ആറളം: കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം. ദമ്പതികളുടെ മൃതദേഹവുമായെത്തിയ ആംബുലന്‍സ് പ്രദേശവാസികള്‍ തടഞ്ഞു.
പുറത്തുനിന്നുള്ള ആരെയും ദമ്പതികളുടെ വീട്ടിലേക്ക് കടത്തിവിടാന്‍ പ്രദേശവാസികള്‍ അനുവദിക്കുന്നില്ല. സി.പി.ഐ.എം നേതാവ് എം.വി. ജയരാജൻ അടക്കമുള്ള നേതാക്കളെ നാട്ടുകാർ തടഞ്ഞു.
പ്രതിഷേധത്തില്‍ ഇടപെട്ട പൊലീസും പ്രദേശവാസികളും തമ്മില്‍ ഏറ്റുമുട്ടി. സംഭവസ്ഥലത്ത് പ്രതിഷേധം തുടങ്ങിയിട്ട് ഒരുമണിക്കൂറില്‍ അധികം സമയമായിട്ടുണ്ട്. സ്ത്രീകളും കുട്ടികളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വനംമന്ത്രി എ.കെ. ശശീന്ദ്രനും കളക്ടറും നേരിട്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിലവില്‍ മന്ത്രി ആറളം പഞ്ചായത്തിലെ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാനിരിക്കുകയാണ്. യോഗത്തിന് ശേഷം മന്ത്രി വിഷയത്തില്‍ പ്രതികരിക്കുമെന്നാണ് നിഗമനം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആറളം ഫാമില്‍ 20ഓളം ആളുകള്‍ ആനയുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെ ആറളം ഫാമിലുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ വെള്ളി, ലീല എന്നീ ആദിവാസി ദമ്പതികളാണ് മരിച്ചത്.
ഫാമില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കണ്ണൂരിലെ ആദിവാസികളുടെ പുനരധിവാസ മേഖലയാണ് ആറളം.
ഫാമിലെ ബ്ലോക്ക് പതിമൂന്നില്‍ നിന്നാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ആന ചിവിട്ടിമെതിച്ച നിലയിലായിരുന്നു. കണ്ണൂരില്‍ ആദിവാസികളുടെ പുനരധിവാസ മേഖലയുടെ സമീപത്തായാണ് ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് തുടര്‍ച്ചയായി ജനവാസ മേഖലയിലേക്ക്ആനകള്‍ ഇറങ്ങാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ജനവാസ മേഖലയിലേക്കെത്തുന്ന ആനകളെ തടയാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. ആനമതിലിന്റെ നിര്‍മാണം പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlight: The protest against wild elephant attack in Aralam is strong; The locals want the forest minister to come directly