| Monday, 9th July 2018, 9:39 am

അഭിമന്യു കൊലപാതകം; പരമാവധി എസ്.എഫ്.ഐക്കാരെ കുത്തിവീഴ്ത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഹാരാജാസ് കോളേജില്‍ കലാപമുണ്ടാക്കാനും എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനുമാണ് അക്രമത്തിലൂടെ ലക്ഷ്യമിട്ടതെന്ന് അഭിമന്യു കൊലക്കേസില്‍ പിടിയിലായവരുടെ വെളിപ്പെടുത്തല്‍. അഭിമന്യു ആയിരുന്നില്ല തങ്ങളുടെ ലക്ഷ്യം. മറിച്ച് സംഘര്‍ഷത്തിലൂടെ പരമാവധി എസ്.എഫ്.ഐ പ്രവര്‍ത്തകരെ കുത്തിവീഴ്ത്തുകയായിരുന്നു പദ്ധതിയെന്നും പ്രതികള്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

മഹാരാജാസിലെ എസ്.എഫ്.ഐയുടെ ചുവരെഴുത്ത് മാറ്റാനും കാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് മായിച്ചവരെ പാഠം പഠിപ്പിക്കാനുമാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദ്ദേശമെന്ന് പ്രതികള്‍ വ്യക്തമാക്കി. എന്നാല്‍ ഇവര്‍ക്ക് ഈ നിര്‍ദ്ദേശം എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യം വെളിപ്പെടുത്താന്‍ അന്വേഷണസംഘം തയ്യാറായില്ല.


ALSO READ: ബിജിമോള്‍ എം.എല്‍.എക്കും സഹോദരിക്കും എതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം


കേസില്‍ ആദ്യം അറസ്റ്റിലായ കോട്ടയം കങ്ങഴ പത്തനാട് ചിറയ്ക്കല്‍ ഹൗസില്‍ ബിലാല്‍ (19), ഫോര്‍ട്ട്‌കൊച്ചി കല്‍വത്തി പുതിയാണ്ടി ഹൗസില്‍ റിയാസ് (37), പത്തനംതിട്ട കുളത്തൂര്‍ നാരകത്തനാം കുഴിയില്‍ ഫറൂക്ക് (19) എന്നിവരെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവരില്‍ നിന്ന് കൃത്യത്തില്‍ പങ്കാളികളായ പ്രതികളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാജാസില്‍ നടന്ന സംഘര്‍ഷത്തില്‍ അഭിമന്യു ഉള്‍പ്പടെ മൂന്നു പേര്‍ക്കാണ് കുത്തേറ്റത്.

അഭിമന്യുവിനൊപ്പം കുത്തേറ്റ കൊട്ടാരക്കര സ്വദേശി   അര്‍ജുന്റെ  ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അക്രമികളെ കോളേജിന് സമീപത്തേക്ക് വിളിച്ചു വരുത്തിയ മൂന്നാം വര്‍ഷ ബിരുദ അറബി വിദ്യാര്‍ത്ഥിയും കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ ചേര്‍ത്തല അരുക്കുറ്റി വടുതല സ്വദേശി മുഹമ്മദിന്റെ കുടുംബാംഗങ്ങളും ഒളിവില്‍ പോയത് പൊലീസിന്റെ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.


ALSO READ; നിര്‍ഭയക്കേസ്; വധശിക്ഷ ശരിവെച്ചതിനെതിരെ പ്രതികളുടെ പുന:പരിശോധനാഹര്‍ജിയില്‍ വിധി ഇന്ന്


അതേസമയം ആസൂത്രിതമായി എസ്.എഫ്.ഐ പ്രവര്‍ത്തകരെ അക്രമികള്‍ നേരിട്ടതിന് തെളിവുകള്‍ ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി. ദിനേശ് “കേരളകൗമുദി”യോടു പറഞ്ഞിട്ടുണ്ട്. പ്രതികളെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൂടുതലൊന്നും വെളിപ്പെടുത്താനാകില്ലെന്നും കമ്മിഷണര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more