എന്നാല്‍ സഞ്ജുവിനെതിരെ കൃത്യമായ പ്ലാനിങ്ങുമായിട്ടായിരിക്കും നിതീഷ് റാണ തന്റെ ടീമിനെ കളത്തില്‍ വിന്യസിക്കുക. ഇതില്‍ പ്രധാനം സഞ്ജുവിനെ സ്‌കോര്‍ ചെയ്യാതെ തടഞ്ഞു നിര്‍ത്തുക എന്നതുതന്നെയായിരിക്കും. നിതീഷ് ഈ ചുമതലയേല്‍പ്പിക്കുക സുനില്‍ നരെയ്‌നെയായിരിക്കും.
നരെയ്‌നെതിരെ മികച്ച റെക്കോഡല്ല സഞ്ജുവിനുള്ളത്. ടി-20യില്‍ 12 തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണ സഞ്ജു നരെയ്‌ന്റെ കൈകൊണ്ട് പുറത്തായിട്ടുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ ഭയപ്പെടുത്തുന്ന വസ്തുതയെന്തെന്നാല്‍ തന്റെ പന്തുകളില്‍ സഞ്ജുവിനെ സ്‌കോര്‍ ചെയ്യാന്‍ നരെയ്ന്‍ അനുവദിക്കാറില്ല എന്നതാണ്.
നരെയ്‌നെതിരെ കളിച്ച 78 പന്തില്‍ വെറും 64 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്. 82.05 എന്ന മോശം സ്‌ട്രൈക്ക് റേറ്റാണ് നരെയ്‌നെതിരെ സഞ്ജുവിനുള്ളത്. സഞ്ജുവിന്റെ ഈ ഡിസ് അഡ്വാന്റേജ് മുതലാക്കാന്‍ തന്നെയായിരിക്കും നിതീഷും നരെയ്‌നും ശ്രമിക്കുക.
എന്നാല്‍ ഈ സീസണില്‍ നരെയ്ന്‍ കാര്യമായ ഫോമിലല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. 11 മത്സരത്തില്‍ നിന്നും 327 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് നരെയ്ന്‍ തന്റെ പേരിലാക്കിയത്. 46.71 എന്ന ആവറേജിലും 8.60 എന്ന എക്കോണമിയിലുമാണ് താരം പന്തെറിയുന്നത്. നിലവില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 35ാം സ്ഥാനത്താണ് നരെയ്ന്‍.