| Saturday, 28th October 2023, 3:47 pm

ഭോപ്പാല്‍ ദുരന്ത കഥയുമായി 'ദി റെയില്‍വേ മെന്‍' ത്രില്ലര്‍ സീരിസ്; ടീസര്‍ പുറത്ത് വിട്ട് നെറ്റ്ഫ്‌ളിക്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.മാധവന്‍, കെ.കെ മേനോന്‍, ദിവ്യേന്ദു, ബാബില്‍ ഖാന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദി റെയില്‍വേ മെന്‍’ എന്ന നെറ്റ്ഫ്‌ളിക്‌സ് ത്രില്ലര്‍ സീരിസിന്റെ ടീസര്‍ പുറത്തു വന്നു. 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ പശ്ചാത്തലമാണ് സീരിസ് പറയുന്നത്.

‘ഭോപ്പാലിനെ എന്നെന്നേക്കുമായി മാറ്റിമറിച്ച ദുരന്ത രാത്രിയില്‍ ആയിരക്കണക്കിന് ജീവന്‍ രക്ഷിച്ച നായകന്മാരുടെ കഥ’ എന്ന് പറഞ്ഞു കൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് യൂട്യൂബില്‍ ടീസര്‍ പുറത്തു വിട്ടത്.

ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ കഥ മാത്രമല്ല, ആ രാത്രിയില്‍ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ റെയില്‍വേ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ കഥ കൂടിയാണ് സീരിസ് പറയുന്നത്.

1 മിനിറ്റ് 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആരംഭിക്കുന്നത് യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയും അതില്‍ നിന്നുള്ള വാതക ചോര്‍ച്ചയും കാണിച്ചുകൊണ്ടാണ്. നവംബര്‍ 18നാണ് സീരിസ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസാകുന്നത്. മൊത്തം 4 എപ്പിസോഡുകളാണ് ഈ സീരിസില്‍ ഉള്ളത്.

ആയുഷ് ഗുപ്ത എഴുതി നവാഗത സംവിധായകന്‍ ശിവ് റാവെയില്‍ സംവിധാനം ചെയ്യുന്ന സീരിസിനായി നെറ്റ്ഫ്‌ളിക്‌സിനൊപ്പം യാഷ് രാജ് ഫിലിംസ് (YRF) പ്രൊഡക്ഷന്‍ ഹൗസും സഹകരിക്കുന്നുണ്ട്.

Content Highlight: The Railway Man Netflix Series Teaser Out Now

We use cookies to give you the best possible experience. Learn more