മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം; ജന്മഭൂമി-സംഘപരിവാര്‍ വാദം പൊളിയുന്നു; പ്രചാരണം ജലീലിന്റെ പ്രസംഗം വളച്ചൊടിച്ച്; യാഥാര്‍ത്ഥ്യം ഇങ്ങനെ
കോഴിക്കോട്: കേരള സര്‍ക്കാര്‍ മദ്രസകള്‍ക്ക് ഫണ്ട് നല്‍കുന്നുവെന്ന സംഘപരിവാര്‍ വാദം പൊളിയുന്നു. മദ്രസ അധ്യാപകര്‍ക്ക് നല്‍കുന്ന ക്ഷേമനിധിബോര്‍ഡിന്റെ പുതിയ ബില്‍ അവതരിപ്പിക്കുന്ന വേളയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ച് ജന്മഭൂമി പത്രം നല്‍കിയ വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മദ്രസ അധ്യാപകര്‍ക്ക് വേതനം നല്‍കുന്നുവെന്ന് പ്രചരിപ്പിച്ചത്.
എന്നാല്‍ ഇവരുടെ പ്രചരണങ്ങള്‍ക്കെതിരെ നിരവധിപേരാണ് ഇതിന്റെ വസ്തുതകളുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. അതിന് പിന്നാലെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രചരണങ്ങള്‍ പൊളിഞ്ഞത്.
ജന്മഭൂമി പത്രത്തില്‍ കെ.ടി ജലീലിന്റെ പ്രസംഗത്തെ വളച്ചൊടിച്ച് നല്‍കിയ വാര്‍ത്തയില്‍ മദ്രസ അധ്യാപകര്‍ക്ക് 6,000 രൂപമുതല്‍ 25,000 രൂപ വരെ സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്നാണ് പ്രചരിപ്പിച്ചത്.
ക്ഷേത്ര-മതപാഠശാലകളില്‍ ഹൈന്ദവ വിശ്വാസം പഠിപ്പിക്കുന്ന അധ്യാപകന് 500 രൂപ നല്‍കുമ്പോള്‍ മദ്രസ അധ്യാപകര്‍ക്ക് 6000 രൂപയും മറ്റു ആനുകൂല്യങ്ങളും പെന്‍ഷനും നല്‍കുന്നുവെന്നും ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നു.
‘കേരളത്തിലെ മദ്രസ അധ്യാപകരുടെ ക്ഷേമത്തിന് ക്ഷേമനിധി ബില്‍ സര്‍ക്കാര്‍ പാസാക്കി. അവര്‍ക്ക് പെന്‍ഷന്‍ 7500 രൂപയുമാക്കി. ഇതെല്ലാം രാജ്യത്ത് കേരളത്തില്‍ മാത്രമാണെന്നതും സവിശേഷത. ഇതിന് പുറമെ മദ്രസ അധ്യാപകരുടെ ശമ്പളം വളരെ കുറവാണെന്നും അത് യു.പി സ്‌കൂള്‍ അധ്യാപകരുടേതിനു തുല്യമായ തസ്തികയാക്കി ഉയര്‍ത്തണമെന്നും ശമ്പളം പരിഷ്‌കരിക്കണമെന്നുമുള്ള ആവശ്യവും നിയമസഭയില്‍ മുസ്ലിം എം.എല്‍.എമാര്‍ ഉയര്‍ത്തിയപ്പോള്‍ സര്‍ക്കാര്‍ അതിനെതിരെ മുഖം തിരിച്ചില്ല. ശമ്പളം 26,000 രൂപയായി ഉയര്‍ത്തണമെന്നാണ് മുസ്ലിം സംഘടനകളുടെയും മത നേതാക്കളുടെയും ആവശ്യം’- ജന്മഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സമൂഹത്തില്‍ ഇരട്ട ശമ്പളം കൈപറ്റുന്ന അപൂര്‍വ്വം ആളുകളില്‍ ഭൂരിഭാഗമായി മദ്രസ അധ്യാപകര്‍ മാറുകയാണെന്നും രണ്ടു ലക്ഷത്തോളം വരുന്ന മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷനും ശമ്പളവും നല്‍കി മതപഠനത്തിന്റെ പേരില്‍ കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചോര്‍ത്തുന്നതെന്നും ജന്മഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘കേരളത്തില്‍ 21,683 മദ്രസകള്‍ പ്രവര്‍ത്തിക്കുന്നെന്ന് മദ്രാസ അധ്യാപക ക്ഷേമനിധി ബില്‍ പാസാകുന്ന വേളയില്‍ മന്ത്രി കെ.ടി. ജലീല്‍ വ്യക്തമാക്കിയിരുന്നു. ഒരു ജില്ലയില്‍ 1549 മദ്രസകള്‍, ഒരു പഞ്ചായത്തില്‍ ഇരുപത്തിരണ്ടോളം മദ്രസകള്‍. സംസ്ഥാനത്തെ ഒരോ വാര്‍ഡിലും ഒന്നിലധികം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ 2,04,683 മദ്രസ അധ്യാപകര്‍ ഉണ്ട്. രാവിലെ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് മദ്രസ ക്ലാസുകള്‍. അതുകൊണ്ടു തന്നെ അധ്യാപകര്‍ മറ്റു ജോലികള്‍ക്കും പോകുന്നു. സമൂഹത്തില്‍ ഇരട്ടശമ്പളം കൈപറ്റുന്ന അപൂര്‍വം ആളുകളില്‍ ഭൂരിഭാഗമായി മദ്രസഅധ്യാപകര്‍ മാറുകയാണ്.
രണ്ടു ലക്ഷത്തോളം വരുന്ന മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷനും ശമ്പളവും നല്‍കി മതപഠനത്തിന്റെ പേരില്‍ കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചോര്‍ത്തുന്നത്’- ജന്മഭൂമി നല്‍കിയ വാര്‍ത്തയില്‍ നിന്ന്.
ഇതേ വാദവുമായി മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി സെന്‍കുമാറും ഈയിടെ രംഗത്തുവന്നിരുന്നു. 24 ചാനലിന്റെ ‘ജനകീയ കോടതി’ എന്ന പരിപാടിയില്‍ പങ്കെടുക്കവെ ടി.പി സെന്‍കുമാര്‍ പറഞ്ഞത് മദ്രസയില്‍ മതം പഠിപ്പിക്കാനായി കോടികള്‍ സര്‍ക്കാര്‍ ചെലവാക്കുന്നുവെന്നും 20,7000ത്തോളം മദ്രസ അധ്യാപകര്‍ ഇവിടെയുണ്ടെന്നും കേരളത്തില്‍ ഏത് സ്ഥാപനത്തിലാണ് ഇത്രയധികം പേരെ നിയമിക്കുക എന്നുമായിരുന്നു. ദേവസ്വം ബോര്‍ഡില്‍ സംസ്‌കൃതത്തിന് പ്രാധാന്യം നല്‍കണമെന്ന് പറഞ്ഞുകൊണ്ടുള്ള സെന്‍കുമാറിന്റെ ഫേസ്ബുക്ക്പോസ്റ്റിനെ ചോദ്യം ചെയ്ത അവതാരകനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മദ്രസയില്‍ മതം പഠിപ്പിക്കാന്‍ എത്ര കോടി രൂപ കൊടുക്കുന്നതെന്നറിയാമോ എന്നായിരുന്നു ടി.പി സെന്‍കുമാര്‍ തിരിച്ചു ചോദിച്ചത്.
‘20,7000 പേര്‍ക്ക് ഏകദേശം 2,000 കോടി രൂപയോളം ഒരുവര്‍ഷം അവരുടെ മതം പഠിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. മതം പഠിപ്പിക്കാന്‍ മാത്രം പൊതു പൈസ ചെലവാക്കാം എന്ന് ഭരണഘടനയില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത്?
എന്താണ് കേരളത്തില്‍ മാത്രം അത് ചെയ്യുന്നത് ? കേരളത്തില്‍ ഏതെങ്കിലും ഹിന്ദുവിന്റെ കാര്യം പഠിപ്പിക്കാന്‍ ഏതെങ്കിലും സ്‌കൂളില്‍ സമ്മതിക്കുന്നുണ്ടോ ? ദേവസ്വം എന്തിനാണുണ്ടായത്, അത് ഹിന്ദുവിന് വേണ്ടിയാണ് ഉണ്ടായത്. ആദേവസ്വം സ്‌കൂള്‍ ഉണ്ടാവുന്നതെന്തിനാണ്? ആ ഹിന്ദുവിന്റെ പൈസകൊടുത്തിട്ടുണ്ടാവുന്നതാണ്. അവിടെ സംസ്‌കൃതം പഠിപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ എന്തിനാണ് മറ്റുവിഷയങ്ങള്‍ പഠിപ്പിക്കുന്നത്’ എന്നും സെന്‍കുമാര്‍ ചോദിച്ചു.
‘എത്ര സംസ്‌കൃതധ്യാപകര്‍ കേരളത്തിലുണ്ട്? മദ്രസയില്‍ പഠിപ്പിക്കാന്‍ തന്നെ 20,7000 പേരുണ്ട്. കേരളത്തിലേതെങ്കിലുമൊരു സ്ഥാപനത്തില്‍ 20,7000 പേര്‍ക്ക് നിങ്ങള്‍ ജോലികൊടുക്കുമോ?
മദ്രസകളില്‍ സര്‍ക്കാര്‍ പൈസ കൊടുക്കുന്നത് എന്തിനാണെന്ന് അറിയാമോ? മന്ത്രി അത് അസംബ്ലിയില്‍ പറഞ്ഞു, അവിടെ ഇവര്‍ക്ക് പൈസ കൊടുക്കുന്നത് സയന്‍സും സോഷ്യല്‍ സ്റ്റഡീസും ഒക്കെ പഠിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞാണ്. അത് ഒരു വലിയ തട്ടിപ്പാണ്’- ടി.പി സെന്‍കുമാര്‍ പറയുന്നു.
ചിത്രം കടപ്പാട്: 24 ന്യൂസ്
ടി.പി സെന്‍കുമാറിന്റെയും ജന്മഭൂമിയുടെയും വാദം തെറ്റാണ്. ഒന്നാമത് കേരളത്തിലെ മതസ്ഥാപനമായ മദ്രസകള്‍ നടത്തുന്നത് സര്‍ക്കാരല്ല. അത് നടത്തിവരുന്നത് വിവിധ മത സംഘടനകളുടെ നേതൃത്വത്തിലാണ്. രണ്ട് സര്‍ക്കാര്‍ ഒരു തരത്തിലും മദ്രസയ്‌ക്കോ മദ്രസ അധ്യാപകര്‍ക്കോ പണം നല്‍കുന്നില്ല.
കേരളത്തിലെ മദ്രസകള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയല്ല എന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍ മദ്രസാധ്യാപകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്ന ബില്‍ മന്ത്രി കെ. ടി ജലീല്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ജന്മഭൂമി അധ്യാപകര്‍ക്ക് വേതനം നല്‍കാന്‍ തീരുമാനമായി എന്ന രീതിയില്‍ വാര്‍ത്ത നല്‍കുന്നത്. ഇതിന്റെ ചുവടുപിടിച്ച് സംഘപരിവാറുകാര്‍ ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ രീതിയിലാണ് വസ്തുതകള്‍ വിശകലനം ചെയ്യാതെ ടി.പി സെന്‍കുമാറും ഇത്തരം വാദങ്ങളുമായി രംഗത്തെത്തിയത്.
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മദ്രസാധ്യാപകര്‍ക്കായി ഒരു രൂപ പോലും നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം എന്ന് വിശദീകരിച്ച ടിറ്റോ ആന്റണി എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സംഘപരിവാറിന്റെ കള്ള പ്രചരണങ്ങളെ പൊളിക്കനാനും ടിറ്റോ തന്റെ പോസ്റ്റിലൂടെ ശ്രമിക്കുന്നു.
മദ്രസാദ്ധ്യാപകന് 6,000 രൂപ മുതല്‍ 25,000 രൂപ വരെ സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്ന ടി.പി. സെന്‍കുമാറിന്റെ വാദത്തെയും പൊളിക്കുന്നുണ്ട് ടിറ്റോ. കൃത്യമായി വിവരമില്ലാതെ ‘വാട്ട്‌സ്ആപ്പ്’ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയ ആളാണ് ടി.പി. സെന്‍കുമാറെന്നും ടിറ്റോ വിമര്‍ശിക്കുന്നു.
‘മദ്രസാദ്ധ്യാപകന് 6,000 രൂപ മുതല്‍ 25,000 രൂപ വരെ സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്ന പ്രചാരണം സംഘികളും ഏറ്റെടുത്തിരിക്കുകയാണ്. പച്ച നുണയാണത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഈ ഇനത്തില്‍ ഒരു രൂപയുടെ ചില്ലികാശ് പോലും നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം’- ടിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മന്ത്രി കെ.ടി ജലീല്‍ വളരെ തുച്ഛമായ വേതനത്തില്‍ ജോലിചെയ്യുന്ന മദ്രസാധ്യാപകരുടെ ക്ഷേമത്തിനായി നിലവിലുണ്ടായിരുന്ന ക്ഷേമനിധിയെ ക്ഷേമനിധി ബോര്‍ഡായി ഉയര്‍ത്താനാണ് ശ്രമിച്ചത്.
‘കേരളത്തില്‍ വളരെ തുച്ഛമായ വേതനത്തിന് സേവനം ചെയ്യുന്ന വിഭാഗമാണ് മദ്രസ അധ്യാപകര്‍. മൊത്തം 21,683 മദ്രസകളിലായി 20,4,683 അധ്യാപകര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വിലയൊരു വിഭാഗമായിട്ടും അവര്‍ ഈ രംഗത്ത് നിശബ്ദമായി സേവനം ചെയ്ത് പോരുന്നു. ഓരോ മദ്രസയ്ക്ക് കീഴിലുമുള്ള അധ്യാപകര്‍ക്കും ലഭിക്കുന്ന വേതനത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ട് എന്നത് വസ്തുതയാണ്. ശരാശശി 6,000 രൂപയില്‍ കൂടുതല്‍ മദ്രസാധ്യപകര്‍ക്ക് ശമ്പളമായി ലഭിക്കുന്നില്ല.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പ്രയാസപ്പെടുന്ന ആളുകളാണിവര്‍. ഈ ദുരവസ്ഥ ലഘൂകരിക്കാന്‍ ശ്രീ പലോളി മുഹമ്മദ് കുട്ടി മന്ത്രിയായിയിരിക്കുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആണ് ആദ്യമായി മദ്രസാധ്യാപക ക്ഷേമനിധി രൂപീകരിച്ചത്.
ഇതുവരെ 22500ഓളം മദ്രസ അധ്യാപകര്‍ ക്ഷേമനിധിയില്‍ അംഗത്വമെടുത്തിട്ടുണ്ട്. അനുദിനം നിരവധിപേരാണ് അംഗത്വത്തിനെതിരായി അപേക്ഷിക്കുന്നത് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ അരലക്ഷം അംഗങ്ങളെ സ്‌കീമില്‍ ചേര്‍ക്കാനാവുമെന്നാണ് പ്രതീക്ഷ’- കെ.ടി ജലീലിന്റെ നിയമസഭയിലെ പ്രസംഗത്തില്‍ നിന്ന്. ഈ വാക്കുകളെ വളച്ചൊടിച്ചാണ് സംഘപരിവാര്‍ കള്ള പ്രചരണങ്ങളുമായി രംഗത്തെത്തിയത്.
‘ഇടതു പക്ഷംകൂടി പിന്തുണ നല്‍കിയിരുന്ന ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിയമിതമായ ജസ്റ്റിസ് രജീന്ദ്ര സച്ചാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ ഇന്ത്യയിലെ മുസ്ലീം സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെ കണക്കിലെടുത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമയ ബന്ധിതമായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. പ്രസ്തുത റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാതെ നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി ഒരു കമ്മിറ്റിയെ അന്നത്തെ വി.എസ് സര്‍ക്കാര്‍ നിയമിച്ചു.
പാലോളികമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ മദ്രസാധ്യാപകര്‍ക്ക് ക്ഷേമനിധി 2010ല്‍ നിലവില്‍ വന്നത്. നിലവില്‍ കോഴിക്കോട് ആസ്ഥാനമായ മദ്രസാധ്യാപക ക്ഷേമനിധിയുടെ നടത്തിപ്പ് നിയമം മൂലം വ്യവസ്ഥപ്പെടുത്താനാണ് മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡും രൂപീകരിച്ചുകൊണ്ടുള്ള നിയമനിര്‍മാണം ഇപ്പോള്‍ നടത്തുന്നത്.
മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് നിലവല്‍ വന്ന് ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ പുതിയതായി 6000ത്തോളം പേരാണ് ഇതില്‍ അംഗങ്ങളായത്. 65 വയസ് പൂര്‍ത്തിയായവരും അംഗത്വമെടുത്ത് അഞ്ച് വര്‍ഷം കഴിഞ്ഞവരുമായ അംഗങ്ങള്‍ക്കാണ് നിലവില്‍ 1000 രൂപ പെന്‍ഷന്‍ നല്‍കി വരുന്നത്. പുതിയ സ്‌കീം പ്രകാരം 2020 ഏപ്രില്‍ ഒന്നുമുതല്‍ പെന്‍ഷന്‍ പ്രായം 60 വയസാക്കി കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കൂടാതെ പെന്‍ഷന്‍ തുക കുറഞ്ഞത് 1500 രൂപയും കൂടിയത് 7500 രൂപയും ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 230 പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. പ്രതിമാസ പെന്‍ഷന്‍ പദ്ധതിയ്ക്ക് പുറമെ താഴെ പറയുന്ന ആനുകൂല്യങ്ങള്‍ കൂടി ബോര്‍ഡുവഴി നടപ്പാക്കി വരുന്നു.
അംഗങ്ങളുടെ സ്വയം വിവാഹത്തിനും പെണ്‍മക്കളുടെ വിവാഹത്തിനും 1000 രൂപ ധനസഹായം, എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2000 രൂപ സ്‌കോളര്‍ഷിപ്പ്, പലിശ രഹിത ഭവന വായ്പയായി 2.5 ലക്ഷം രൂപ ഭവന വായ്പ, അംഗങ്ങള്‍ക്ക് സാധാരണ അസുഖങ്ങള്‍ക്ക് 5000 രൂപയും ഗുരുതര രോഗങ്ങള്‍ക്ക് 25,000 രൂപവരെയും ചികിത്സാ സഹായം, മദ്രസാധ്യാപികമാര്‍ക്ക് 15000 രൂപ പ്രസവാനുകൂല്യം രണ്ടു പ്രസവത്തിന് എന്ന നിലയില്‍ നല്‍കുന്നു, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ധനസഹായം സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ധനസഹായം, അവശതാ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, പലിശരഹിത വിവാഹാവശ്യ വായ്പ, തുടങ്ങിയ ധനസഹായങ്ങളും ഇതുവഴി നടപ്പാക്കുന്നുണ്ട്. പെന്‍ഷന്‍ തുക 500 രൂപയില്‍ നിന്നും 1000 രൂപയാക്കി ഉയര്‍ത്തിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്’- കെ.ടി ജലീല്‍ വിശദീകരിക്കുന്നു.
2011-ലാണ് മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് സ്ഥാപിക്കപ്പെട്ടത്. കേരളത്തിലെ മദ്രസാ പഠനം നടക്കുന്നത് വിവിധ മത സംഘടനകളുടെ നേതൃത്വത്തിലാണ്. മാത്രമല്ല, മദ്രസാധ്യാപകര്‍ക്ക് വേതനം നല്‍കുന്ന തരത്തിലുള്ളയാതൊരു പരാമര്‍ശവും മന്ത്രി തന്റെ നിയമസഭാ പ്രസംഗത്തില്‍ ഉയര്‍ത്തിയിട്ടുമില്ല.
കേരള സര്‍ക്കാര്‍ മത പഠന സ്ഥാപനങ്ങള്‍ക്ക് വേതനം നല്‍കുന്നുവെന്ന് സംഘപരിവാര്‍ ആരോപണങ്ങള്‍ തെറ്റാണ് എന്ന് തെളിയിക്കുന്നതാണ് മന്ത്രിയുടെ പ്രസംഗം. അതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ മദ്രസാധ്യാപകര്‍ക്കും മദ്രസകള്‍ക്കും നല്‍കിയ ആനുകൂല്യങ്ങളും വിശദീകരിക്കേണ്ടതുണ്ട്.
കഴിഞ്ഞ ജൂണില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അഞ്ചുകോടി ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ അനുവദിച്ചത്.
മദ്രസ അധ്യാപകര്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും കണക്കും സയന്‍സും കംപ്യൂട്ടറിലും പരിശീലനം നല്‍കുമെന്നും നഖ്‌വി പറഞ്ഞിരുന്നു. 2014 ലെ മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മദ്രസകളുടെ നവീകരണത്തിനായി നൂറുകോടി രൂപയുടെ പദ്ധതികളാണ് വകയിരുത്തിയത്.
അതേസമയം 2016 ആവുമ്പോഴേക്കും മദ്രസകളുടെ നവീകരണത്തിനായി അനുവദിച്ച് നൂറുകോടി ഫണ്ട് മൂന്നുമടങ്ങായി ഉയര്‍ത്തിയിരുന്നു.
എന്നാല്‍ ഇതിനെ മറച്ചുവെച്ച് സമൂഹത്തില്‍ മതധ്രൂവീകരണമുണ്ടാക്കുന്ന തരം വിദ്വേഷ പ്രചരണങ്ങളാണ് സംഘപരിവാര്‍ അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. മദ്രസാ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് മദ്രസാ കമ്മിറ്റികളാണ്.
ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്ന അധ്യാപകരും ബന്ധപ്പെട്ട മദ്രസ്സ മാനേജ്‌മെന്റും പ്രതിമാസം ട്രഷറിയില്‍ നിക്ഷേപിക്കുന്ന 50 രൂപയില്‍ നിന്നാണ് അറുപതു വയസ്സ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പെന്‍ഷന്‍ നല്‍കുന്നത്.
അതായത് അധ്യാപകരുടെ പൈസ തന്നെയാണ് അവര്‍ക്ക് പ്രതിമാസം പരമാവധി 1000 രൂപ എന്ന നിരക്കില്‍ പെന്‍ഷനായി നല്‍കുന്നത്.