| Tuesday, 20th August 2024, 12:40 pm

വനിതാ തൊഴിലാളികൾ നേരിടുന്ന ചൂഷണത്തെ മറന്ന സജി ചെറിയാന്റെയും സഹപ്രവർത്തകർക്ക് വേണ്ടി പ്രതികരിച്ച ഡബ്ല്യൂ.സി.സിയുടെയും പ്രിവിലേജുകൾ വ്യത്യസ്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുള്ള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി അഭിഭാഷകൻ ഹരീഷ് വാസുദേവൻ. മലയാള സിനിമാ രംഗത്ത് സ്ത്രീകൾ കടുത്ത ലിം​ഗ അനീതിയും ലൈംഗിക ചൂഷണവും നേരിടുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്.

റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷവും ആരെങ്കിലും നേരിട്ട് പരാതി നൽകിയാൽ തങ്ങൾ കേസ് എടുക്കും എന്ന നിലപാടായിരുന്നു മന്ത്രി സജി ചെറിയന്റേത്. സിനിമ മേഖലയിലെ പ്രശ്നങ്ങളെ സംബന്ധിച്ച് ഒരു അഭിനേത്രിയും ഇതുവരെ പരാതി നൽകിയിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിനെതിരെ വിമർശനവുമായി കേരള ഹൈക്കോടതി അഭിഭാഷകൻ ഹരീഷ് വാസുദേവൻ മുന്നോട്ടെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനം രേഖപ്പെടുത്തിയത്.

‘തങ്ങളുടെ തൊഴിലിൽ തിരിച്ചടി നേരിടുമെന്നു അറിഞ്ഞിട്ടും, വ്യക്തിപരമായി ഒട്ടേറെ നഷ്ടങ്ങൾ ഉണ്ടാകുമെന്ന് ബോധ്യം വന്നിട്ടും ഡബ്ല്യൂ.സി.സി അംഗങ്ങൾ അനീതിയ്ക്കെതിരെ ശബ്ദിച്ചു. മറ്റുള്ള സ്ത്രീകൾക്ക് കൂടി തൊഴിൽ രംഗത്ത് സുരക്ഷ ഉണ്ടാക്കാനും ഈ തൊഴിലിടത്തെ മെച്ചപ്പെടുത്താനും വേണ്ടിയാണ് അവർ പ്രതികരിച്ചത്.

അവർ ഹേമ കമ്മീഷൻ റിപ്പോർട്ട് ഉണ്ടാക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ചു. ഇതൊന്നും അവർ അവരുടെ സ്വന്തം കാര്യം ആയിരുന്നില്ല സംസാരിച്ചത്. അവർക്ക് കിട്ടിയ വിസിബിലിറ്റി പ്രിവിലേജ് അവർ സഹപ്രവർത്തകർക്കായി ഉപയോഗിച്ചു. എന്നാൽ കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രിയാകട്ടെ മന്ത്രിയെന്ന തന്റെ പ്രിവിലേജ് മുറുകെ പിടിച്ച് ഹേമകമ്മിറ്റി റിപ്പോർട്ടിന്മേൽ ഉറങ്ങുകയാണ് ചെയ്തത്. അദ്ദേഹം തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിച്ച് മന്ത്രിയായ വ്യക്തിയാണ്. എന്നാൽ ഇന്ന് അതേ തൊഴിലാളികളെ മറന്ന് കളയുന്നു,’ ഹരീഷ് വാസുദേവൻ പറഞ്ഞു.

പരാതി വരുമ്പോഴാണ് തങ്ങളുടെ ജോലി തുടങ്ങേണ്ടതെന്ന യുക്തിയൊക്കെ രാജാവിന്റെയും പ്രജയുടെയും കാലത്തുള്ളതാണെന്നും ഹരീഷ് വാസുദേവൻ കൂട്ടിച്ചേർത്തു. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പലവിധ കുറ്റകൃത്യങ്ങളെപ്പറ്റി പറയുന്നുണ്ട്. അതിൽ കേസെടുക്കാൻ നാളിതുവരെ പൊലീസിനോട് മന്ത്രി പറഞ്ഞോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

‘സിനിമാ കോൺക്ലേവ് എന്ന പേരിൽ ഗ്ലാമറസ് പരിപാടി നടത്തി, ഇന്നലെ വരെ ഈ അനീതിയോട് സന്ധിചെയ്തവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത വാർത്തയുണ്ടാക്കിയാൽ പോരാ എന്നും സിനിമ മേഖലകളിൽ സ്ത്രീകൾ നേരിട്ട അക്രമങ്ങൾക്കെതിരെ എഫ്.ഐ.ആർ ഇട്ട് അന്വേഷിക്കണമെന്നും അദ്ദേഹം വിമർശിച്ചു. ആരൊക്കെയാണ് പാതിരാത്രി തൊഴിലിടത്തിൽ സ്ത്രീകളെ ഭീഷണിപ്പെടുത്തി ആക്രമിക്കാൻ തുനിഞ്ഞത്, അവർക്ക് ഐ.പി.സി പറയുന്ന ശിക്ഷ വാങ്ങിക്കൊടുക്കണം’, ഹരീഷ് വാസുദേവൻ കൂട്ടിച്ചേർത്തു. ഒപ്പം തങ്ങളുടെ സഹപ്രവർത്തകർക്ക് വേണ്ടി പ്രയത്നിച്ച ഡബ്ല്യൂ.സി.സി അംഗങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

നടിയ്ക്ക്‌ നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് ഒരു കൂട്ടം നടിമാർ ചേർന്ന് ഡബ്ല്യൂ.സി.സി എന്ന സംഘടന രൂപീകരിക്കുകയും അവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‌ പരാതിനൽകുകയും ചെയ്തിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങളെയും വിവേചനങ്ങളേയും കുറിച്ച്‌ സർക്കാർ അന്വേഷിക്കണം എന്ന് അവർ ആവശ്യപ്പെട്ടു.

പരാതി സ്വീകരിച്ച മുഖ്യമന്ത്രി സിനിമാ മേഖലയിൽ, വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി ഒരു കമ്മീഷനെ വെയ്ക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് റിട്ടേർഡ്‌ ജസ്റ്റിസ്‌ ജെ.കെ ഹേമയുടെ നേത്യത്വത്തിൽ ഒരു കമ്മീഷൻ രൂപീകരിക്കുകായായിരുന്നു.

ലഹരി മാഫിയയുടെ കൈകളിലൂടെയാണ് മലയാള സിനിമ പ്രവർത്തിക്കുന്നത്. ഇത്തരം മാഫിയകളുടെ അടിമകളായവരിൽ നിന്ന് സ്ത്രീകൾ അധിക്ഷേപം നേരിടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പോക്സോ പോലും ചുമത്തേണ്ട കുറ്റകൃത്യങ്ങളാണ് സിനിമാ മേഖലയിൽ നടക്കുന്നതെന്നും ഹേമ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Content Highlight: the privileges of Saji Cherian, who deliberately ignored the exploitation faced by women workers, and WCC, who responded on behalf of their colleagues, are different.

We use cookies to give you the best possible experience. Learn more