ന്യൂദല്‍ഹി: രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി സര്‍ക്കാര്‍ ഇനി 20 വര്‍ഷം കൂടി ഇന്ത്യ ഭരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ ഭരണത്തിന്റെ മൂന്നിലൊന്ന് കാലമേ പൂര്‍ത്തിയായിട്ടുള്ളുവെന്നും മോദി രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് രാജ്യസഭാ സമ്മേളനം നടക്കുന്നത്.
കോണ്‍ഗ്രസിന് രാജ്യത്തെ ന്യൂനപക്ഷങ്ങളോടും പിന്നാക്ക വിഭാഗങ്ങളോടും വിദ്വേഷമാണെന്നും മോദി പറഞ്ഞു. രാജ്യസഭയില്‍ നിന്ന് ഇറങ്ങിപോയതിലൂടെ പ്രതിപക്ഷം ഭരണഘടനയെ അപമാനിച്ചു. നുണ പറഞ്ഞവര്‍ക്ക് സത്യത്തെ അഭിമുഖീകരിക്കാന്‍ മടിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശത്രു കോണ്‍ഗ്രസാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
ബംഗാളിലെ ആക്രമണങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ അപലപിക്കുന്നില്ല. സ്ത്രീകള്‍ക്ക് എതിരായ ആക്രമണങ്ങളെ അപലപിക്കുന്നതില്‍ പ്രതിപക്ഷത്തിന് പക്ഷപാതമെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയില്‍ മോദി മറുപടി നല്‍കി.
എന്‍.ഡി.എ സഖ്യത്തിന്റെ വിജയത്തെ ബ്ലാക്ക് ഔട്ട് ചെയ്യാന്‍ ആണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ഇപ്പോഴും ജനഹിതം മനസിലാക്കിയിട്ടില്ലെന്നും മോദി പറയുകയുണ്ടായി.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് എം.പി മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കാന്‍ അനുമതി തേടിയെങ്കിലും സ്പീക്കര്‍ നിഷേധിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. പ്രതിഷേധം അവഗണിച്ച് മോദി പ്രസംഗം തുടര്‍ന്നതോടെ സഭയില്‍ നിന്ന് പ്രതിപക്ഷം വാക്ക് ഔട്ട് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം ലോക്‌സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി, തൃണമൂല്‍ എം.പിയായ മഹുവ മൊയ്ത്ര അടക്കമുള്ള നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തിയതോടെ പ്രധാനമന്ത്രി മിണ്ടാട്ടമില്ലാതെ ഇരുന്നുപോയിരുന്നു. ഹിന്ദുക്കള്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ രാജ്യത്ത് അതിക്രമങ്ങള്‍ നടത്തുന്നു, ബി.ജെ.പി ഹിന്ദുക്കളെ പ്രതിനിധികരിക്കുന്നില്ല തുടങ്ങിയ രാഹുലിന്റെ പരാമര്‍ശങ്ങളില്‍ കേന്ദ്ര മന്ത്രി അമിത് ഷാ പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Content Highlight: The Prime Minister said that the BJP government will rule India for another 20 years