| Friday, 14th April 2023, 1:56 pm

ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജനം നടത്തുന്നവരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍: സോണിയ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭരണത്തിലിരിക്കുന്നവര്‍ ഭരണഘടനയെ അട്ടിമറിക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. വ്യവസ്ഥാപിതമായ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് ഭരണഘടനയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

അധികാരത്തെ ദുരുപയോഗം ചെയ്ത് ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരില്‍ ഇന്ത്യയെ വിഭജിക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികളെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഡോ. ബി.ആര്‍ അംബേദ്കറുടെ 132ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദി ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ബാബാസാഹിബ് അംബേദ്കറുടെ സ്മരണകളിലാണ് നാം ഇന്ന്. ഭരണഘടനയുടെ വിജയം ഭരണകര്‍ത്താക്കളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും എന്ന് ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം നല്‍കിയ മുന്നറിയിപ്പ് നമ്മള്‍ ഇന്ന് തീര്‍ച്ചയായും ഓര്‍ക്കേണ്ടതുണ്ട്,’ സോണിയ പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി മുതലായ സങ്കല്‍പങ്ങളെ ഭരണാധികാരികള്‍ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

‘സ്വാതന്ത്ര്യം ഭീഷണി നേരിടുകയാണ്, ജനങ്ങളുടെ അവകാശങ്ങളെയും സമത്വത്തെയും സംരക്ഷിക്കുന്നതിന് പകരം നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് ജനങ്ങളെ ഉപദ്രവിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. അവരുടെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുകയും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയുമാണ്. ഇന്ത്യന്‍ ജനസംഖ്യയിലെ ഭൂരിഭാഗവും വലിയ സാമ്പത്തിക പ്രശ്‌നങ്ങളാണ് അനുഭവിക്കുന്നത്,’ സോണിയ അഭിപ്രായപ്പെട്ടു.

മന:പൂര്‍വമായി സൃഷ്ടിച്ചെടുക്കുന്ന വെറുപ്പിന്റെയും ധ്രുവീകരണത്തിന്റെയും അന്തരീക്ഷത്തില്‍ സാഹോദര്യം എന്ന സങ്കല്‍പം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും, ജുഡീഷ്യറിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമങ്ങള്‍ ഭരണകൂടം നടത്തുകയാണെന്നും ഇതിലൂടെ നീതിനിഷേധത്തിന്റെ തോത് വര്‍ധിക്കുകയാണെന്നും സോണിയ ആരോപിച്ചു.

വ്യത്യസ്തമായ രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലും പെട്ടവരാണെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്ന ഈ അടിയന്തര സാഹചര്യത്തില്‍ എല്ലാവരും അവരവരുടേതായ ഇടപെടലുകള്‍ നടത്തണമെന്നും അംബേദ്കറിന്റെ ജീവിതവും സമരങ്ങളും നമുക്ക് മുന്നില്‍ വഴികാട്ടിയായുണ്ടെന്നും അവര്‍ പറഞ്ഞു. ശക്തമായ സംവാദവും വിയോജിപ്പും ഉണ്ടായി വരണമെന്നും എന്നാല്‍ രാജ്യത്തിന്റെ താത്പര്യമായിരിക്കണം ആത്യന്തിക ലക്ഷ്യമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

Content Highlights: The real anti nationals are those who divide in the name of caste and religion: Sonia Gandhi

We use cookies to give you the best possible experience. Learn more