മോദിയെ ലോകത്തെ കരുത്തനായ നേതാവെന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് ഹെറാള്‍ഡ് മലയാളിയുടേത്; കൊച്ചിന്‍ ഹെറാള്‍ഡും ഉണ്ട് ഉടമയ്ക്ക്
Narendra Modi
മോദിയെ ലോകത്തെ കരുത്തനായ നേതാവെന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് ഹെറാള്‍ഡ് മലയാളിയുടേത്; കൊച്ചിന്‍ ഹെറാള്‍ഡും ഉണ്ട് ഉടമയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th June 2019, 8:00 am

ലോകത്തെ ഏറ്റവും കരുത്തനായ നേതാവ് എന്ന് ബ്രിട്ടീഷ് ഹെറാള്‍ഡ് എന്ന വെബ്‌സൈറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശേഷിപ്പിച്ചത് വാര്‍ത്തകളിലിടം നേടിയിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങളും എന്‍.ഡി.എ നേതാക്കളും വലിയ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത കൈകാര്യം ചെയ്തിരുന്നത്.

വായനക്കാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തി വോട്ടെടുപ്പിലൂടെ മോദിയെ ലോകനേതാവായി തെരഞ്ഞെടുത്ത ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ ഉടമ മലയാളിയാണ്. കൊച്ചി സ്വദേശിയായ അന്‍സിഫ് അഷ്‌റഫ് ആണ് വെബ്‌സൈറ്റ് ആണിത്. ബ്രിട്ടീഷ് ഹെറാള്‍ഡ് കൂടാതെ കൊച്ചിന്‍ ഹെറാള്‍ഡ് എന്ന  മാധ്യമസ്ഥാപനവും അഷ്‌റഫിനുണ്ട്. കൊച്ചി ഹെറാള്‍ഡിന്റെ പത്രാധിപരായ ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ ഉടമയായ കേരളത്തില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ വ്യവസായി എന്നാണ് അന്‍സിഫ് അഷ്റഫിന്റെ വിക്കിപീഡിയ പേജില്‍ വിശേഷിപ്പിക്കുന്നത്. ആള്‍ട്ട് ന്യൂസ് ആണ് ഇക്കാര്യം കണ്ടെത്തിയത്.

യുകെയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹെറാള്‍ഡ് മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ് കമ്പനിയാണ് ബ്രിട്ടീഷ് ഹെറാള്‍ഡ് വെബ്സൈറ്റ് ഉടമ. ഇന്ത്യന്‍ പൗരനായ അന്‍സിഫ് അഷ്റഫാണ് 2018 ഏപ്രിലില്‍ ഹെറാള്‍ഡ് മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ് കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്. 85 ശതമാനം ഓഹരികളാണ് അഷ്റഫിന്റെ കൈവശമുള്ളത്. ബാക്കിയുള്ളവ മറ്റ് നാല് ഒഹരിയുടമകളുടെ ഉടമസ്ഥതയിലാണ്. അഹമ്മദ് ഷംസീര്‍ കോലിയാദ് ഷംസുദ്ദീന്‍ എന്ന മറ്റൊരു ഡയറക്ടറും അഷ്റഫിനെ കൂടാതെ കമ്പനിക്ക് ഉണ്ട്.

ഇന്ത്യന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് പോലെ പ്രശസ്തമായ, വായനക്കാരുള്ള മാസികയാണോ ബ്രിട്ടീഷ് ഹെറാള്‍ഡ് എന്നതും ആള്‍ട്ട് ന്യൂസ് പരിശോധിച്ചു. അപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഇങ്ങനെയാണ്.

ബ്രിട്ടീഷ് ഹെറാള്‍ഡിന് ആഗോള അലക്‌സാ വെബ് ട്രാഫിക് റാങ്ക് 28,518 ആണ്. എന്‍.ഡിടി.വിയുടേത് 395ആണ്. ട്വിറ്റര്‍ അക്കൗണ്ടില്‍ 4,000 ല്‍ താഴെ ഫോളോവേഴ്സ് മാത്രമാണ് ഉള്ളത്. ഫേസ്ബുക്കില്‍ 57,000 ഫോളോവേഴ്സ് മാത്രം. ആള്‍ട്ട് ന്യൂസിന് 120000 ഫോളോവേഴ്‌സ ഉണ്ട്. പ്രധാനമന്ത്രി മോദി വിജയിച്ച വാര്‍ത്ത ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണവും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും മോദിയുടെ വാര്‍ത്ത 150 പേര്‍ മാത്രമാണ് ഷെയര്‍ ചെയ്തത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് തന്നെ മോദിയുടെ മുഖചിത്രമടങ്ങിയ മാഗസിന്റെ കവര്‍ ട്വിറ്ററിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു.