ഭരണകൂടത്തിന് അനുകൂലമായി വാര്‍ത്തകള്‍ മെനെഞ്ഞെടുക്കുന്ന വലിയൊരു വിഭാഗം ഉത്തരേന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്തനാണ് എന്‍.ഡി.ടി.വി ഇന്ത്യയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും മാഗ്‌സസേ പുരസ്‌കാര ജേതാവുമായ രവീഷ് കുമാര്‍.
ഏഷ്യയിലെ നൊബേല്‍ എന്നാണ് മഗ്‌സസെ പുരസ്‌കാരം അറിയപ്പെടുന്നത്. രവീഷ് കുമാറുള്‍പ്പടെ അഞ്ച് പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്.
ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം പകരാന്‍ നിങ്ങള്‍ക്കായിട്ടുണ്ടെങ്കില്‍ നിങ്ങളൊരു മാധ്യമപ്രവര്‍ത്തകനാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപരമായ എല്ലാ മൂല്യങ്ങളോടെയും, കൃത്യമായി വാര്‍ത്തകളുടെ എല്ലാ വശങ്ങളും പക്ഷഭേദമില്ലാതെ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് രവീഷെന്നും മാഗ്‌സസെ പുരസ്‌കാര പ്രഖ്യാപനത്തിനിടെ പുരസ്‌കാര നിര്‍ണയ നിര്‍ണയസമിതി വിലയിരുത്തുകയുണ്ടായി.
ശാന്തമായ സംസാരവും പറയുന്ന വിഷയങ്ങളിലെ സത്യസന്ധതയും തെറ്റുകള്‍ക്ക് നേരെ കണ്ണടക്കാതെയുള്ള നിലപാടുകളുമാണ് രവീഷ് കുമാറിനെ വ്യത്യസ്തനാക്കുന്നത്.
‘വാര്‍ത്തകളില്‍ ഇടപെടുന്ന ഭരണകൂടവും, വ്യാജവാര്‍ത്തകളുടെയും ട്രോളുകളുടെയും അതിപ്രസരവും നിലനില്‍ക്കുന്ന മാധ്യമമേഖലയില്‍, റേറ്റിംഗും യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനവും തമ്മിലുള്ള അന്തരം വളരെ വലുതായിരിക്കേ, മാധ്യമപ്രവര്‍ത്തനത്തെ അതിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ അടിയുറച്ച് നിര്‍ത്തുന്നു രവീഷ് കുമാര്‍’ എന്ന് പുരസ്‌കാര നിര്‍ണയസമിതി വിലയിരുത്തുന്നതും അതുകൊണ്ടുതന്നെ.
ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായ വാദങ്ങളുയര്‍ത്താറുള്ള മാധ്യമ പ്രവര്‍ത്തകരിലൊരാളായ രവീഷ് രാജ്യത്തെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാന്‍ വാര്‍ത്താ ചാനലുകളെയടക്കം വിധ്വംസക ശക്തികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വിളിച്ചുപറയാന്‍ ധൈര്യം കാണിച്ച വ്യക്തികൂടിയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിലപാടെടുക്കാന്‍ മടിക്കുന്ന ഉത്തരേന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും രവീഷ് വ്യത്യസ്തനാകുന്നതും അതുകൊണ്ട് തന്നെയാണ്.
1996 കളിലാണ് രവീഷ് കുമാര്‍ എന്‍.ഡി.ടി.വിയില്‍ എത്തുന്നത്. പ്രൈം ടൈം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ അദ്ദേഹം എന്‍.ഡി.ടി.വിയിലെ തന്നെ ഹം ലോഗ്, രവീഷ് കി റിപ്പോര്‍ട്ട് എന്നീ പരിപാടികളും അവതരിപ്പിച്ചു.
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് രവീഷ് കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. ടെലിവിഷന്‍ ചര്‍ച്ചകളില്‍ പ്രതിപക്ഷ ബഹുമാനമില്ലാതെയും സ്വന്തം നിലപാടുകള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയും മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കാതെയും ആക്രോശിച്ചുകൊണ്ടിരിക്കുന്ന അര്‍ണബ് ഗോസ്വാമിയെപ്പോലുള്ളവരില്‍ നിന്നും വ്യത്യസ്തമായ അവതരണ രീതിയാണ് രവീഷ് കുമാര്‍ പിന്തുടര്‍ന്നുപോന്നത്.
സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെയും സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയുമായിരുന്നു രവീഷ് സാന്നിധ്യമറിയിച്ചത്. ജെ.എന്‍.യു വിഷയത്തിലടക്കം രവീഷ് കുമാര്‍ സംഘടിപ്പിച്ച ചര്‍ച്ചകളും വസ്തുതാന്വേഷണവും ശ്രദ്ധേയമായിരുന്നു.
ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ കെട്ടിച്ചമച്ച വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവിട്ട് വാര്‍ത്താമുറിയിലിരുന്ന് ന്യായാധിപര്‍ ചമഞ്ഞ് ആക്രോശമുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ അരങ്ങുവാഴുന്ന നാളുകളിലൊന്നിലെ എന്‍.ഡി.ടി.വിയുടെ ഹിന്ദി പതിപ്പിലെ പ്രൈം ടൈം വാര്‍ത്ത മാധ്യമചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരേടായിരുന്നു.
ആരെയും വിചാരണ ചെയ്യാനും വിധിക്കാനും അധികാരമുള്ളവരല്ല മാധ്യമപ്രവര്‍ത്തകര്‍ എന്ന് സഹമാധ്യമപ്രവര്‍ത്തകരെയും രാജ്യത്തേയും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു വാര്‍ത്താബുള്ളറ്റിന്‍ മുഴുവന്‍ സ്‌ക്രീന്‍ ബ്ലാങ്കായിട്ടുണ്ടുകൊണ്ടാണ് രവീഷ് കുമാര്‍ വാര്‍ത്ത വായിച്ചത്.
2017 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എന്‍.ഡി.ടിവിയുടെ ലൈവ് ക്യാമറയ്ക്ക് മുന്നിലേക്ക് ക്ഷണിച്ചും രവീഷ് കുമാര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്‍.ഡി.ടിവി ചെയര്‍മാന്‍ പ്രണോയ് റോയിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തിയ സംഭവത്തെ തുടര്‍ന്നായിരുന്നു രവീഷ് കുമാറിന്റെ ഫേസ്ബുക്കിലൂടെയുള്ള ഇടപെടല്‍.
ഐ.സി.ഐ.സി.ഐ ബാങ്കിന് 48 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലായിരുന്നു അന്ന് റെയ്ഡ്. ”ഞങ്ങളെ ഭയപ്പെടുത്തൂ, ഞങ്ങളെ ഭീഷണിപ്പെടുത്തൂ.. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിനെ അടക്കം ഇറക്കി പരിശോധിപ്പിക്കൂ. നോക്കൂ, ഞങ്ങള്‍ ഇപ്പോള്‍ തന്നെ പേടിച്ചുവിറക്കുകയാണ്. ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ട്രോളുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാകൂ.
‘നിങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന ഒട്ടേറെ മാധ്യമസ്ഥാപനങ്ങള്‍ക്കിടയില്‍ അങ്ങനെ നിന്നുതരാന്‍ താല്‍പര്യമില്ലാത്ത ഒരു മാധ്യമസ്ഥാപനമുണ്ട്..നിരവധി മാധ്യമ സ്ഥാപനങ്ങള്‍ നിങ്ങള്‍ക്കൊപ്പം നിന്നു എന്നത് ഒരുപക്ഷേ നിങ്ങള്‍ ഒരു വിജയമായി കണക്കാക്കാം. എങ്ങനെയാണ് ആയിരക്കണക്കിന് ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങള്‍ നിങ്ങള്‍ക്കൊപ്പം നിന്നത് എന്ന് ജനങ്ങള്‍ക്ക് അറിയാം.
എന്‍.ഡി.ടിവി ഒരൊറ്റ രാത്രി കൊണ്ട് ഉണ്ടായതല്ല, ജനങ്ങള്‍ക്ക് അതറിയാം. ഞങ്ങളെ തീര്‍ത്തുകളയാന്‍ നിങ്ങള്‍ക്ക് അത്രയും ആവേശമുണ്ടെങ്കില്‍, സര്‍, ഒരു ദിവസം, നമുക്ക് നേര്‍ക്കുനേര്‍ ഇരിക്കാം. ഞങ്ങള്‍ അവിടെയുണ്ടായിരിക്കും, താങ്കളും അവിടെയുണ്ടാവണം, ഒരു ലൈവ് ക്യാമറയ്‌ക്കൊപ്പം’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബോളിവുഡ് താരം അക്ഷയ് കുമാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭിമുഖത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും രവീഷ് രംഗത്തെത്തിയിരുന്നു.
‘അരാഷ്ട്രീയ അഭിമുഖം’ എന്ന് വിശേഷിപ്പിച്ച് കൊണ്ട് നടത്തിയ അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ മോദിയോട് ചോദിച്ച ചോദ്യങ്ങളിലൊന്ന് മോദി മാങ്ങ കഴിക്കുന്നത് ചെത്തിയാണോ അതോ കടിച്ച് തിന്നുകയാണോ എന്നായിരുന്നു. മോദിയുടെ ഉറക്കം, തമാശ പറച്ചില്‍, ചായകുടി ശീലം തുടങ്ങിയ കാര്യങ്ങളൊക്കെയായിരുന്നു മറ്റു സംഭാഷണ വിഷയങ്ങള്‍. ഇതിനെ പരിഹസിച്ച് കൊണ്ടായിരുന്നു രവീഷ് കുമാര്‍ തന്റെ പ്രൈംടൈം പരിപാടി അവതരിപ്പിച്ചത്.
ഇന്നത്തെ പ്രൈം ടൈം അരാഷ്ട്രീയ വര്‍ത്തമാനങ്ങളുടേതാണെന്നും രാഷ്ട്രീയം പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു തുടങ്ങുന്ന രവീഷ് കുമാര്‍ പരിപാടിയിലുടനീളം അഭിമുഖത്തെ പരിഹസിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് നടക്കുന്ന രാഷ്ട്രീയ പ്രാധാന്യമുള്ള നേരത്ത്, ജനങ്ങള്‍ക്ക് വളരെ ‘ഉപകാരപ്രദമായ’ അഭിമുഖം നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി എന്നായിരുന്നു രവീഷ് പറഞ്ഞത്.
ഇതിനിടെ ബി.ജെ.പിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും രൂക്ഷ വിമര്‍ശനത്തിനും ആക്രമണങ്ങള്‍ക്കും രവീഷ് കുമാര്‍ ഇരയായിരുന്നു.
രവീഷിനെ വധിക്കുമെന്നും പാക്കിസ്ഥാനിലേക്ക് പോകണമെന്നുമൊക്കെയുള്ള ആക്രോശങ്ങളായിരുന്നു സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരുന്നത്.
സെല്‍ഫ് സെന്‍സര്‍ഷിപ്പിന് മാധ്യമങ്ങളെ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെ വസ്തുനിഷ്ഠ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഇന്ത്യന്‍ മാധ്യമങ്ങളുടെ പരിതാപകരമായ അവസ്ഥയെ നിരവധി തവണ രവീഷ് കുമാര്‍ തുറന്നുകാട്ടിയിരുന്നു.
ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും സാധ്യതകള്‍ക്കും മങ്ങലേല്‍ക്കുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമുണ്ടെന്നും നമ്മുടെ നിലനില്‍പ്പ് ഇനി എത്രകാലമെന്ന ചോദ്യം നമ്മ അസ്വസ്ഥമാക്കുന്നുണ്ടെന്നുമായിരുന്നു 2017 ല്‍ മാധ്യമപ്രവര്‍ത്തന രംഗത്തെ മികവിന് പ്രഥമ കുല്‍ദീപ് നയ്യാര്‍ പുരസ്‌കാരം സ്വീകരിച്ച് നടത്തിയ പ്രഭാഷണത്തല്‍ രവീഷ് കുമാര്‍ പറഞ്ഞത്.
”സംവാദ മണ്ഡലങ്ങള്‍ വിപുലീകരിക്കുന്നതിന് പകരം അഭിപ്രായങ്ങളെ ഇരുമ്പുലക്കയായി ഗണിക്കുകയാണ് ഇന്നത്തെ ചാനല്‍ അവതാരകര്‍. അവതാരകര്‍ ആണ് ഇപ്പോഴത്തെ അധികാരകേന്ദ്രങ്ങള്‍. വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്ക് നേരെ അവര്‍ വാങ്ങോളുന്നു. എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് കുറ്റമായി വ്യാഖ്യാനിക്കുന്നു. ടെലിവിഷനുകള്‍ നമ്മെ ഒന്നടങ്കം ബന്ദികളാക്കിയിരുന്നു.
നമ്മുടെ ഊര്‍ജ്ജത്തേയും മോഹങ്ങളേയും പുനരുജ്ജീവിപ്പിച്ചുകൊണ്ടേ ഈ പ്രതിസന്ധിയെ മറികടക്കാനാവൂ…നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുക, വിശ്വാസമര്‍പ്പിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടി അണികളെ നിശിതമായി ചോദ്യം ചെയ്യുക, നമ്മുടെ പ്രതീക്ഷകള്‍ തകര്‍ത്ത പാര്‍ട്ടികളെ വിചാരണ ചെയ്യുക….’എന്നായിരുന്നു രവീഷ് പറഞ്ഞത്.
1974 ഡിസംബര്‍ അഞ്ചിന് ബീഹാറിലെ മോത്തിഹാരിയിലാണ് രവീഷിന്റെ ജനനം. പറ്റ്‌നയില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. ദല്‍ഹി യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിലെ ദേശബന്ദു കോളേജില്‍ നിന്നും ബിരുദവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
നയന ദാസ് ഗുപ്തയാണ് ഭാര്യ. 2013 ലും 2017 ലും രാംനാഥ് ഗോയങ്കപുരസ്‌കാരം രവീഷിനെ തേടിയെത്തി. 2016 ലെ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള റെഡ് ഇങ്ക് പുരസ്‌കാരവും നേടി. ‘ ദ ഫ്രീ വോയ്‌സ് ഓണ്‍ ഡെമോക്രസി, കള്‍ച്ചര്‍ ആന്‍ഡ് നാഷന്‍ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.