| Saturday, 20th September 2014, 11:49 am

മാതൃഭൂമിയില്‍ നില്‍പ്പ് സമരത്തിനെതിരെ വംശീയവിദ്വേഷമുള്ള കാര്‍ട്ടൂണും ലേഖനവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തിരുവനന്തപുരത്ത് ഗോത്രമഹാ സഭ നടത്തിവരുന്ന ആദിവാസികളുടെ നില്‍പ്പ് സമരത്തെ കളിയാക്കി മാതൃഭൂമി ദിനപത്രത്തില്‍ വംശീയവിദ്വേഷമുള്ള  കാര്‍ട്ടൂണും ലേഖനവും. ഇന്നത്തെ കോഴിക്കോട് എഡിഷനിലെ നഗരം സിനിമാ സ്‌പെഷ്യലായ ചിത്രഭൂമിയിലാണ് കാര്‍ട്ടൂണും ലേഖനവും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. “കട് കട് ഉപോദ്ബലന്‍” എന്ന പംക്തിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ആദിവാസികളെ വംശീയമായി കളിയാക്കുന്ന വിധമാണ് ചിത്രവും ലേഖനവും. മാതൃഭൂമിയുടെ കാര്‍ട്ടൂണിസ്റ്റായ ദേവപ്രകാശിന്റേതാണ് കാര്‍ട്ടൂണ്‍. കാര്‍ട്ടൂണില്‍ ആദിവാസികളെ കറുത്ത വര്‍ഗ്ഗക്കാരുടെ രൂപത്തിലും വൃത്തിയില്ലാത്തവരുമായുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദിവാസികളുടെ ഈ രൂപം മോശമായ വിധത്തിലാണ് കാര്‍ട്ടൂണില്‍. അതേസമയം സിനിമാക്കാരെ വെളുത്തവരും ബിക്കിനിധരിച്ചവരുമായും വരച്ചിരിക്കുന്നു. മാത്രവുമല്ല സിനിമാക്കാരെ ഏതോ ലോകത്തു നിന്നു വന്നവര്‍ എന്ന നിലയില്‍ പരിഭ്രാന്തരായി നോക്കുന്നവരായാണ് കാര്‍ട്ടൂണ്‍ ചിത്രീകരിച്ചിരിക്കുന്നത്.

കാര്‍ട്ടൂണിലുള്ള ആദിവാസികള്‍ നഗരമധ്യത്തില്‍ അര്‍ദ്ധ നഗ്നരാണ്. പരമ്പരാഗത ഗോത്രവസ്ത്രമാണ് ചിത്രത്തില്‍ അവര്‍ ധരിച്ചിരിക്കുന്നത്. ആദിവാസികള്‍ അപരിഷ്‌കൃതരും സ്ഥലകാലബോധമില്ലാത്തവരും ആധുനിക സമൂഹത്തില്‍ ജീവിക്കാന്‍ അനുയോജ്യരല്ലാത്തവരും കാടിനുള്ളില്‍ ഒതുങ്ങേണ്ടവരുമാണെന്നാണ് കാര്‍ട്ടൂണ്‍ വ്യക്തമാക്കുന്നത്.

“ഇത് ആദിവാസികളെ വംശീയമായി കളിയാക്കുക മാത്രമല്ല, മറിച്ച് അവരുടെ സമരത്തെ അസാധുവാക്കുന്ന  ഒന്നുകൂടിയാണ്. നില്‍പ്പ് സമരത്തിന് ഒരു കാര്യവുമില്ലെന്നാണ് ഈ കാര്‍ടൂണ്‍ പറയുന്നത്.” പ്രമുഖനായ ഒരു ദളിത് സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡൂള്‍ന്യൂസിനോട് അഭിപ്രായപ്പെട്ടു.

ഇത്തരം വംശീയ വെറിയുള്ള കാര്‍ട്ടൂണുകളുടെയും ആവിഷ്‌കാരങ്ങളുടെയും പേരില്‍ ലോക മാധ്യമങ്ങള്‍ തന്നെ വിമര്‍ശനം നേരിട്ടിട്ടുണ്ട്. ടൈംസ് മാഗസിനുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ തങ്ങളുടെ വംശീയ വിദ്വേഷപരമായ പ്രകാശനങ്ങള്‍ക്ക് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.


Read More:

മാതൃഭൂമി വംശീയ കാര്‍ട്ടൂണ്‍: ആഷിഖ് അബുവിന്റെ പ്രതികരണം


വായിക്കൂ…

ലേഖനവും ആദിവാസികളെ കളിയാക്കും വിധമായിരുന്നു തയ്യാറാക്കിയിരിക്കുന്നത്. ഇന്നത്തെ ലോകം പരിചിതമല്ലാത്ത ഏതോ ലോകത്ത് അഥവാ “കാടിനുള്ളില്‍” കഴിയുന്നവരാണ് ആദിവാസികളെന്നും അവരെ പിന്തുണയ്ക്കാനെത്തിയ സിനിമാക്കാര്‍ കപടരാണെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.

മൃഷ്ടാന്നം ഭുജിച്ച് മലര്‍ന്നുകിടന്നപ്പോള്‍ ഭക്ഷണം പള്ളയില്‍ കൊളുത്തിയതുകൊണ്ടാണ് സിനിമാ പ്രവര്‍ത്തകര്‍ ആദിവാസികളുടെ നില്‍പ്പുസമരത്തെ പിന്തുണയ്ക്കാനെത്തിയതെന്നും നാട്ടില്‍ പള്ളു പറഞ്ഞ് തീര്‍ന്നു ഇനി “കാട്ടിലേയ്ക്കങ്ങു കയറാം” എന്നുകരുതിയാണ് അവര്‍ എത്തിയതെന്നുമാണ് മാതൃഭൂമി പറയുന്നത്. മാത്രവുമല്ല ആദിവാസികളുടെ മുടി മുത്തങ്ങാക്കാടുപോലെയാണെന്നും യുവജനറേഷന്‍ പിള്ളേരും ആദിവാസികളും തമ്മിലുള്ള ബന്ധം അതാണെന്നും ലേഖനത്തില്‍ കളിയാക്കുന്നുണ്ട്.

“പാവങ്ങള്‍ കാട്ടില്‍ അടങ്ങിയൊതുങ്ങിക്കഴിയുകയാണ്. ആര്‍ക്കും ഒരു ശല്യവും ഉണ്ടാക്കുന്നില്ല. സിനിമാ കാണാത്തതുകൊണ്ട് പ്രത്യേകിച്ച് ദീനങ്ങളുമില്ല. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. അവര് മാത്രം അങ്ങ് സുഖിച്ച് കഴിയണ്ട. ഈ വിവാദം വിവാദം എന്നു പറയുന്ന അസുഖത്തിന്റെ ചൊറിച്ചില്‍ ലവരും ഒന്ന് അറിയട്ടെ.” മാതൃഭൂമി സിനിമാക്കാരെ കളിയാക്കുന്നു.

അടുത്തകാലത്തായി ആദിവാസി പ്രശ്‌നവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഡോക്ടര്‍ ബിജുവിനെയും വെറുതെ വിടാന്‍ മാതൃഭൂമി തയ്യാറല്ല. “ഡോക്ടര്‍” എന്നാണ് സംഭവം പരാമര്‍ശിച്ചുകൊണ്ട് ഡോക്ടര്‍ ബിജുവിനെ വിളിക്കുന്നത്.  ഭിഷഗ്വരനായ ബുദ്ധിജീവികളുടെ എല്ലിനായിരുന്നു ആദ്യകൊളുത്തിപ്പിടുത്തമെന്നും “ലുലു മാളില്‍ കയറിയ അട്ടപ്പാടികള്‍” എന്ന് എവിടെ നിന്നോ കേട്ടപാടെ യുറീക്കാ എന്നലറി ഡോക്ടര്‍ നീട്ടിപ്പിടിച്ച് കുറുപ്പെഴുതി എന്നും ആക്ഷേപിക്കുന്നു.

[]സോഷ്യല്‍ മീഡിയയാണ് ലേഖനത്തിലെ മറ്റൊരു വിമര്‍ശന കേന്ദ്രം. “അപ്പന്റെ ഡെഡ്‌ബോഡിക്ക് ലൈക്കടിച്ചാണ് നവമാധ്യമക്കാലത്ത് ചിതയ്ക്ക് തീകൊളുത്തല്‍ പോലും” എന്ന് ലേഖനം പറയുന്നു. പണ്ടത്തെപ്പോലെ മൈക്കെടുത്ത് വിളിച്ചുകൂവാനോ പത്രസമ്മേളനം വിളിക്കാനോ പോവേണ്ട കാര്യമില്ലന്നും എന്തിനും ഏതിനും ഫേസ്ബുക്കുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

ആദിവാസികള്‍ക്ക് പിന്തുണ അറിയിച്ച സിനിമാക്കാരെ കളിയാക്കാന്‍ വേണ്ടി തയ്യാറാക്കിയ ലേഖനവും കാര്‍ട്ടൂണും വാസ്തവത്തില്‍ ആദിവാസികളെയും ദളിതരെയും തന്നെ കളിയാക്കുന്നവിധമാണ് മാറിയിരിക്കുന്നത്.

ആദിവാസികളുടെ നില്‍പ്പ് സമരത്തെ പ്രമുഖ മാധ്യമങ്ങള്‍ അവഗണിക്കുകയായിരുന്നു. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ നില്‍പ്പ് സമരത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ സമരത്തെ സജീവമായ ചര്‍ച്ചകളിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. ഇതേ തുടര്‍ന്ന് സാമൂഹ്യ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ ചര്‍ച്ചകളിലേക്ക് കടന്നുവരികയും സമരത്തിലേയ്ക്ക് ഐക്യപ്പെടുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് ആഷിക് അബു ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സമരപ്പന്തലിലെത്തിയത്. ചലച്ചിത്രപ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തിയത് സമരത്തിന് ഗുണമാണെന്നും സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more