Advertisement
national news
ശരദ് പവാര്‍ തലപ്പത്തെത്തുമെന്ന പ്രചരണത്തിന് പിന്നില്‍ കര്‍ഷക സമരം തകര്‍ക്കാനുള്ള ശ്രമം? റിപ്പോര്‍ട്ടിന് പിന്നാലെ വ്യക്തത വരുത്തി എന്‍.സി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 11, 04:29 am
Friday, 11th December 2020, 9:59 am

ന്യൂദല്‍ഹി: യു.പി.എയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എന്‍.സി.പി തലവനും മുതിര്‍ന്ന നേതാവുമായ ശരദ് പവാര്‍ എത്തിയേക്കുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി എന്‍.സി.പി.

സോണിയാ ഗാന്ധി വിരമിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പവാര്‍ സ്ഥാനമേറ്റെടുത്തേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് മാധ്യമങ്ങള്‍ നല്‍കിയതെന്നാണ് പാര്‍ട്ടി സംഭവത്തില്‍ പ്രതികരിച്ചത്.

അത്തരമൊരു നിര്‍ദ്ദേശം സംബന്ധിച്ച് യു.പി.എ സഖ്യവുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കുന്നതായി പാര്‍ട്ടി വക്താവ് താപ്‌സെ പറഞ്ഞു.

കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി നിക്ഷിപ്ത താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതായി തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.എ.പി.എയുടെ അധ്യക്ഷസ്ഥാനത്തേക്ക് ശരദ് പവാര്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാഴാഴ്ചയാണ് മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

സോണിയ അധ്യക്ഷസ്ഥാനത്ത് നിന്ന് പിന്മാറിയാല്‍ ആ സ്ഥാനത്തേക്ക് പവാര്‍ എത്തുമെന്നായിരുന്നു പ്രചരണം.

മുന്നണിയുടെ നേതൃത്വത്തില്‍ തുടരുന്നതിനോട് സോണിയ വിമുഖത കാണിച്ചിരുന്നെന്നും എന്നാല്‍ പകരക്കാരനില്ലാത്തതിനാല്‍ മാത്രം സ്ഥാനത്ത് തുടരുകയായിരുന്നു എന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: The Reality behind the talk regarding Sharad Pawar Becoming UPA Chief