ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം വേണമോ വേണ്ടയോ എന്ന ചര്‍ച്ച കേരളത്തിലുയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കോടതിയും മാറി മാറി വരുന്ന സര്‍ക്കാരുകളും ഈ വിഷയത്തില്‍ പലതവണ അഭിപ്രായങ്ങള്‍ പങ്കുവെച്ചിട്ടുള്ളതുമാണ്. കഴിഞ്ഞ ഒക്ടോബറില്‍ കേരളത്തിലെ കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കണമെന്ന നിര്‍ദ്ദേശം കേരള ഹൈക്കോടതിയും മുന്നോട്ട് വച്ചിരുന്നു. ഇതിനെതിരെ സംസ്ഥാനത്തെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ സമരങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചതുമാണ്.
എന്നാല്‍ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്ന വാര്‍ത്തയാണ് കഴിഞ്ഞദിവസം കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. സ്വാശ്രയ വിദ്യാഭായസ മേഖലയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് കെ.കെ. ദിനേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകാരം നല്‍കുകയുണ്ടായി.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക അനധ്യാപകര്‍ക്കും സംഘടനാ പ്രവര്‍ത്തനം അനുവദിക്കാന്‍ നിയമനിര്‍മാണം വേണമെന്ന റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ച് കഴിഞ്ഞിരിക്കുകയാണ്.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കും സംഘടനാ പ്രവര്‍ത്തനം അനുവദിക്കാനുതകുംവിധം നിയമനിര്‍മ്മാണം നടത്തണമെന്നാണ് ജസ്റ്റിസ് കെ.കെ. ദിനേശന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആയുധങ്ങളില്ലാതെ സമാധാനപരമായ ഒത്തുചേരല്‍, സംഘടനാരൂപീകരണം എന്നിവയ്ക്കുള്ള സാധുത പരിശോധിക്കാനും റിപ്പോര്‍ട്ടില്‍ പറയുന്നു. മാനേജ്മെന്റും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ ഓംബുഡ്സ്മാന്‍ രൂപീകരിക്കാന്‍ നിയമഭേദഗതി വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
സ്വശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംഘടനാപ്രവര്‍ത്തനം അംഗീകരിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചെന്ന വാര്‍ത്തയെ കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ജസ്റ്റിസ് ദിനേശന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുകയാണെന്നും തങ്ങളുന്നയിച്ച ആവശ്യമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അംഗീകരിക്കപ്പെട്ടതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “ദിനേശന്‍ കമ്മീഷനു മുന്നില്‍ ഞങ്ങള്‍ പല തവണ ഹാജരായതാണ്. ഞങ്ങളുള്‍പ്പെടെ ഉന്നയിച്ച ആവശ്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ടിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സ്വാശ്രയ കോളേജുകളിലുള്‍പ്പെടെ വിദ്യാര്‍ത്ഥി സംഘടനാ രാഷ്ട്രീയം അനുവദിക്കണമെന്നത് കാലങ്ങളായി ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആവശ്യമായിരുന്നു. ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചതും ആ കമ്മീഷന്‍ സ്വാശ്രയ കോളേജുകളിലുള്‍പ്പെടെ വിദ്യാര്‍ത്ഥി സംഘടനാ രാഷ്ട്രീയം വേണമെന്ന കാര്യം മുന്നോട്ട് വെക്കുകയും ചെയ്തത് സ്വാഗതാര്‍ഹമായ കാര്യമാണ്.” വിജിന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതാകും പുതിയ നിയമനിര്‍മ്മാണമെന്നും വിജിന്‍ പറഞ്ഞു. പ്രഗല്‍ഭരായ ആള്‍ക്കാര്‍ ഉള്‍പ്പെട്ട കമ്മീഷനാണ് ജസ്റ്റിസ് ദിനേശന്‍ കമ്മീഷന്‍. അതുകൊണ്ട് തന്നെ ആ കമ്മിറ്റി വിഷയത്തെക്കുറിച്ച് ഗൗരവത്തില്‍ തന്നെ പഠനം നടത്തിയിട്ടുണ്ടെന്നും വിജിന്‍ കൂട്ടിച്ചേര്‍ത്തു. “കമ്മിറ്റി ഗൗരവമായി പഠനം നടത്തിയിട്ടുണ്ട്. കേരളത്തില്‍ സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിന്റെയെല്ലാം പരിഹാരമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്.” വിജിന്‍ പറഞ്ഞു.
ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വേണമെന്നും അതില്ലാത്തിടങ്ങളിലാണ് ഇടിമുറികളുണ്ടാകുന്നതെന്ന ചൂണ്ടിക്കാട്ടിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അതുതന്നെയാണ് പാമ്പാടി നെഹ്‌റു കോളേജിലും വെള്ളപ്പള്ളി നടേശന്‍ കേളേജിലും ടോംസ് കോളേജിലുമെല്ലാം കണ്ടതെന്നും പറഞ്ഞു. പലയിടങ്ങളിലും പീഡനം ഏറ്റുവാങ്ങുന്ന വിദ്യാര്‍ത്ഥി തലമുറയെയാണ് നേരിട്ട് കണ്ടതെന്നും അതുകൊണ്ട് തന്നെ കമ്മീഷന്റെ റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമായ കാര്യമാണെന്നും പറഞ്ഞ വിജിന്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് കൂടുതല്‍ കരുത്തു പകരുമെന്നും കൂട്ടിച്ചേര്‍ത്തു.
സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പ്രതീക്ഷയുടെ ദിനങ്ങളാണെന്നും വിജിന്‍ പറഞ്ഞു. “അടിച്ചമര്‍ത്തപ്പെടുന്നവന് ആ അടിച്ചമര്‍ത്തപ്പെടലില്‍ നിന്നും രക്ഷനേടാനുള്ള ആയുധമെന്നു പറയുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയമാണ്, ക്യാമ്പസ് ജനാധിപത്യമാണ്. അതിലേക്കിപ്പോള്‍ കടന്നിരിക്കുകയാണ്. സാധാരണമായ കാര്യമാണത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമനിര്‍മ്മാണം വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് എത്രയും പെട്ടെന്ന് ഉണ്ടാകുമെന്ന പ്രതീക്ഷിക്കുകയാണെന്നും പറഞ്ഞ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഇതുപോലെയുള്ള കമ്മീഷനെ നിയമിക്കാനും ഇത്തരം മാതൃകാപരമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിനു എല്ലാവിധ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന ദിനേശന്‍ കമ്മീഷന്‍ സിറ്റിങ്ങില്‍ തങ്ങളും പങ്കെടുത്തിരുന്നെന്നും അതില്‍ മുന്നോട്ട് വെച്ചിരുന്ന നിരവധി ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സംഘടനാ സ്വാതന്ത്രമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹാബ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചതിനെ നല്ല തീരുമാനമായാണ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി കാണുന്നതെന്നും മിസ്ഹാബ് പറയുന്നു.
“സംഘടനാ സ്വാതന്ത്ര്യം നല്‍കാനുള്ള തീരുമാനത്തെ വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ നല്ല ലക്ഷണമായാണ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി കാണുന്നത്. സര്‍ക്കാരിന്റെ തീരുമാനത്തെ സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയാണ്. ഞങ്ങളുടെ പ്രധാന ആവശ്യമായിരുന്നു അത്.” മിസ്ഹാബ് പറഞ്ഞു. അഫിലിയേഷന്‍ കൊടുക്കുന്ന സമയത്ത് അവിടുത്തെ അധ്യാപകരുടെ യോഗ്യത സംബന്ധിച്ച വിദ്യാര്‍ത്ഥി പ്രതിനിധികളോട് അഭിപ്രായം തേടേണ്ടതുണ്ടെന്നു തുടങ്ങിയ പല ആവശ്യങ്ങളും മുന്നോട്ട് വച്ചിരുന്നെന്നും പൂര്‍ണ്ണമായും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നും പറഞ്ഞ എം.എസ്.എഫ് പ്രസിഡന്റ് സംഘടനാ സ്വാതന്ത്രം അനുവദിച്ചത് നല്ല കാര്യമായാണ് കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ഇതിനെ പുതിയൊരു ചുവടുവെയ്പ്പായാണ് തങ്ങള്‍ കാണുന്നതെന്നും കാലാനുസൃതമായി ഇതിനേക്കാള്‍ മെച്ചപ്പെട്ട മാറ്റം വരുമെന്നും പറഞ്ഞ മിസ്ഹാബ് നിയമ നിര്‍മ്മാണത്തിനു മറ്റു തടസങ്ങള്‍ ഉണ്ടകുമെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു. “സംഘടനാ സ്വാതന്ത്ര്യം കേവലം വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം മാത്രല്ലലോ, അധ്യാപക- അനധ്യാപക ആ രീതിയിലൊക്കെ ഉണ്ടല്ലോ” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.