| Wednesday, 16th August 2017, 12:00 am

'പ്രസിഡന്റിനേക്കാള്‍ ആറിരട്ടി ചെലവ്, പ്രധാനമന്ത്രിയേയും പിന്നിലാക്കുന്ന വിദേശയാത്രകള്‍'; മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ബജറ്റിന് പിന്നിലെ സംഘപരിവാര്‍ പ്രചരണത്തിലെ സത്യം ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രസിഡന്റിനേക്കാളും ഏഴിരട്ടി തുക വിദേശ യാത്രകള്‍ക്ക് ചെലവാക്കിയെന്ന് പ്രചാരണമുണ്ടായിരുന്നു. അന്‍സാരി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയായിരുന്ന പ്രചരണം. എന്നാല്‍ അതെല്ലാം വെറും വ്യാജ പ്രചരണം മാത്രമായിരുന്നുവെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പഞ്ചാബ് കേസരിയെന്ന പ്രമുഖ ഹിന്ദി ഓണ്‍ലൈനായിരുന്നു വാര്‍ത്തയുമായി ആദ്യമെത്തിയത്. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രസിഡന്റിന്റെ ചെലവിലേക്ക് 66 കോടി നീക്കിവെച്ചപ്പോള്‍ ഉപരാഷ്ട്രപതിയുടേത് 377.21 കോടിയായിരുന്നു എന്നായിരുന്നു പഞ്ചാബ് കേസരിയുടെ റിപ്പോര്‍ട്ട്.


Don”t Miss: “ഉയരംകൂടുന്തോറും വീഴ്ചയുടെ ശക്തികൂടുമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്” രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജിന് നടിയുടെ സഹോദരന്റെ തുറന്ന കത്ത്


പിന്നാലെ വാര്‍ത്ത ട്വിറ്ററിലൂടേയും മറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെയും പ്രചരിക്കുകയായിരുന്നു. അന്‍സാരി സ്ഥാനം ഒഴിഞ്ഞതോടെ പ്രചരണം കനക്കുകയും ചെയ്തു. വ്യാജ വാര്‍ത്തകള്‍ക്ക് പേരുകേട്ട ഡി.ഡി ഭാരതിയും ഇതേറ്റു പിടിച്ചു. ഒരു കട്ടയ്ക്ക് കൂട്ടി പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാളും കൂടുതലാണ് അന്‍സാരിയുടെ ചെലവെന്നും അവര്‍ പറഞ്ഞു.

ഇന്ത്യ സംവാദിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞതാകട്ടെ ബോളിവുഡ് താരങ്ങളേക്കാള്‍ ചെലവ് അന്‍സാരിയ്ക്കുണ്ടെന്നായിരുന്നു. വാര്‍ത്തയുടെ സോഴ്‌സായി പറഞ്ഞത് സുപ്രീം കോടതിയിലെ അഭിഭാഷകനായ പ്രശാന്ത് ഉംറാവോയുടെ പ്രസ്താവനയായിരുന്നു.


Also Read:  ‘അങ്ങനെയൊന്നും ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല’; വിജയ്-സൂര്യ ആരാധകയുദ്ധത്തില്‍ തന്റെ പോസ്റ്റിന് വിശദീകരണവുമായി അനുശ്രീ


ഈ വാര്‍ത്തകളേയെല്ലാം പൊളിച്ചടുക്കുകയാണ് ആള്‍ട്ട് ന്യൂസ്. പ്രസിഡന്റിനേക്കാളും ആറ് മടങ്ങുണ്ടെന്നും 377.21 കോടിയുണ്ടെന്നുമെല്ലാം പറഞ്ഞ ഉപരാഷ്ട്രപതിയുടെ യഥാര്‍ത്ഥ ചെലവാകട്ടെ, 2017-18 കാലയളവില്‍, 4.61 കോടി മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോള്‍ 377.21 കോടിയെന്നത് എവിടുന്ന് വന്നു? രാജ്യസഭയുടെ മുഴുവന്‍ വാര്‍ഷിക ചെലവാണ് ഈ തുക. 2016-17 വര്‍ഷത്തിലേതാണ് കണക്ക്. ഈ കണക്ക് യുണിയന്‍ ബജറ്റ് രേഖകളും വ്യക്മതാക്കുന്നുണ്ട്.

പ്രധാനമന്ത്രിയേക്കാള്‍ ഏഴുമടങ്ങാണ് ഉപരാഷ്ട്രപതിയുടെ വിദേശയാത്രയുടെ ചെലവെന്നതായിരുന്നു മറ്റൊരു ഓണ്‍ലൈന്‍ മാധ്യമമായ പോസ്റ്റ് കാര്‍ഡിന്റെ വാര്‍ത്ത. എന്നാല്‍ ഇതും വാസ്തവ വിരുദ്ധമാണെന്ന് കണക്കുകള്‍ പറയുന്നു. 2008 മുതല്‍ 2017 വരെ ഇതിനായി ചെലവാക്കിയെന്ന് എം.ഇ.എയ്ക്ക് നല്‍കിയ ബില്ലില്‍ പറയുന്നത് 206.19 കോടിയാണ്. പ്രധാനമന്ത്രി 2016-17 കാലഘട്ടത്തില്‍ മാത്രം നടത്തിയ യാത്രയുടെ ചെലവാകട്ടെ 47.37 കോടിയും. നേരത്തെ തന്നെ അന്‍സാരിയ്‌ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുന്നിലുണ്ടായിരുന്ന പോര്‍ട്ടലാണ് പോസ്റ്റ് കാര്‍ഡ് എന്നതും ശ്രദ്ധേയമാണ്.

നേരത്തെ, രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയെ കുറിച്ച് തുറന്നടിച്ചതിന് പിന്നലെ അന്‍സാരിയ്‌ക്കെതിരെ സംഘപരിവാറിന്റെ വ്യാപക പ്രചരണങ്ങളും മറ്റുമുണ്ടായിരുന്നു. അത്തരം പ്രചരണങ്ങളുടെ ഭാഗമാണ് ഈ വാര്‍ത്തകളുമെന്നാണ് ആള്‍ട്ട് ന്യൂസ് പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more