ലഡാക്: ഇന്ത്യയുടെ ഭൂമി ചൈന കയ്യേറിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ യോഗത്തില്‍ അത് നിഷേധിച്ചത് സങ്കടകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ ഭൂമി ചൈന കയ്യേറിയെന്ന കാര്യം ലഡാക്കിലെ ഓരോ വ്യക്തിക്കുമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഡാക്ക് യാത്രയിലെ അവസാന ദിവസമായ ഇന്ന് കാര്‍ഗിലിലെ പൊതുയോഗത്തില്‍ സംസാരിക്കവേയായിരുന്നു രാഹുലിന്റെ പ്രതികരണം.
‘കഴിഞ്ഞ ആഴ്ച ലഡാക്ക് മുഴുവന്‍ ഞാന്‍ ബൈക്കില്‍ സഞ്ചരിച്ചു. ലഡാക്ക് തന്ത്രപ്രധാനമായ സ്ഥലമാണ്. പാങോങ് തടാകത്തിലെത്തിയപ്പോള്‍ ഇന്ത്യയിലെ കിലോമീറ്ററുകളോളം സ്ഥലം ചൈന പിടിച്ചെടുത്തെന്ന് എനിക്ക് മനസിലായി. എന്നാല്‍ പ്രതിപക്ഷ യോഗത്തില്‍ ഒരു ഇഞ്ച് ഭൂമി പോലും ചൈന പിടിച്ചെടുത്തില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശം തികച്ചും തെറ്റാണ്.
നമ്മുടെ ഭൂമി ചൈന കയ്യേറിയ കാര്യം ലഡാക്കിലെ ഓരോ മനുഷ്യര്‍ക്കുമറിയാം. എന്നാല്‍ പ്രധാനമന്ത്രി സത്യം പറയുന്നില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
തന്റെ ലഡാക്ക് യാത്രയില്‍ രണ്ടാമത്തെ തവണയാണ് രാഹുല്‍ ഗാന്ധി ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തെ കുറിച്ച് സംസാരിക്കുന്നത്. ലഡാക്കിലെ ഒരിഞ്ച് സ്ഥലം പോലും ചൈന പിടിച്ചെടുത്തില്ലെന്ന മോദിയുടെ പ്രസ്താവന ശരിയല്ലെന്ന് അദ്ദേഹം ഞായറാഴ്ചയും പറഞ്ഞിരുന്നു.
സമ്പൂര്‍ണ സംസ്ഥാനത്തിനും സുരക്ഷയ്ക്കും വേണ്ടി പോരാടുന്ന കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സിനും അദ്ദേഹം പിന്തുണ നല്‍കി.
‘നിങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടു. നിങ്ങളുടെ സമരത്തില്‍ കോണ്‍ഗ്രസ് നിങ്ങളോടൊപ്പം നില്‍ക്കുന്നുവെന്ന് അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സുരക്ഷാ ആവശ്യകതകളായോ തൊഴില്‍ പ്രശ്‌നങ്ങളുമായോ നിങ്ങള്‍ക്കെന്നെ ബന്ധപ്പെടാം. ലഡാക്ക് പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ്. 21 നൂറ്റാണ്ടില്‍ എല്ലാം സൗരോര്‍ജത്തിലാണ്. ലഡാക്കില്‍ അതിന് ക്ഷാമമില്ല.
നിങ്ങള്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യം നല്‍കിയാല്‍ അവര്‍ക്ക് നിങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പിക്ക് അറിയാം. ബി.ജെ.പി നിങ്ങളുടെ ഭൂമി അദാനിക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഞങ്ങളത് അനുവദിക്കില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ മോദി ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ്ങിനെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്‌റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
content highlights: The Prime Minister lied; India’s encroachment by China was realized through the Ladakh trip: Rahul Gandhi