“തീരുമാനങ്ങളെടുത്തത് ഞാനാണ്, അതിനാല്‍ തന്നെ ഉത്തരവാദിത്തവും എനിക്കു തന്നെയാണ്. മത്സരഗതി വേണ്ട വിധം മനസ്സിലാക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു, കളിയില്‍ അല്‍പം മാറ്റം വരുത്തിയിരുന്നെങ്കില്‍ ഒരു പക്ഷെ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഗോള്‍കീപ്പര്‍ വില്ലി (വില്‍ഫ്രെഡോ കബയ്യെരോ) ആണ് കളി തോല്‍പ്പിച്ചതെന്ന് ഞാന്‍ കരുതുന്നില്ല”. അര്‍ജന്റീനയുടെ തോല്‍വിയെക്കുറിച്ച് മാനേജര്‍ ഹോര്‍ഹെ സാംപൗളിയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. തികച്ചും മാന്യമായ, ബഹുമാനമര്‍ഹിക്കുന്ന വാക്കുകള്‍. സാംപൗളിയെ മാറ്റണമെന്ന് കളിക്കാര്‍ ആവശ്യപ്പെട്ടുവെന്നും മുന്‍ ലോകകപ്പ് ടീമംഗം ഹോര്‍ഹെ ബറൂച്ചാഗ മാനേജരാകുമെന്നുമെല്ലാമുള്ള വാര്‍ത്തകള്‍ക്കിടെയാണ് ഈ വിലയിരുത്തല്‍. ടീമിനെ കളി ജയിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും സ്വയം വിമര്‍ശനം ഏതാണ്ട് കൃത്യമാണെന്ന് പറയാം.
“അവര്‍ ആദ്യ ഗോളടിച്ചതോടെ ഞങ്ങള്‍ മാനസികമായി തകര്‍ന്നുപോയി. അതിന് കളിയുടേതായ ഒരു ന്യായീകരണവും പറയാനില്ല. ലോകകപ്പ് പോലുള്ള മത്സരങ്ങളില്‍ ചില സാഹസങ്ങള്‍ വേണ്ടിവരും, അതാണ് ചെയ്തതും, ഒന്നും ഫലവത്തായില്ലെന്ന് മാത്രം. അവരുടെ രണ്ടാം ഗോള്‍ ഒരു മിനുക്കുപണി മാത്രമായിരുന്നു, കാരണം അതിനു മുമ്പേ ഞങ്ങള്‍ തോറ്റു കഴിഞ്ഞിരുന്നു. മുന്നോട്ടു പോകാനാവാത്തത്ര മനോവീര്യം കെട്ടു പോകുന്ന ചില നിമിഷങ്ങളുണ്ടാവില്ലേ ജീവിതത്തില്‍ ടീമിനെ സംബന്ധിച്ച് അതാണുണ്ടായത്”. തന്ത്രങ്ങള്‍ പാടെ പിഴച്ചു പോയെന്ന് തുറന്നു സമ്മതിക്കുന്ന ഈ സത്യസന്ധത പക്ഷെ അപൂര്‍വമാണ്.
എവിടെയാണ് അര്‍ജന്റീനക്കു പിഴച്ചത് ?
ഈ ലോകകപ്പിലെ രണ്ടു കളികളിലും പ്രതീക്ഷക്കൊത്തുയരാന്‍ അര്‍ജന്റീനക്കു കഴിഞ്ഞില്ലെങ്കിലും രണ്ടിന്റേയും കാരണങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ടീമെന്ന നിലയില്‍ അര്‍ജന്റീന ലോകകപ്പിന് സജ്ജമായിരുന്നില്ല എന്താണ് പ്രധാനമായും ഉയരുന്ന വിമര്‍ശം.ഇതില്‍ തുടങ്ങി ടീമംഗങ്ങളുടെ പ്രായം, ഫൈനല്‍ ഇലവന്റെ തെരഞ്ഞെടുപ്പ്, ദുര്‍ബലമായ പ്രതിരോധം, മെസ്സിയുടെ ഫോമില്ലായ്മ തുടങ്ങിയ ഘടകങ്ങളെല്ലാം പല തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ടീമെന്ന നിലയിലുള്ള അവരുടെ ഒത്തിണക്കമില്ലായ്മ കളിയെ ബാധിച്ചിട്ടുണ്ടന്നത് തര്‍ക്കമറ്റ കാര്യമാണ്. ലയണല്‍ മെസ്സിയെന്ന് ലോകത്തെ ഏറ്റവും മികച്ച കളിക്കാരന്റെ സാന്നിധ്യം ടീമിന് ഒരേസമയം ഗുണവും ദേഷവുമാകുന്നതെങ്ങനെയെന്നതിന്റെ ദൃഷ്ടാന്തമാണിത്. താരം എന്ന സങ്കല്‍പത്തെ മാനിക്കാത്ത ആസൂത്രണ രീതിയാണ് ഹോര്‍ഹെ സാംപൗളി എന്ന കോച്ചിന്റെ സവിശേഷത. ടീമിന്റെ കൂട്ടായ്മയിലൂന്നിയുള്ള തന്ത്രങ്ങള്‍ കൊണ്ടാണ് സാംപൗളിക്കു കീഴില്‍ ചിലെ ടീം കോപ്പ അമേരിക്ക സാന്തിയാഗോയിലെത്തിച്ചത്. പക്ഷെ അര്‍ജന്റീനയിലെ സ്ഥിതി അതായിരുന്നില്ല, അവിടെ ടീമിനേക്കാള്‍ ഏറെ ഉയരെ പറക്കുന്ന താരത്തെയാണ് അയാള്‍ക്ക് മാനേജ് ചെയ്യേണ്ടി വരുന്നത്. മെസ്സിക്കു ചുറ്റുമായി ഒരു സംഘത്തിന് വിന്യാസങ്ങളൊരുക്കുക, അതിന്റെ കടിഞ്ഞാണ്‍ മെസ്സിയെ തന്നെ ഏല്‍പിക്കുക ഇതല്ലാതെ വേറെയൊരു സാധ്യതയും അവിടെയില്ല. കഴിഞ്ഞ ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിയ ടീമിനെ സബെല്ല ഒരുക്കിയിരുന്നത് ഈ രീതിയിലാണ്. താളാത്മകമായ കൊടുക്കല്‍ വാങ്ങലുകളിലൂടെ നിരന്തരം ആക്രമിച്ചു കളിക്കുന്ന തെക്കനമേരിക്കന്‍ ശൈലിയില്‍ നിന്നും ഒട്ടുമാറി, ആക്രമണോത്സുകത അല്പം കുറച്ചാണ് മെസ്സിയും കൂട്ടരും 2014 ല്‍ മരക്കാന സ്റ്റേഡിയത്തിലെ ഫൈനല്‍ വരെയെത്തിയത്. ഏതുകാലത്തും പ്രതിരോധമാണ് അവരുടെ ദൗര്‍ബല്യം. അതിനെ ഒരു പരിധിവരെ മറികടന്നും ഉള്ള പഴുതുകള്‍ പരമാവധി അടച്ചുമായിരുന്നു അലഹാന്ദ്രോ സബെല്ലയുടെ തന്ത്രം. ഒരു ഗോളിലധികം വ്യത്യാസത്തില്‍ ഒരു കളിയിലും അവര്‍ ജയിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. വിംഗുകളിലൂടെ ഏയ്ഞ്ചല്‍ ഡി മരിയ അയാളുടെ ജീവിത്തിലെ മികച്ച വേഗങ്ങള്‍ കണ്ടെത്തിയ സമയമായിരുന്നു ഇത്. *ഫാള്‍സ് 9 റോളില്‍ മെസ്സി അജയ്യനുമായിരുന്നു. ഇറാനെതിരെയും നൈജീരിയക്കെതിരെയും നേടിയ ഗോളുകള്‍, സ്വിറ്റ്സര്‍ലാന്‍ഡിനെതിരെ ഡി മരിയക്ക് നല്‍കിയ അസിസ്റ്റ്- 2014 ലേത് മെസ്സിയുടെ ലോകകപ്പാകാന്‍ ഇതെല്ലാം ധാരാളമായിരുന്നു.
******
കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോടേറ്റ തോല്‍വിയും തുടര്‍ന്നുണ്ടായ വിരമിക്കല്‍ പ്രഖ്യാപനവും തിരിച്ചുവരവും എല്ലാമായി പ്രസരിപ്പില്ലാത്ത ലയണല്‍ മെസ്സിയാണ് മോസ്‌കോവിലെത്തുന്നത്. 31 കാരനായ നാലാം ലോകകപ്പ് കളിക്കുന്ന ഏത് മുതിര്‍ന്ന താരത്തെ കളിക്കൊരുക്കുന്നതും കോച്ചിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. മെസ്സിയെ പോലെ ലോകം ഉറ്റു നോക്കുന്ന കളിക്കാരനാണെങ്കില്‍ പ്രത്യേകിച്ചും. അതുകൊണ്ടു തന്നെയാണ് ഇത് തന്റെ ടീമെന്നതിനേക്കാള്‍ മെസ്സിയുടെ ടീമാണെന്ന് ഹോര്‍ഹെ സാംപൗളിക്ക് പറയേണ്ടി വരുന്നതും.
1986ല്‍ ദ്യോഗോ മറഡോണ ലോകകപ്പമുമായി തിരിച്ചു വന്ന ശേഷം മറഡോണയുടെ പിന്‍മുറക്കാരനെന്ന പേരു കേള്‍പ്പിച്ച നിരവധി പ്രതിഭകളുണ്ടായിട്ടുണ്ട് അര്‍ജന്റീനയില്‍. ഏരിയല്‍ ഒര്‍ടേഗ, പാബ്ലോ അയ്മര്‍. ഹുവാന്‍ റിക്വില്‍മി, ഹാവിയര്‍ സാവിയോള അങ്ങനെ മെസ്സി വരെ. എന്നാല്‍ മെസ്സിയുടെ കരിയര്‍ ഏതാണ്ട് അന്ത്യഘട്ടത്തിലേക്കടുക്കുമ്പോഴും ആ പ്രതിഭക്കൊരു പിന്‍മുറക്കാരനെ കണ്ടെത്താന്‍ ഇനിയും അര്‍ജന്റീനക്കു കഴിഞ്ഞിട്ടില്ല. പൗലോ ഡിബാലയും മൗറോ ഇക്കാര്‍ഡിയുമാണ് ആ സ്ഥാനത്തിനടുത്തെങ്കിലുമെത്താവുന്ന രണ്ട് കളിക്കാര്‍. ഇവരെ ലോകകപ്പ് ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു, ലോകകപ്പിനു മുന്നോടിയായുളള മാധ്യമ ചര്‍ച്ചകളേറെയും. ഇക്കാര്‍ഡിയെ ടീമിലെടുക്കാതിരുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഇനിയും അഴസാനിച്ചിട്ടില്ല. ടീമിലിടം നേടിയ ഡിബാല കളിച്ചതാകട്ടെ ക്രൊയേഷ്യക്കെതിരെ കഷ്ടിച്ച് 20 മിനിറ്റാണ് എന്നതും ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്. റഷ്യയിലേക്കു വരുന്നതിനു മുമ്പ് യോഗ്യതാ മത്സരങ്ങളില്‍ ജയിക്കാനാവാതെ ഉഴറിയ ടീമിനെയാണ് സാംപൗളി ഏറ്റെടുത്തതെന്നത് വസ്തുതയാണ്. അതിനു ശേഷം പക്ഷെ 13 കളികളിലായി അയാള്‍ പരീക്ഷിച്ചത് 59 കളിക്കാരെയാണ്. അവരില്‍ ഡിബാലയും ഇക്കാര്‍ഡിയും ഉള്‍പ്പെടും.
കളത്തില്‍ കളിക്കാനുള്ള ഇടം (Space), അവിടെ എത്തുന്ന കളിക്കാരുടെ എണ്ണം(Number) അവരുടെ നീക്കം(Movement), -ഇവയാണ് ഫുട്ബോളിനെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍, പന്ത് ആര് കൈവശം വയ്ക്കുന്നുവെന്നതു പോലും ഇതിനു ശേഷമേ വരൂ. ഏതേതു കളിക്കാരെ എവിടെയെല്ലാം വിന്യസിക്കുന്നു എന്നിടത്താണ് ആധുനിക ഫുട്ബോളില്‍ വിജയരഹസ്യമിരിക്കുന്നത്. അര്‍ജന്റീന ടീം പരാജയപ്പെടുന്നതും ഈ അടിസ്ഥാനമേഖലയിലാണ്. മെസ്സി-അഗ്വിറോ- ഡി മരിയ- ഡിബാല എന്നിവരെ ഫലപ്രദമായി വിന്യസിക്കാന്‍ കഴിയുന്നില്ല എന്നതിനേക്കാള്‍ ഈ ടീമിന്റെ പ്രശ്നമായി തീരുന്നത് അവരുടെ മധ്യനിരയും പിന്‍നിരയുമാണ്. **
ഹൈപ്രസ്സിംഗ് ഫുട്ബോളാണ് സാംപൗളി അന്താരാഷ്ട്ര വേദികളില്‍ പരീക്ഷിച്ചു വിജയിപ്പിച്ച രീതി. അതിനിണങ്ങും വിധം കളിക്കുന്ന പിന്‍നിര അര്‍ജന്റീനക്കില്ല. ഇത് പരിഹരിക്കാതെ ഈ ടീം അധികം മുന്നോട്ടു പോകില്ലെന്ന് ചൂണ്ടിക്കാണിക്കാത്തവരാരും തന്നെയില്ല. തന്റെ നല്ല സമയം പിന്നിട്ടുകൊണ്ടിരിക്കുന്ന മഷരാനോക്കൊപ്പം നില്‍ക്കുന്ന ഒരാളെ പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് അര്‍ജന്റീനയുടെ ഇപ്പോഴത്തെ ഒരു പ്രധാന പ്രശ്നം. വരുന്ന പുതിയ കളിക്കാരെല്ലാം തന്നെ കുതിപ്പേറിയ മുന്‍നിരക്കാരാണല്ലോ. കഴിഞ്ഞ ലോകകപ്പില്‍ കളിച്ചതിനേക്കാള്‍ ദുര്‍ബലമെന്ന് പറയാവുന്നവരുടെ പ്രതിരോധനിരയേ ഇത്തവണയും അര്‍ജന്റീനക്കുള്ളൂ. നിക്കോളാസ് ഓട്ടാമെന്‍ഡിയും മാര്‍ക്കസ് റോഹോയുമാണ് ആ രാജ്യത്തു നിന്ന് കിട്ടാവുന്ന ഏറ്റവും നല്ല പ്രതിരോധക്കാരെന്നത് മെസ്സിയുടേയോ സാംപൗളിയുടോയോ കുറ്റമാകുന്നതെങ്ങനെയെന്ന ചോദ്യം റോറി സ്മിത്തിനെ പോലുള്ള കളിയെഴുത്തുകാര്‍ ചോദിക്കുമ്പോള്‍ അതിനുള്ള ഉത്തരവും അവിടെയുണ്ട്.
20 വയസ്സിനു താഴെയുള്ളവരുടെ ലോകകപ്പ് 6 തവണ നേടിയിട്ടുള്ള ടീമാണ് അര്‍ജന്റീന. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി അവര്‍ക്ക് ഈ നേട്ടം ആവര്‍ത്തിക്കാനായിട്ടില്ല. 2007ല്‍ ഏയ്ഞ്ചല്‍ ഡി മരിയയും എവര്‍ ബനേഗയും ഉള്‍പ്പെട്ട ടീമാണ് അവസാനം കപ്പ് നേടിയത്. അര്‍ജന്റീന നേരിടുന്ന പ്രതിഭാ ദാരിദ്ര്യത്തിന്റെ സൂചനകള്‍ ഇതിലുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നവരാണ് കളിയെഴുത്തുകരില്‍ പലരും. ഇക്കാര്‍ഡിയേയും ഡിബാലയോയും നമ്മളറിയുന്നത് അവരുടെ യൂറോപ്പിലെ കളികളിലൂടെയാണ്. യുവന്റസിനും, ഇന്റര്‍മിലാനും വേണ്ടി ഇരുവരും കാഴ്ചവക്കുന്ന ഭേദപ്പെട്ട പ്രകടനം പക്ഷെ ദേശീയ ടീമിലെത്തുമ്പോള്‍ കാണുന്നില്ല. മെസ്സിക്കെതിരായ ആരോപണവും ഇതു തന്നെയായിരുന്നല്ലോ. അര്‍ജന്റീനയിലെ കായിക മേഖലയെ ബാധിച്ചിട്ടുള്ള മാന്ദ്യത്തിന് സാമ്പത്തിക കാരണങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു. പ്രതിഭ തെളിയിച്ചു വരുന്ന കളിക്കാരെ പിടിച്ചു നിര്‍ത്താവുന്ന ഒന്നും തന്നെ രാജ്യത്തില്ല. പല ക്ലബ്ബുകളും കളിക്കാരെ കടം കൊടുത്ത് പണം സമ്പാദിക്കേണ്ട ഗതികേടിലുമാണ്. ബോക്കാ ജൂനിയേഴ്സിലെ ക്രിസ്റ്റിയന്‍ പവോണ്‍ ആണ് മറ്റൊരു യുവതാരം മാനുവല്‍ ലാന്‍സീനിക്ക് പരിക്കേറ്റതിനാല്‍ മാത്രം ടീമിലേക്കു വിളിച്ച എന്‍സോ പെരസിനു വേണ്ടി പവോണിനെ ഓരത്തിരുത്തുന്നതിലൂടെയാണ് സാംപൗളിഏറ്റവുമധികം വിമര്‍ശനം ഏറ്റുവാങ്ങുന്നത്. അതില്‍ കഴമ്പുണ്ടെന്ന് കളിച്ച ഏതാനും നിമിഷങ്ങളില്‍ പവോണ്‍ തെളിയിക്കുകയും ചെയ്തിട്ടുണ്ട്
ഒട്ടാമെന്‍ഡി, റോഹോ, മെക്കാര്‍ഡോ, ഫാസിയോ- പ്രതിരോധത്തില്‍ കളിക്കുന്ന ഇവരാരും തന്നെ ഒരു സെന്‍ട്രല്‍ ഡിഫന്‍ഡറുടെ റോളെടുക്കാന്‍ പ്രാപ്തരല്ലെന്ന പലവട്ടം തെളിയിച്ചതാണ്. 2014 ല്‍ പ്രതീക്ഷ നല്‍കിയ റോഹോ പിന്നീട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലടക്കം പിന്നോട്ടാണ് പോയത്. പിന്‍നിരയില്‍ അല്‍പമെങ്കിലും ഭേദം അയാക്സിനു വേണ്ടി കളിക്കുന്ന നിക്കോളാസ് ടാഗ്ലാഫികോ ആണ്. കയറിക്കളിക്കാനിഷ്ടപ്പെടുന്ന എഡ്വേഡോ സാല്‍വിയോയെ പിന്നിലേക്ക് വലിച്ചു നിര്‍ത്തേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ് ഇത് ടീമിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്നത് തര്‍ക്കമറ്റ കാര്യമാണ്.
കഴിഞ്ഞ 13 കൊല്ലം അതായത് മെസ്സി കളിതുടങ്ങിയ ശേഷം സാക്ഷാല്‍ ദ്യേഗോ മറഡോണ ഉള്‍പ്പെടെ 8 കോച്ചുമാരാണ് അര്‍ജന്റൈന്‍ ടീമിനെ പരിശീലിപ്പിച്ചത്. ഇതില്‍ മറഡോണയേയും മെസ്സിയേയും മാനേജ് ചെയ്തിട്ടുള്ള ആല്‍ഫിയോ ബാസിലേയും ഉള്‍പ്പെടും. വിജയമെന്ന് പറയാവുന്ന ചില കോംപിനേഷനുകളിലേക്ക് ടീമിനെ കൊണ്ടു വന്നിട്ടുള്ളത് എന്റെ അഭിപ്രായത്തില്‍ ബാസിലേയും സബെല്ലയുമാണ്. ഹോസെ പെക്കര്‍മാനും മറഡോണയുമെല്ലാം വലിയ മത്സര നിമിഷങ്ങളില്‍ പരാജയപ്പെട്ടവരാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലത്തിനിടയിലെ ഏറ്റവും സന്തുലിതമായ അര്‍ജന്റൈന്‍ ടീം 2006 ലോകകപ്പില്‍ നിന്ന് പുറത്തു പോയത പെക്കര്‍മാന്റെ പിഴവിലാണ്. സാംപൗളിയെ എങ്ങനെയാണ് വിലയിരുത്തേണ്ടതെന്ന് ഇനിയും പറയാറായിട്ടില്ല. പരിശീലകനെന്ന നിലയില്‍ മാഴ്സെലോ ബിയേല്‍സയുടെ ശിഷ്യനാണ് സാംപൗളി. എപ്പോഴും എതിര്‍ മുഖത്തേക്ക് ഓടിക്കയറുന്ന തീവ്രതയാണ് ബിയല്‍സിസ്റ്റ രീതി. അത് സ്ഥിരതയാര്‍ന്ന മധ്യനിര സങ്കല്‍പത്തിന്റെ അന്തകനാണെന്ന വിമര്‍ശനവും ഒരു ഭാഗത്തുണ്ട്. എന്തായാലും ചിലെ ദേശീയ ടീമില്‍ സാംപൗളി വിജയകരമായി നടപ്പാക്കിയ ഹൈലൈന്‍ പ്രസ്സിംഗ് ഗെയിമുമായി ചേര്‍ന്നു പോകുന്നത് ഇതാണ്. പക്ഷെ അത് ദുര്‍ബലമായ പിന്‍നിരയുള്ള അര്‍ജന്റൈന്‍ ടീമില്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴുള്ള അനിവാര്യമായ പതനമാണ് നമ്മള്‍ ക്രൊയേഷ്യക്കെതിരെ കണ്ടത്. വികാരങ്ങള്‍ക്ക് തീര്‍ത്തും വശംവദനായി ക്രൊയേഷ്യക്കെതിരെ സാംപൗളി നടത്തിയ സബ്സ്റ്റിസ്റ്റ്യൂഷനുകള്‍ നോക്കൂ, സ്വതവേ ദുര്‍ബലമായ പ്രതിരോധത്തെ മോഡ്രിച്ചും റാക്കിറ്റിച്ചും മാന്‍ഡ്സൂക്കിച്ചും കീറി മുറിച്ചുകൊണ്ടിരിക്കെ, പിന്‍നിരയിലേക്കിറങ്ങിവന്ന കളിക്കാന്‍ ഒട്ടും കെല്‍പില്ലാത്ത മൂന്നു പേരെയാണ് കളത്തിലിറക്കിയത്. ഹിഗ്വെയ്ന്‍, ഡിബാല. പവോണ്‍- ഇവരെ കളിപ്പിക്കുന്നില്ലെന്ന നിരന്തര വിമര്‍ശനമായിരിക്കാം വൈകാരികതയുടെ പേരില്‍ മാത്രമെടുക്കാവുന്ന ആ തീരുമാനത്തിന് അയാളെ പ്രേരിപ്പിച്ചിരിക്കുക, കിട്ടുന്ന അവസരത്തില്‍ എങ്ങനെയും ഗോള്‍ നേടുക എന്നും കണക്കുകൂട്ടിയിരിക്കാം. പക്ഷെ ആസൂത്രിതമായ ഗെയിം കളിച്ചുക്കൊണ്ടിരിക്കുന്ന ക്രൊയേഷ്യ പോലൊരു ടീമിനേട് അതെങ്ങനെ എന്ന ചിന്ത ആ തീരുമാനത്തിനു മുമ്പ് ഉണ്ടായില്ല എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്.
അര്‍ജന്റൈന്‍ ടീം എക്കാലവും ഇങ്ങനെയായിരുന്നു, 86ല്‍ ലോകകപ്പ് നേടുമ്പോഴും മറഡോണയെന്ന ദൈവസമാനനായ കളിക്കാരനും ഹോര്‍ഹെ ബറൂച്ചാഗ, ഹോര്‍ഹെ വല്‍ദാന, സെര്‍ജിയോ ബതീസ്ത തുടങ്ങിയ മുധ്യ-മുന്‍ നിരക്കാരുമായായിരുന്നു ആ ടീമെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാല്‍ ദീനിയേല്‍ പാസറെല്ലയും ഓസ്‌കര്‍ റുഗെറിയും ഉള്‍പ്പെട്ട അതിശക്തമായ പ്രതിരോധം അന്നവര്‍ക്കുണ്ടായിരുന്നു എന്ന വസ്തുത മറന്നു കൂടാ. പിന്നീടും റോബര്‍ടോ അയാള, ദ്യേഗോ സിമ്യോണി, ഹാവിയർ സനെറ്റി തുടങ്ങിയ തരക്കേടില്ലാത്ത ഡിഫന്‍ഡര്‍മാര്‍ അവരുടെ ടീമിലുണ്ടായിട്ടുണ്ടല്ലൊ. ഒട്ടമെന്‍ഡി നയിക്കുന്ന പ്രതിരോധനിരയോളം ഭാവനാശൂന്യമായ കളിക്കൂട്ടം ആല്‍ബെസെലസ്റ്റെ വേഷത്തില്‍ മുമ്പ് കളിച്ചിട്ടില്ലെന്നര്‍ത്ഥം.
അര്‍ജന്റൈന്‍ ഫുട്ബോളിന്റെ മുഖമുദ്രയാണ് ലാ പൗസ- The Pause. അതായത് പത്താം നമ്പര്‍ കളിക്കുന്ന പ്ലേമേക്കര്‍, സ്ട്രൈക്കര്‍ക്കും വിംഗര്‍മാര്‍ക്കും പന്തെത്തിക്കുന്നത് ഒരു നിമിഷാര്‍ദ്ധം വൈകിപ്പിക്കുന്ന രീതി. മറഡോണയുടെ മുന്‍ഗാമിയായിരുന്ന റിക്കാര്‍ഡോ ബൊച്ചീനിയാണ് ലാ പൗസ എന്ന ഈ വേഗഭ്രംശത്തിന്റെ രാജാവായിരുന്നത്. പിന്നീട് ഹുവാന്‍ റോമന്‍ റിക്വില്‍മി അതിന്റെ അതിഗംഭീരനായ പ്രയോക്താവായിമാറി.(റിക്വില്‍മിയുടെ ലാ-പൗസ രീതിയാണ് അയള്‍ക്ക് തണുപ്പനാണെന്ന തോന്നലുണ്ടാക്കിയിരുന്നത്- മലയാളികളാല്‍ പില്‍ക്കാലത്ത് അമല്‍നീരദ് സിനിമ പോലുള്ള കളിക്കാരനെന്നും എന്നും അയാള്‍ വിമര്‍ശിക്കപ്പെടും). യൊഹാന്‍ ക്രൈഫും ജോര്‍ ബെസ്റ്റും യൂറോപ്പില്‍ ലാ പൌസ മനോഹരമായി ഉപയോഗപ്പെടുത്തിയവരായിരുന്നു, പിന്നീട് എഫ് സി ബാഴ്‌സലോണയും.
ലാ-പൗസക്കൊപ്പം ലാ പരേദെ -Wall pass- എന്നതും കൂടിച്ചേരുന്നതായിരുന്നു അവിടുത്തെ ഫുട്ബോള്‍ ഒരു കാലത്ത്. രണ്ടു കളിക്കാര്‍ തമ്മില്‍ വണ്‍-ടൂ പാസ്സിംഗ് നടത്തി മുന്നോട്ടു നീങ്ങുന്ന രീതി- ബൊച്ചീനിയും ബറൂച്ചാഗയും, മറഡോണയും കനീജിയയും, റിക്വില്‍മിയും പാബ്ലോ സൊറേനുമെല്ലാം പൗസ-പരേദെ രീതി ഫലപ്രദമായി പരീക്ഷിച്ചിരുന്നവരില്‍ പെട്ടവരാണ്. സ്പാനിഷ് ടിക്കി-ടാക്കയോളം ലോക ശ്രദ്ധ ഇതിനി കിട്ടിയിരുന്നില്ലെന്നേയുള്ളൂ. ബിയെല്‍സിസ്റ്റ ഫുട്ബോള്‍ രീതി വ്യാപകമായതോടെ ഈ തനത് രീതിയാണ് അര്‍ജന്റൈന്‍ ഫുട്ബോളിന് നഷ്ടമാകുന്നത്. കളിജീവിതത്തിലേറെയും സ്പെയിനിലാണ് ചെലവിട്ടതെങ്കിലും മെസ്സിയിലുണ്ട്, ആ ലാ പൗസയും – ലാ പെരേദെയും സംയോജിപ്പിക്കുന്ന രീതി. പക്ഷെ അത് മെസ്സിയിലവസാനിക്കുകയുമാണ്.
പുതിയ പ്രതിഭകളില്ലെന്നതും ഉള്ളവര്‍ക്കു വേണ്ടുന്ന വിന്യാസമൊരുക്കാനുള്ള സന്തുലിതാവസ്ഥയോ ഇപ്പോഴത്തെ ടീമിനില്ലെന്നതാണ് അവരുടെ പരാജയഹേതു. ടീമിനകത്തുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ക്ക് കാരണമാവുന്നതും ഇതു തന്നെയാണെന്നതാണ് ദുഖകരമായ വസ്തുത. എന്തായാലും റഷ്യയില്‍ അര്‍ജന്റീന നേരിടുന്നതിരിച്ചടുന്ന തിരിച്ചടി അവര്‍ക്കുള്ള ഒരു ചുമരെഴുത്താണ്. അതിനുത്തരവാദികള്‍ മെസ്സിയോ സാംപൗളിയോ അല്ല മറിച്ച് ആ ടീമിനെ കാത്തിരിക്കുന്ന കടുത്ത പ്രതിഭാ ദാരിദ്ര്യമാണ്.