ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാറാം സീസണിലെ മത്സരങ്ങൾ ആവേശകരമായ രീതിയിൽ പുരോഗമിക്കുകയാണ്. ടൂർണമെന്റിന്റെ തുടക്ക ദിശയിൽ തന്നെ ആവേശോജ്വലമായ നിരവധി മത്സരങ്ങൾക്ക് ഐ.പി.എൽ വേദിയായിട്ടുണ്ട്.
എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് താരങ്ങൾക്ക് പരിക്ക് ഏൽപ്പിക്കുന്നതും രാജ്യാന്തര ക്രിക്കറ്റ് പരമ്പരകളെ മോശമായി ബാധിക്കുന്നതുമായ ടൂർണമെന്റാണ് എന്ന രീതിയിലുള്ള വിമർശനങ്ങൾ ടൂർണമെന്റിന്റെ തുടക്കകാലം മുതൽ തന്നെ ഉയർന്ന് വന്നിരുന്നു.
ക്രിക്കറ്റ് ഇതിഹാസങ്ങളും വിദഗ്ധരും മുതൽ ആരാധകർ വരെ ഐ.പി.എൽ, പ്ലെയേഴ്സിന് പരിക്ക് ഉണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു എന്ന വിമർശനങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ടൂർണമെന്റിനെതിരെ ഉയർന്ന് വരുന്ന വിമർശനങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഐ.പി.എൽ ചെയർമാനായ അരുൺ സിങ് ധുമൽ.
ഐ.പി.എൽ പ്ലെയേഴ്സിന് പരിക്കുണ്ടാക്കും എന്ന് പറയുന്നത് വാസ്തവമല്ലെന്നും, നമ്മുടെ രാജ്യത്ത് പണമുണ്ടാക്കുന്നവരെ മറ്റുള്ളവർ സംശയത്തോടെ നോക്കുന്ന കീഴ് വഴക്കത്തിന്റെ ഭാഗമാണ് ഇത്തരത്തിൽ ഉയർന്ന് വരുന്ന വിമർശനവുമെന്നാണ് അരുൺ സിങ് ധുമൽ വിമർശനങ്ങൾക്ക് മറുപടി പറയുന്നത്.
“നമ്മുടെ രാജ്യത്തിന്റെ ഒരു പ്രശ്നമാണ് പണമുണ്ടാക്കുന്നവരെ ആളുകൾ സംശയത്തോടെ കാണുന്നുവെന്നത്. അത് ഒരു കമ്പനിയായിക്കോട്ടെ വ്യക്തിയായിക്കോട്ടെ അത്തരക്കാരെ ആളുകൾ സംശയത്തോടെ വീക്ഷിക്കും.
വിരാട് ഐ.പി.എല്ലിൽ വർഷങ്ങളായി കളിക്കുന്ന പ്ലെയറാണല്ലോ, അദ്ദേഹത്തിന് ഇതുവരെക്കും പരിക്ക് പറ്റിയിട്ടില്ല. രവീന്ദ്ര ജഡേജക്കും മുഹമ്മദ് ഷമിക്കും ഇതുവരേയും പരിക്ക് പറ്റിയിട്ടില്ല. അതൊന്നും വിമർശകർ കാണുന്നില്ല,’ അരുൺ സിങ് ധുമൽ പറഞ്ഞു.
“എന്നാൽ ഐ.പി.എല്ലിൽ പരിക്ക് പറ്റുന്നവരെയെല്ലാം പണമുണ്ടാക്കാനുള്ള തിരിക്കിൽ പരിക്ക് പറ്റുന്നവരെന്ന് പറഞ്ഞ് തള്ളുകയാണ് നാം. പരിക്ക് എന്നത് എല്ലാ സ്പോർട്സിലുമുള്ള കാര്യമാണ്. ബാഡ്മിന്റൺ കളിക്കുന്നവർക്കും പരിക്ക് പറ്റുന്നുണ്ട്. അത് ഐ.പി.എൽ കളിച്ചിട്ടല്ലല്ലോ,’ അരുൺ സിങ് ധുമൽ കൂട്ടിച്ചേർത്തു.