തോംസണ്‍ കെ. തോമസിന്റെ സംവിധാനത്തില്‍ 2013-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കമ്മത്ത് ആന്‍ഡ് കമ്മത്ത്. ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മമ്മൂട്ടി, കാര്‍ത്തിക, റിമ കല്ലിങ്കല്‍, നരേയ്ന്‍, ദിലീപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്.
ചിത്രത്തില്‍ ആദ്യം കമ്മത്ത് സഹോദരങ്ങളായി നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയേയും ജയറാമിനേയും ആയിരുന്നു എന്ന് പറയുകയാണ് നിര്‍മാതാവ് എം.എന്‍. ബാദുഷ. ജയറാം പിന്മാറിയതിനെ തുടര്‍ന്നാണ് ദിലീപ് ചിത്രത്തിലേക്ക് എത്തിയതെന്നും ബാദുഷ പറഞ്ഞു. സഫാരി ചാനല്‍ പുറത്ത് വിട്ട് പ്രൊമോ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ശരിക്കും കമ്മത്ത് ആന്‍ഡ് കമ്മത്തായി വരേണ്ടത് മമ്മൂക്കയും ജയറാമുമായിരുന്നു. നരേയ്ന്‍ ചെയ്ത കഥാപാത്രമാണ് ദിലീപിന് വെച്ചിരുന്നത്. അങ്ങനെ ആയിരുന്നു ആ പ്രൊജക്ട് ഉണ്ടായിരുന്നത്. പക്ഷേ ഷൂട്ടിങ്ങിനോടടുത്തപ്പോള്‍ ജയറാമേട്ടന് ഷാജി കൈലാസ് സാറിന്റെ പടവുമായി ക്ലാഷായി. ജയറാമേട്ടന് വരാന്‍ പറ്റാത്ത സാഹചര്യമായി. അങ്ങനെ ജയറാമേട്ടന്‍ പിന്മാറിയപ്പോള്‍ ഷൂട്ട് പ്രതിസന്ധിയിലായി.
പിന്നെ ഉദയേട്ടനും ആന്റോ ചേട്ടനും ദിലീപിന്റെ അടുത്ത് പോയി സംസാരിച്ചു. ആ കഥാപാത്രത്തിലേക്ക് ദിലീപ് വന്നു. ദിലീപിന്റെ കഥാപാത്രത്തിലേക്ക് നരേയ്‌നും വന്നു. അങ്ങനെയാണ് ആ സിനിമ സംഭവിച്ചത്,’ ബാദുഷ പറഞ്ഞു.
ജിയോ ബേബിയുടെ കാതല്‍, റോബി രാജ് വര്‍ഗീസിന്റെ കണ്ണൂര്‍ സ്‌ക്വാഡ്, ഡിനോ ഡെന്നീസിന്റെ ബസൂക്ക എന്നീ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രങ്ങള്‍.
ഒരിടവേളക്ക് ശേഷം ജയറാം മലയാളത്തില്‍ നായകനാവുന്ന ഒസ്‌ലറിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Content Highlight: The producer Badusha says that Mammootty and Jayaram were initially selected as the Kammath brothers.