ബോധ്യം വന്നത് ശനിയാഴ്ചയോടുകൂടിയാണ്. ഞായറാഴ്ച തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഈ സാഹചര്യത്തിലാണ്. എല്ലാവരെയും കൊണ്ട്പോയി ടെസ്റ്റ് നടത്തുന്നു. നടത്തുന്നവരില്‍ എല്ലാവര്‍ക്കും കൊവിഡ് സ്ഥിരീകിരിക്കുന്നു എന്നൊക്കെ വരുമ്പോള്‍ ആളുകള്‍ പരിഭ്രാന്തരാവും. ഇതില്‍ എന്തൊക്കെയോ കള്ളക്കളികള്‍ ഉണ്ടെന്ന വാദങ്ങള്‍ വരും. അത് തിരുത്തേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും സിന്ധു പറയുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങള്‍ പരിഹരിക്കാത്ത പക്ഷം ഇത്തരം പ്രവര്‍ത്തികള്‍ വര്‍ധിക്കുമെന്ന് സിന്ധുവും ജോണ്‍സണും ഒരേസ്വരത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more