ഖത്തര്‍ ലോകകപ്പിലെ ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ തകര്‍ത്താണ് അര്‍ജന്റീന വിശ്വകിരീടം നേടിയത്. ഫൈനലില്‍ തോല്‍വി വഴങ്ങിയെങ്കിലും ഹാട്രിക് അടക്കം ഖത്തറില്‍ എട്ട് ഗോളുകള്‍ അക്കൗണ്ടിലാക്കി ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയാണ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. മികച്ച പ്രകടനം കാഴ്ചവെച്ച എംബാപ്പെയെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്.
ഇപ്പോള്‍ താരത്തെ സ്വന്തമാക്കാന്‍ മോഹവില വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് റയല്‍ മാഡ്രിഡ്. മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറെന്റിനൊ പെരെസിന്റെ സ്വപ്ന ട്രാന്‍സ്ഫര്‍ ആണ് എംബാപ്പെയെ ക്ലബ്ബില്‍ എത്തിക്കുക എന്നത്.
കഴിഞ്ഞ സീസണില്‍ തന്നെ ഇക്കാര്യത്തില്‍ ഫ്ളോറെന്റീനൊ പെരെസ് നീക്കം നടത്തിയിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍ വീണ്ടും താരത്തിനായി രംഗത്തെത്തിയ പെരെസ് 150 മില്യണ്‍ യൂറോ ( 1320 കോടി രൂപ ) യൂറോയാണ് വാഗ്ദാനം ചെയ്തത്.
അതേസമയം ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ തിരിച്ചെത്തി എംബാപ്പെ പരിശീലനം ആരംഭിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പിന് ശേഷം പത്ത് ദിവസത്തെ അവധിയില്‍ പോകുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നുവെങ്കിലും തീരുമാനം മാറ്റി ക്ലബിനൊപ്പം ചേരുകയായിരുന്നു.
ഫൈനലിലെ തോല്‍വിയില്‍ നിന്ന് താന്‍ മോചിതനായെന്നാണ് എംബാപ്പെ പ്രതികരിച്ചത്. ഇതോടെ 28ന് സ്ട്രോസ്ബര്‍ഗിനെതിരായ മത്സരത്തില്‍ താരം കളിച്ചേക്കും.
അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ കരുത്തിന് മുന്നില്‍ ഒന്നും ചെയ്യാനാകാതെ വിയര്‍ക്കുകയായിരുന്നു ഫ്രഞ്ച് പട. എന്നാല്‍, രണ്ടാം പകുതിയില്‍ വളരെയേറെ മെച്ചപ്പെട്ട നിലയിലായിരുന്നു ഫ്രാനസ് കളിച്ചത്.
അര്‍ജന്റീനക്കെതിരെ എംബാപ്പെ തന്നെ രണ്ട് ഗോള്‍ തിരിച്ചടിക്കുകയും കളി എക്സ്ട്രാ ടൈമിലേക്ക് നീട്ടുകയും ചെയ്തിരുന്നു. വീണ്ടും മെസിയിലൂടെ അര്‍ജന്റീന മുന്നിലെത്തിയെങ്കിലും സമനില നേടാന്‍ ഫ്രാന്‍സിനായി. ഒടുവില്‍ ഷൂട്ടൗട്ടിലാണ് അര്‍ജന്റീന വിജയം നേടിയെടുത്തത്.
Content Highlights: The Real Madrid president wants to sign Kylian Mbappe