ലക്‌നൗ: നദ്‌വ കോളേജ് പരിസരത്തുള്ള റോഡിലൂടെ സ്വിഗ്ഗിയുടെ ഡെലിവറി ബാഗും തോളിലിട്ട് നടന്നുനീങ്ങുന്ന ബുര്‍ഖ ധരിച്ച ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നടന്നുപോയി ആരെങ്കിലും ഡെലിവറി ചെയ്യുമോയെന്നും വീഡിയോയും ചിത്രങ്ങളും വ്യാജമാണെന്നുമുള്ള കമന്റുകളും വന്നിരുന്നു. എഡിറ്റഡ് ചിത്രമാണെന്ന് കരുതിയുന്നവര്‍ക്ക് പോലും പക്ഷെ ആ ചിത്രത്തിലുള്ളത് ആരാണെന്ന് അറിയാന്‍ കൗതുകമുണ്ടായിരുന്നു.
ആകാംക്ഷ നിറഞ്ഞ ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ചില മാധ്യമങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടു. ജനത നഗരി കോളനിയിലെ റിസ്വാന എന്ന നാല്‍പതുകാരിയുടെ വീട്ടിലാണ് അവര്‍ എത്തിച്ചേര്‍ന്നത്.
റിസ്വാനയുടെ ജീവിതത്തെ കുറിച്ചു മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഫുഡ് ഡെലിവറി ഏജന്റല്ല റിസ്വാന, ദാലിഗഞ്ചിലെ വിവിധ വീടുകളില്‍ പണിക്ക് പോകുന്ന ഒരു വീട്ടുജോലിക്കാരിയാണ്. ഇതിനൊപ്പം വൈകുന്നേരങ്ങളില്‍ ഡിസ്‌പോസിബിള്‍ കപ്പുകളും ടംബ്ലറുകളും നടന്നുവില്‍ക്കുന്ന ജോലി കൂടിയുണ്ട് റിസ്വാനക്ക്. ഇത്രയൊക്കെ ചെയ്താലെ അടുപ്പ് പുകയൂ എന്നാണ് സിംഗിള്‍ മദര്‍ കൂടിയായ റിസ്വാനക്ക് പറയാനുള്ളത്.
‘ഡിസ്‌പോസിബിള്‍ കപ്പുകളും ടംബ്ലറുകളും വെക്കാന്‍ എനിക്ക് നല്ലൊരു ബാഗ് വേണമായിരുന്നു. 50 രൂപക്ക് ദാലിഗഞ്ചിലെ ഒരാളുടെ അടുത്ത് നിന്നാണ് ഇത് വാങ്ങിയത്. ഞാന്‍ സ്വിഗ്ഗിക്ക് വേണ്ടി ജോലി ചെയ്യുന്നില്ല. തുണിയടക്കം വില്‍ക്കാനുള്ള വസ്തുക്കളെല്ലാം ഇപ്പോള്‍ ഈ ബാഗിലാണ് വെക്കുന്നത്.
എല്ലാ ദിവസവും ചെറിയ കടകളിലേക്കും മാര്‍ക്കറ്റുകളിലേക്കും ഈ ബാഗും തൂക്കി ഞാന്‍ പോകും. ഒരു ദിവസം 20-25 കിലോമീറ്റര്‍ വരെ ഞാന്‍ ഇങ്ങനെ നടന്നുവില്‍ക്കും. മാസം 5000-6000 രൂപ വരെ ഈ വില്‍പനയില്‍ നിന്നും കിട്ടും. വീട്ടുപണിയില്‍ നിന്നും എനിക്ക് ദിവസം 1500 രൂപയോളവും ലഭിക്കും,’ ഹിന്ദുസ്ഥാന്‍ ടൈംസിനോട് റിസ്വാന പറഞ്ഞു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിന് പിന്നാലെ നാല് മക്കളെയും റിസ്വാന ഒറ്റക്കാണ് നോക്കുന്നത്. ആകെ സമ്പാദ്യമുണ്ടായിരുന്ന ഓട്ടോറിക്ഷ മോഷണം പോയതിന്റെ നിരാശയില്‍ കഴിയുകയായിരുന്ന ഭര്‍ത്താവ് പെട്ടെന്ന് ഒരു ദിവസം വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
‘ഒന്നും എളുപ്പമായിരുന്നില്ല. ആളുകള്‍ എന്നെ പരിഹസിക്കുമായിരുന്നു. പക്ഷെ എനിക്ക് എന്റെ കുടുംബത്തിന് വേണ്ടി ജീവിച്ചേ മതിയാകുമായിരുന്നുള്ളു. ആദ്യമൊക്കെ എനിക്ക് വലിയ വിഷമം തോന്നുമായിരുന്നു. പക്ഷെ പിന്നീട് അതെല്ലാം എനിക്ക് ശീലമായി,’ റിസ്വാന പറയുന്നു.
Content Highlight: The real woman behind Burqa clad with Swiggy delivery bag viral video