| Tuesday, 12th September 2023, 8:54 am

നിയമസഭയിലെ ചര്‍ച്ചകളുടെ നിലവാരം കുറയുന്നു, വീരസ്യം പറയാനും ഗ്വാഗ്വാ വിളിക്കാനും വേറെ സ്ഥലം നോക്കണം: ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരള നിയമസഭയിലെ ചര്‍ച്ചകളുടെ നിലവാരം കുറയുന്നുവെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. രാഷ്ട്രീയ സംവാദങ്ങള്‍ നടത്താനും പാര്‍ട്ടികളുടെ വീരസ്യം പറയാനും ഗ്വാഗ്വാ വിളിക്കാനും സഭക്ക് പുറത്ത് വേറെ സ്ഥലം നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയമനിര്‍മ്മാണം, നിയമഭേദഗതികള്‍ എന്നിവയാണ് നിയമസഭയുടെ പ്രധാന ജോലി. അത് സംബന്ധിച്ച നിയമസംഹിതകള്‍, തത്വങ്ങള്‍, കോടതിവിധികള്‍ എന്നിവയ്ക്ക് പുറമേ അവനവന്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലങ്ങളിലെ ജനങ്ങളുടെ ഹിതം, പ്രശ്‌നങ്ങള്‍ ഒക്കെ ഉന്നയിക്കാനും അതിന്റെ പരിഹാരങ്ങളും ചര്‍ച്ച ചെയ്യാനുമാണ് നിയമസഭയിലെ ചര്‍ച്ചകള്‍ ഉപയോഗപ്പെടുത്തേണ്ടെതെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എ.എല്‍.എമാര്‍ക്ക് വെറും കക്ഷിരാഷ്ട്രീയം പറഞ്ഞു തമ്മിലടിക്കാനും പരസ്പരം കൂക്കി വിളിക്കാനും തര്‍ക്കിച്ചു തോല്‍പ്പിക്കാനും ബഹളം വെയ്ക്കാനും സിനിമാ ഡയലോഗ് പറയാനും സമരം നടത്താനുമുള്ള സ്ഥലമല്ല നിയമസഭയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ ചാനല്‍ ചര്‍ച്ച നടത്താനുഉള സ്ഥലമോ അത് സൈബര്‍ അണികള്‍ക്ക് പിറ്റേന്ന് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാക്കാനുള്ള പ്രസംഗമത്സരത്തിനുള്ള വേദിയോ അല്ലെന്നും അദ്ദേഹം പറയുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിയമസഭയുടെ നിലവാരമില്ലായ്മ – We deserve Better.
നിയമസഭ – നാട്ടിലെ സാധാരണക്കാരൻ കൊടുക്കുന്ന നികുതിപ്പണത്തിൽ നിന്ന് ദിനേന ലക്ഷങ്ങൾ ചെലവാക്കി നടത്തുന്ന നിയമനിർമ്മാണ സംവിധാനം. ഭരണഘടനയിൽ സ്റ്റേറ്റ് കൈകാര്യം ചെയ്യണമെന്ന് അനുശാസിച്ചിട്ടുള്ള 2 ലിസ്റ്റുകളിൽ പെട്ട വിഷയങ്ങളിൽ ജനങ്ങളും സംസ്ഥാനം പൊതുവിലും നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി അവ പരിഹരിക്കാൻ ആവശ്യമായനിയമനിർമ്മാണം, നിയമഭേദഗതികൾ എന്നിവയാണ് പ്രധാന ജോലി. അത് സംബന്ധിച്ച നിയമസംഹിതകൾ, തത്വങ്ങൾ, കോടതിവിധികൾ എന്നിവയ്ക്ക് പുറമേ അവനവൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലങ്ങളിലെ ജനങ്ങളുടെ ഹിതം, പ്രശ്നങ്ങൾ ഒക്കെ ഉന്നയിക്കാനും അതിന്റെ പരിഹാരങ്ങളും ചർച്ച ചെയ്യാനുമാണ് നിയമസഭയിലെ ചർച്ചകൾ.
നിയമസഭ നൽകുന്ന അധികാരങ്ങൾ മാത്രമാണ് സർക്കാരിന് – അതായത് മന്ത്രിസഭയ്ക്കും അതിനു കീഴിലുള്ള ഏതുദ്യോഗസ്ഥനും സ്ഥാപനത്തിനും. അതവർ വേണ്ടുംവിധം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനും തിരുത്താനും ഉതകുന്ന ശ്രദ്ധക്ഷണിക്കൽ, സബ്മിഷൻ അടിയന്തിരപ്രമേയം തുടങ്ങിയ പലതും സഭയുടെ നടപടിയുടെ ഭാഗമാണ്. സഭ കൂടുമ്പോൾ സകല വകുപ്പുകളുടെയും മേധാവികൾ മറ്റെല്ലാ തിരക്കും മാറ്റിവെച്ചു സഭയ്ക്ക് മറുപടി തയ്യാറാക്കാനും വിശദീകരിക്കാനും മറ്റും സഭയിലുണ്ടാകും.
ഇതിനൊക്കെയാണ് നമ്മൾ ലക്ഷക്കണക്കിന് / കോടിക്കണക്കിനു രൂപ ചെലവിട്ടു നിയമസഭ നടത്തുന്നത്.
MLA മാർക്ക് വെറും കക്ഷിരാഷ്ട്രീയം പറഞ്ഞു തമ്മിലടിക്കാനും പരസ്പരം കൂക്കി വിളിക്കാനും തർക്കിച്ചു തോൽപ്പിക്കാനും ബഹളം വെയ്ക്കാനും സിനിമാ ഡയലോഗ് പറയാനും സമരം നടത്താനും ഉള്ള സ്ഥലമല്ലത്. ചാനൽ ചർച്ച നടത്താനുഉള സ്ഥലവുമല്ല അത്. സൈബർ അണികൾക്ക് പിറ്റേന്ന് സോഷ്യൽ മീഡിയയിൽ ഹിറ്റാക്കാനുള്ള പ്രസംഗമത്സരത്തിനുള്ള വേദിയുമല്ല.
പാർട്ടികളുടെ വീരസ്യം പറയാനും ഗ്വാഗ്വാ വിളിക്കാനും രാഷ്ട്രീയ സംവാദങ്ങൾ നടത്താനും സഭയ്ക്ക് പുറത്ത് ഇത്തരക്കാർ വേറേ സ്ഥലം നോക്കണം. പന്തലിട്ടോ ഹാൾ വാടകയ്ക്ക് എടുത്തോ ചർച്ചകൾ നടത്തിക്കൊള്ളണം. അല്ലാതെ നിയമസഭയുടെ ഉദ്ദേശ ലക്ഷ്യങ്ങളുമായി പുലബന്ധമില്ലാത്ത കാര്യങ്ങൾക്ക് ആ സഭയുടെ വിലപ്പെട്ട സമയമോ ഊർജ്ജമോ പാഴാക്കാൻ ഒരു MLA യ്ക്കും അധികാരമില്ല. വോട്ടുചെയ്തു MLA ആക്കിയാൽ നിയമസഭയിൽ പോയി എന്ത് തോന്നിയവാസവും പറയാം കോടതിയിൽ പോലും ചോദ്യം ചെയ്യാനാവില്ല എന്ന തെറ്റിദ്ധാരണ ഭരണഘടനയ്ക്ക് നിരക്കുന്നതല്ല.
കേരളാ നിയമസഭയുടെ ചർച്ചകളുടെ നിലവാരം നന്നേ കുറഞ്ഞുവരികയാണ്. 60 കളിലെയും 70 കളിലെയും ചർച്ചകൾ വെബ്‌സൈറ്റിൽ ഉണ്ട്. ഒന്നെടുത്തു വായിച്ചുനോക്കൂ. കോളേജിൽ പോലും പോകാത്ത ബഹുമാന്യ അംഗങ്ങൾ എത്ര കാര്യക്ഷമമായി വിഷയങ്ങൾ സമഗ്രമായി പഠിച്ചു പറയുന്നു. പ്രതിപക്ഷബഹുമാനം കാണിക്കുന്നു, നിയമഭേദഗതികൾ നിർദ്ദേശിക്കുന്നു.. അന്ന് ഇന്റർനെറ്റ് ഇല്ല, കമ്പ്യൂട്ടർ ഇല്ല. മറ്റു രാജ്യങ്ങളിലോ സംസ്ഥാനങ്ങളിലോ ഉള്ള നിയമങ്ങളോ ചട്ടങ്ങളോ സ്ഥിതിവിവര കണക്കുകളോ കോടതിവിധികളോ ഇതുപോലെ ലഭ്യമല്ല. എന്നിട്ടും അവർ പഠിച്ചെടുത്തു അവതരിപ്പിച്ചു.
ഇന്ന് എല്ലാം വിരൽത്തുമ്പിൽ ഉണ്ട്. ലോകത്തെ ഏത് വിവരവും കിട്ടും. Administration നെ പറ്റിയോ legislation നെ പറ്റിയോ ലോകത്തുള്ള ഏത് യൂണിവേഴ്‌സിറ്റിയിലെയും പഠനങ്ങളോ ക്ളാസുകളോ അറിവോ ലഭ്യമാണ്. എത്രയെണ്ണം നമ്മൾ നിയമസഭയിൽ കേട്ടു? ഭരണഘടനയുടെ അലകും പിടിയും മാറുന്ന കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളെപ്പറ്റി എത്ര ഗൗരവമായ ചർച്ച നാം ഇവിടെ കേട്ടു? സംസ്ഥാനങ്ങളുടെ അതിർത്തികൾ എപ്പോൾ വേണമെങ്കിലും മാറ്റി വരയ്ക്കാമെന്നും സംസ്ഥാനങ്ങളെ വെട്ടിമുറിയ്ക്കാമെന്നും കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കാമെന്നും അതിനു അധികാരമുണ്ടെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലം നല്കിയതിനെപ്പറ്റി ഒരു ചർച്ച നാം കേട്ടോ?? ആ കേസുകളെപ്പറ്റി??
വീട് കത്തുന്ന വേളയിൽ മുറുക്കാൻ ചെല്ലവും കൊണ്ട് ചുറ്റിലിരുന്നു വെടിവട്ടം നടത്തുന്ന കുറേ ആളുകളെ കാണുന്നത് പോലെയാണ് നിയമസഭയെന്ന മഹനീയ സ്ഥലത്ത് നാമിന്നു കാണുന്നത്.
Shame !! Shame !!!
കേരളാ നിയമസഭയ്‌ക്കൊരു നിലവാരമുണ്ട്. സംസ്ഥാന സഭകൾ അടിയന്തിരമായി ചർച്ച ചെയ്യേണ്ട ഗുരുതരമായ ഭരണഘടനാ പ്രശ്നങ്ങൾ രാജ്യത്തുണ്ട്. ഇപ്പോഴത്തെ ഭരണ-പ്രതിപക്ഷത്ത് ഉള്ള അംഗങ്ങൾ അവസരത്തിനൊത്ത് ഉയരണമെന്നു നികുതി കൊടുക്കുന്ന ഒരു പൗരൻ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നുണ്ട്.
We deserve a better Legislature.
content highlights; The quality of debate in the legislature is declining: hareesh vasudevan
We use cookies to give you the best possible experience. Learn more