ദേശീയ പതാകയല്ല, കാലുകള്‍ കാണിച്ചതാണ് പ്രശ്‌നം; സുവര്‍ണക്ഷേത്രത്തില്‍ പെണ്‍കുട്ടിയെ വിലക്കിയതില്‍ വിശദീകരണവുമായി ജീവനക്കാരന്‍
national news
ദേശീയ പതാകയല്ല, കാലുകള്‍ കാണിച്ചതാണ് പ്രശ്‌നം; സുവര്‍ണക്ഷേത്രത്തില്‍ പെണ്‍കുട്ടിയെ വിലക്കിയതില്‍ വിശദീകരണവുമായി ജീവനക്കാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th April 2023, 6:08 pm

അമൃത്‌സര്‍: കാലുകള്‍ കാണിക്കുന്ന പാവാട ധരിച്ചതിനാലാണ് പെണ്‍കുട്ടിയെ സുവര്‍ണ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരുന്നതെന്ന വിശദീകരണവുമായി സുവര്‍ണക്ഷേത്രത്തിലെ ജീവനക്കാരന്‍ സബിദ് സിങ്.

കഴിഞ്ഞ ദിവസം മുഖത്ത് ദേശീയ പതാകയുടെ ചിത്രം വരച്ചതിനാല്‍ പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ കയറ്റിയില്ലെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പെണ്‍കുട്ടിയെ വിലക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വസ്ത്രമാണ് പ്രശ്‌നമെന്നാണ് ജീവനക്കാരന്‍ പറയുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

‘അവള്‍ ഒരു പാവാടയാണ് ധരിച്ചിരുന്നത്. ഞാന്‍ അവളോട് മര്യാദയെക്കുറിച്ച് സംസാരിച്ചു. ശരീരം മറയ്ക്കാന്‍ ആവശ്യപ്പെട്ടു,’ ജീവനക്കാരന്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

‘കാലുകള്‍ മുഴുവന്‍ മറയ്ക്കണം. എല്ലാവര്‍ക്കും സുവര്‍ണ ക്ഷേത്രത്തില്‍ പ്രവേശനമുണ്ട്. എന്നാല്‍ ഈ സ്ഥലത്തെ മാന്യത എല്ലാവരും പാലിക്കണം,’ സബിദ് സിങ് പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് ഇന്ത്യയല്ല, പഞ്ചാബാണ് എന്നും സിങ് പറയുന്നതും വീഡിയോയില്‍ കാണാം.

അതേസമയം വിഷയത്തില്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി)ക്ഷമാപണം നടത്തി.

‘ഭക്തര്‍ക്ക് യാതൊരു തരത്തിലുമുള്ള വിവേചനവും ഇല്ല. ഏത് മതത്തിലും ജാതിയിലും ഉള്‍പ്പെടുന്നവര്‍ക്ക് പ്രമാണം അര്‍പ്പിക്കാന്‍ സ്വാഗതം,’ എസ്.ജി.പി.സി ജനറല്‍ സെക്രട്ടറി ഗുര്‍ചരണ്‍ സിങ് ഗ്രെവാള്‍ പറഞ്ഞു.

ഭക്തയ്ക്ക് മോശം അനുഭവം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ജീവനക്കാരന്‍ പ്രകോപിതനായിരുന്നു. എസ്.ജി.പി.സിയുടെ ജനറല്‍ സെക്രട്ടറിയായ ഞാന്‍ സംഭവത്തില്‍ ഭക്തയോട് ക്ഷമ ചോദിക്കുന്നു. പക്ഷേ സമൂഹ മാധ്യമങ്ങളില്‍ വരുന്ന ട്രോളുകളുടെ ഉദ്ദേശ്യം ലജ്ജാകരമാണ്.

‘അവളുടെ മുഖത്തുണ്ടായിരുന്നത് നമ്മുടെ രാജ്യത്തെ പതാകയല്ലായിരുന്നുവെന്നും ഇതില്‍ അശോക ചക്രം ഉണ്ടായിരുന്നില്ല. ഇത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയാകാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജീവനക്കാരന്റെ പെരുമാറ്റം ഉചിതമായിരുന്നില്ലെന്ന് ബി.ജെ.പി നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു.

‘അവളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ജീവനക്കാരന്‍ അത് മാന്യമായി കൈകാര്യം ചെയ്യണം. അദ്ദേഹത്തിന്റെ അഭിപ്രായം അങ്ങേയറ്റം അപലപനീയമാണ്,’ അദ്ദേഹം പറഞ്ഞു.

CONTENT HIGHLIGHT: The problem was that the legs were shown, not the national flag; The employee explains why the Academy was banned in the Golden Temple