| Sunday, 18th August 2024, 8:57 am

ക്ഷേത്രത്തിലെ നടവരുമാനം ഡി.വൈ.എഫ്.ഐയുടെ റീബില്‍ഡ് വയനാട് ഫണ്ടിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ക്ഷേത്രത്തിലെ ഒരു ദിവസത്തെ നടവരുമാനം ഡി.വൈ.എഫ്.ഐയുടെ റീബില്‍ഡ് വയനാട് ഫണ്ടിലേക്ക് സംഭാവന ചെയ്ത് ക്ഷേത്രഭാരവാഹികള്‍. കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ ഒരു ദിവസത്തെ നടവരവാണ് ഡി.വൈ.എഫ്.ഐയുടെ വയനാടിന്റെ പുനര്‍നിര്‍മാണത്തിനായുള്ള ഫണ്ടിലേക്ക് കൈമാറിയത്. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരിയില്‍ നിന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് സംഭാവന സ്വീകരിച്ചു.

കണ്ണൂര്‍ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വി.കെ. സനോജിനൊപ്പം മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, അമ്പലം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മനോഹരന്‍, ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ രഗിലാഷ് കെ, ശ്രീജിത്ത് കെ, അമല്‍ എം.എസ്, നിഗിലേഷ് പി, സജിന്‍ പി.വി, ജിഗേഷ് പി, ഗോപാലന്‍ തുടങ്ങിയവരും പങ്കെടുത്തു.

കണ്ണൂര്‍ ജില്ലയിലെ അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. പഴശ്ശിയുടെ കുടുംബ ക്ഷേത്രമായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. കേരളത്തിന്റെ സാംസ്‌കാരിക പൈതൃക ശേഷിപ്പുകളുടെ പട്ടികയില്‍ ഈ ക്ഷേത്രം ഇടം നേടിയിട്ടുമുണ്ട്. കഥകളിയുള്‍പ്പടെയുള്ള കേരളീയ കലകളുടെ ആവിര്‍ഭാവത്തിനും വളര്‍ച്ചയ്ക്കും ഈ ക്ഷേത്രം കാരണമായിട്ടുണ്ടെന്നും ചരിത്രത്തിലുണ്ട്.

നേരത്തെ കോഴിക്കോട് ജില്ലയിലെ കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രവും ഭക്തരില്‍ നിന്ന് ലഭിച്ച ഒരു ദിവസത്തെ മുഴുവന്‍ പണവും ഡി.വൈ.എഫ്.ഐയുടെ റീബീല്‍ഡ് വയനാട് ഫണ്ടിലേക്ക് കൈമാറിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ കണ്ണൂരിലും സമാനമായ സംഭവമുണ്ടായിരിക്കുന്നത്.

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട 25ല്‍ കുറയാത്ത കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് ദുരന്തമുണ്ടായ ആദ്യ ദിവസങ്ങളില്‍ തന്നെ ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചിരുന്നു. ഇതിലേക്കുള്ള ഫണ്ട് സമാഹരണത്തിനായി സംസ്ഥാനത്താകെ ഡി.വൈ.എഫ്.ഐ വിപുലമായ ക്യാമ്പയിനുകളാണ് സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ ഫണ്ട് സമാഹരണത്തിനായി ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ച പന്നിയിറച്ചി ചലഞ്ചിനെതിരെ മുസ്‌ലിം ലീഗ് അനുഭാവിയായ സമസ്ത നേതാവ് നാസര്‍ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു.

content highlights: The proceeds from the temple go to DYFI’s Rebuild Wayanad Fund

We use cookies to give you the best possible experience. Learn more