Sports News
പാകിസ്ഥാന്‍ ക്രിക്കറ്റ് നശിക്കുമോ? പാകിസ്ഥാന്‍ താരങ്ങളും പി.ബി.സിയും തമ്മില്‍ പ്രശ്‌നം രൂക്ഷം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 23, 02:17 pm
Tuesday, 23rd January 2024, 7:47 pm

നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും താരങ്ങളും തമ്മില്‍ അടുത്തിടെ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. വിദേശ ലീഗുകളില്‍ കളിക്കുന്നതിന് താരങ്ങള്‍ക്ക് പി.ബി.സി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് കേന്ദ്ര കരാറുകള്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് പാകിസ്ഥാന്‍ താരങ്ങള്‍.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ് ലീഗ്, ഇന്റര്‍നാഷണല്‍ ലീഗ് ടി-ട്വന്റി, എസ്.എ20 തുടങ്ങിയ നിരവധി ലീഗുകളില്‍ താരങ്ങള്‍ പങ്കെടുക്കാന്‍ ഒരുങ്ങിയിരുന്നു. അതില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചാറ്റോഗ്രാം ചലഞ്ചേഴ്‌സിന് വേണ്ടി കളിക്കാന്‍ ഒരുങ്ങിയ മുഹമ്മദ് ഹാരിസിന് പാകിസ്ഥാന്‍ ബോര്‍ഡ് എന്‍.ഒ.സി നിഷേധിച്ചിരുന്നു. സമാന്‍ ഖാന്‍, ഫക്കര്‍ സമാന്‍ എന്നിവര്‍ക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു.

‘ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് പാകിസ്ഥാന്‍ ബോര്‍ഡ് താരങ്ങള്‍ക്ക് എന്‍.ഒ.സി നല്‍കിയിരുന്നില്ല. ഇത് പ്രശ്‌നങ്ങള്‍ വഷളാകുന്നതിന് കാരണമായി. പി.എസ്.എല്‍ ഒഴികെ രണ്ട് ലീഗുകളില്‍ താരങ്ങള്‍ കളിക്കുന്നുണ്ടായിരുന്നു,’ ഒരു സോഴ്‌സ് പി.ടി.ഐയോടു പറഞ്ഞു.

ബിഗ് ബാഷ് ലീഗില്‍ കളിക്കുന്നത് സംബന്ധിച്ച് ഹാരിസ് റൗഫിനും നേരത്തെ ബോര്‍ഡ് എന്‍.ഒ.സി നല്‍കിയിട്ടില്ലായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. ആഭ്യന്തര മത്സരത്തില്‍ ആദ്യം പങ്കെടുക്കണമെന്ന് ആയിരുന്നു പി.ബി.സി പറഞ്ഞത്. ഓസ്‌ട്രേലിയയും ആയിട്ടുള്ള പരമ്പരയില്‍ ഹാരിസ് റൗഫിന്റെ വിടവ് വലുതാണെന്ന് പരിശീലകനും പറഞ്ഞിരുന്നു.

കൂടെ മറ്റു ലീഗുകള്‍ നടക്കുമ്പോള്‍ താരങ്ങള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിന് വിമുഖത കാണിക്കുകയാണ് പി.ബി.സി ഇപ്പോള്‍. പി.എസ്.എല്ലിനു മുമ്പ് പാകിസ്ഥാന്‍ ടീമിന്റെ അസെയ്ന്‍മെന്റുകള്‍ ഇല്ലെങ്കില്‍ അവര്‍ക്ക് ലാഭകരമായ കരാറുകളില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. അതില്‍ നിന്നും പി.സി.ബി അവരെ നിയന്ത്രിക്കരുതെന്നാണ് കളിക്കാര്‍ പറയുന്നത്.

‘പി.എസ്.എല്ലിന് മുമ്പ് പാകിസ്ഥാന്‍ ടീമിനോട് പ്രതിബന്ധതകളൊന്നും ഇല്ലെങ്കില്‍ ലാഭകരമായ മറ്റു കരാറുകള്‍ ഉള്ള ലീഗുകളില്‍ പങ്കെടുക്കുന്നതിന് അവരെ തടയാനാവില്ല. ബോര്‍ഡിന് അതില്‍ ഒരു അവകാശമില്ലെന്നും കളിക്കാര്‍ വിശ്വസിക്കുന്നുണ്ട്,’ ഒരു ഉറവിടം പറഞ്ഞത് ക്രിക്ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

സാഖ അഷറഫാണ് നിലവില്‍ പി.ബി.സി ചെയര്‍മാന്‍. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്.

 

Content Highlight: The problem between Pakistani Players and P.B.C is intense