തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിൽ നിന്ന് കെ.എസ്.ഇ.ബി ഒമ്പത് കോടി ജെകൈപ്പറ്റി എന്ന പ്രചാരണം വ്യാജം . പ്രചരണത്തെ നിഷേധിച്ചുകൊണ്ട് കെ.എസ്.ഇ.ബി മുന്നോട്ടെത്തി. ജനങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനത്തിനെതിരെ തികച്ചും അവാസ്തവവും നികൃഷ്ടവുമായ പ്രചാരണങ്ങളാണ് പല വ്യക്തികളും നടത്തുന്നതെന്ന് കെ.എസ്.ഇ.ബി ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.
ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെ.എസ്.ഇ.ബി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ഇ.ബി. ജീവനക്കാർ രണ്ടു ഗഡുക്കളായി 20 കോടി രൂപയാണ് ഇതുവരെ നൽകിയിട്ടുള്ളത്. കൂടുതൽ തുക പിരിച്ചെടുക്കുന്ന മുറയ്ക്ക് നൽകുവാനും ലക്ഷ്യമിടുന്നെന്നും കെ.എസ്.ഇ.ബി പറഞ്ഞു.
‘കെ എസ് ഇ ബി എന്ന ജനങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനത്തിനെതിരെ തികച്ചും അവാസ്തവവും നികൃഷ്ടവുമായ പ്രചാരണങ്ങളാണ് ചില വ്യക്തികൾ നടത്തുന്നത്. അതിലൊന്നാണ് വയനാട് ദുരന്തമേഖലയിലെ വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങളുടെ പ്രതിഫലമായി 9 കോടി രൂപ കെ എസ് ഇ ബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈപ്പറ്റി എന്ന വ്യാജപ്രചാരണം.
ദുരന്തമേഖലയിൽ സേവനമോ വൈദ്യുതിയോ എത്തിച്ചതിന് ഒരു രൂപ പോലും കെ.എസ്.ഇ.ബി ദുരിതാശ്വാസ നിധിയിൽ നിന്ന് വാങ്ങിയിട്ടില്ല എന്നതാണ് സത്യം.
മാത്രമല്ല, ദുരന്തമേഖലയിൽ നിന്ന് 6 മാസം വൈദ്യുതി ചാർജ് ഈടാക്കേണ്ടതില്ല എന്ന തീരുമാനവും കെ.എസ്.ഇ.ബി കൈക്കൊണ്ടിട്ടുണ്ട്. ദുരന്ത പ്രദേശത്ത് 9 കോടിയോളം രൂപയുടെ നാശനഷ്ടമാണ് കെ.എസ്.ഇ.ബിയ്ക്കുണ്ടായിട്ടുള്ളത്. ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതി യുദ്ധകാലാടിസ്ഥാനത്തിൽ പുന:സ്ഥാപിച്ചതിന് വ്യാപകമായ പ്രശംസ കെ.എസ്.ഇ.ബിക്ക് ലഭിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ഇ.ബി. ജീവനക്കാർ രണ്ടു ഗഡുക്കളായി 20 കോടി രൂപയാണ് ഇതുവരെ നൽകിയിട്ടുള്ളത്. കൂടുതൽ തുക പിരിച്ചെടുക്കുന്ന മുറയ്ക്ക് നൽകുവാനും ലക്ഷ്യമിടുന്നു. ലഭ്യമാകേണ്ട വിവിധ സഹായങ്ങൾ ലഭിക്കാതെ പോകുന്ന സാഹചര്യത്തിലും സംസ്ഥാന സർക്കാരിന്റെ വകുപ്പുകൾ വളരെകാര്യക്ഷമമായാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.