ദുര്‍മന്ത്രവാദ ആരോപണവുമായി രംഗത്തെത്തിയ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ലോക്‌സഭയില്‍ വമ്പന്‍ പരാജയം; വിജയിപ്പിച്ചെടുക്കാന്‍ സഹായികളെ നിയമിക്കാന്‍ ആര്‍.എസ്.എസ്
national news
ദുര്‍മന്ത്രവാദ ആരോപണവുമായി രംഗത്തെത്തിയ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ലോക്‌സഭയില്‍ വമ്പന്‍ പരാജയം; വിജയിപ്പിച്ചെടുക്കാന്‍ സഹായികളെ നിയമിക്കാന്‍ ആര്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2019, 5:21 pm

തുടര്‍ച്ചയായുള്ള ബി.ജെ.പി നേതാക്കളുടെ മരണത്തിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ ദുര്‍മന്ത്രവാദമാണെന്ന പ്രസ്താവനയാണ് ഭോപ്പാല്‍ എം.പി പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്. ഇതിന് മുമ്പ് ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.

വിവാദ പ്രസ്താവനകള്‍ നടത്തുന്നു എന്നതൊഴിച്ചാല്‍ ലോക്‌സഭയില്‍ പ്രഗ്യ വന്‍പരാജയമാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന കണക്കുകള്‍. ഇതിനെ തുടര്‍ന്ന് പ്രഗ്യയെ സഹായിക്കാന്‍ സഹായികളെ നിയമിക്കാന്‍ ആര്‍.എസ്.എസ് തീരുമാനിച്ചു.

54 ദിവസം നീണ്ടുനിന്ന പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിലെ ചോദ്യോത്തര വേളയില്‍ തന്റെ മണ്ഡലമായ ഭോപ്പാലിനെ കുറിച്ച് ഒരു വാക്ക് പോലും പ്രഗ്യ പറഞ്ഞിട്ടില്ല. ചോദ്യോത്തര വേളയില്‍ ആകെ നാല് പ്രശ്‌നങ്ങളാണ് പ്രഗ്യ ഉയര്‍ത്തിയത്. ഇതിലൊന്നും ഭോപ്പാലിനെ കുറിച്ചായിരുന്നില്ല. ഈ ചോദ്യങ്ങളൊന്നും തന്നെ പ്രസക്തി ഇല്ലാത്തതായിരുന്നുവെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍.എസ്.എസ് സഹായികളെ നിയമിക്കാന്‍ തീരുമാനിച്ചത്.

അതിനിടെ പ്രസ്താവനകള്‍ വിവാദമായതിനെ തുടര്‍ന്ന് പ്രഗ്യയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടാന്‍ മധ്യപ്രദേശ് ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍ നടപടി ആരംഭിച്ചു. പ്രഗ്യയുടെ പ്രസ്താവനകള്‍ സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രതിശ്ചായയെ നശിപ്പിക്കുന്നു എന്നാണ് ഇവരുടെ ആരോപണം.