| Friday, 20th December 2024, 8:21 am

അയോധ്യയിലെ രാമക്ഷേത്രം ഒരു വികാരമായിരുന്നു; എല്ലായിടത്തും അതുപോലെ ചെയ്യേണ്ടതില്ല: മോഹന്‍ ഭഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അയോധ്യ മോഡല്‍ തര്‍ക്കങ്ങള്‍ നടക്കുന്നതില്‍ വിമര്‍ശനവുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഇത്തരത്തില്‍ ക്ഷേത്രങ്ങളില്‍ ഹിന്ദു നേതാക്കള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ അസ്വീകാര്യമാണെന്നും എന്നാല്‍ രാമക്ഷേത്രം ഒരു വികാരമായിരുന്നു എന്നുമാണ് മോഹന്‍ ഭഗവതിന്റെ പ്രസ്താവന.

നാനാവിഭാഗത്തില്‍പ്പെട്ട മതങ്ങള്‍ ഐക്യത്തോടെ ജീവിക്കുന്നത് എങ്ങനെയാണെന്ന മാതൃകയാണ് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുക്കേണ്ടതെന്നും മോഹന്‍ ഭഗവത് പറഞ്ഞു. യു.പി സംഭാലിലെ ഷാഹി ജുമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷെരീഫും ഉള്‍പ്പെടെയുള്ള മസ്ജിദുകള്‍ക്ക് നേരെ ഉയര്‍ന്ന തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹന്‍ ഭഗവതിന്റെ പ്രസ്താവന.

പൂനെയില്‍ നടന്ന ഒരു പരിപാടിക്കിടെ ‘വിശ്വഗുരു ഭാരത്’ എന്ന വിഷയത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരമാര്‍ശം.

ഇതിന് മുമ്പും രാമക്ഷേത്രത്തിന്റെ മാതൃകയില്‍ മറ്റ് ആരാധനാലയങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനെ ആര്‍.എസ്.എസ് മേധാവി വിമര്‍ശിച്ചിരുന്നു.

ഇന്ത്യക്കാര്‍ മുന്‍കാല തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അവ തിരുത്തി മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാകാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഉയര്‍ന്നുവന്ന തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രാമക്ഷേത്രം വിശ്വാസത്തിന്റെ കാര്യമാണ്, അത് നിര്‍മിക്കപ്പെടണമെന്ന് ഹിന്ദുക്കള്‍ക്ക് തോന്നി. എന്നാല്‍ കേവലം വിദ്വേഷം കാരണം പുതിയ ചില സൈറ്റുകളെ കുറിച്ച് പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല,’ മോഹന്‍ ഭഗവത് പറഞ്ഞു.

കൂടാതെ മറ്റ് മതങ്ങളെ അധിക്ഷേപിക്കുന്നത് ഭാരതീയ സംസ്‌ക്കാരത്തിന്റെ ഭാഗമല്ലെന്നും അതിലുപരി എല്ലാവര്‍ക്കും അവരുടെ മതവിശ്വാസപ്രകാരം ആരാധന നടത്താന്‍ കഴിയണമെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു.

Content Highlight: The Ram Temple was a matter of faith; No need to do the same everywhere says RSS chief Mohan Bhagwat

We use cookies to give you the best possible experience. Learn more