തൃശ്ശൂര്‍: സുഹ്യത്തിനൊപ്പം ഡാന്‍സ് കളിച്ചതിന്റെ പേരില്‍ വിദ്വേഷ പ്രചരണത്തിനിരയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി ജാനകി ഓംകുമാറിനെ വിടാതെ സംഘപരിവാര്‍. ഇത്തവണ വ്യാജ പോസ്റ്റര്‍ എഡിറ്റ് ചെയ്താണ് പ്രചരണം. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തു ഉന്നത കലാലയങ്ങളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി സ്‌ക്വില്‍ എന്ന സംഘടന നടത്തിയ സെമിനാറില്‍ ജാനകി പങ്കെടുത്തതിന്റെ പേരിലാണ് വിദ്വേഷ പ്രചരണം നടക്കുന്നത്.
കഴിഞ്ഞ മെയ് 30നു നടന്ന പരിപാടിയില്‍ ഒരു അതിഥിയായാണ് ജാനകി പങ്കെടുത്തത്. ഈ പരിപാടി
ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒ ആണ് സംഘടിപ്പിച്ചതെന്ന വ്യാജ പോസ്റ്റര്‍ സൃഷ്ടിച്ചാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. പ്രതീഷ് വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ നേതാക്കള്‍ ഈ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നുണ്ട്.
പ്രചരണങ്ങള്‍ അതിരു കടന്നതോടെ വിശദീകരണവുമായി ജാനകി ഓംകുമാര്‍ രംഗത്തെത്തി. പരിപാടിയുടെ പോസ്റ്റര്‍ എഡിറ്റു ചെയ്തു തിയ്യതി മാറ്റി സംഘടനയുടെ പേരു കൂട്ടിച്ചേര്‍ത്താണു തനിക്കെതിരെ പ്രചരണം നടത്തുന്നതെന്നു ജാനകി പറഞ്ഞു. പരിപാടിയില്‍ താന്‍ ഒരു പ്രാസംഗിക പോലുമായിരുന്നില്ലെന്നും അതിഥി മാത്രമായിരുന്നു എന്നും ജാനകി പറഞ്ഞു.
നേരത്തെ ഒരുമിച്ചു ഡാന്‍സ് കളിച്ചതിന്റെ പേരില്‍ ജാനകിയ്ക്കും സുഹൃത്ത് നവീനുമെതിരെ സംഘപരിവാര്‍ അനുകൂലികളില്‍ നിന്നു സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും ചൂണ്ടിക്കാട്ടിയാണു ചിലര്‍ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയത്.
ജാനകിയുടെ മാതാപിതാക്കള്‍ ഒന്നു ശ്രദ്ധിക്കുന്നത് നന്നാവുമെന്നും സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നും പറഞ്ഞു കൃഷ്ണരാജ് എന്നയാളാണ് സോഷ്യല്‍മീഡിയയില്‍ ആദ്യം പോസ്റ്റിട്ടിരുന്നു. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും അമ്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും എന്നയാള്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: sngaparivar propaganda is by editing the fake poster against Janaki Omkumar