തിരുവനന്തപുരം: ചുട്ടുപൊള്ളിക്കുന്ന ജീവിതാനുഭവങ്ങളും കടന്നുവന്ന വഴികളും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പങ്കുവെക്കാം എന്ന വലിയ പ്രതീക്ഷയിലാണ് കേരളത്തെ പ്രതിനിധാനം ചെയ്ത് ജയപ്രിയ അയ്യങ്കാളി ഹാളിലെത്തിയത്.
ജനക്ഷേമ പദ്ധതി ഗുണഭോക്താക്കളുമായുള്ള പ്രധാനമന്ത്രിയുടെ സംവാദമാണ് പരിപാടി.
സംവാദത്തില്‍ പങ്കെടുക്കാന്‍ ഒന്നാംനിരയില്‍ ഇരിപ്പിടവും കിട്ടി.
ലഡാക്കില്‍നിന്നുള്ള ഗുണഭോക്താവിനുശേഷം അവസരം ലഭിക്കുമെന്നായിരുന്നു ജയപ്രിയുടെ പ്രതീക്ഷ. ത്രിപുര, ബിഹാര്‍, കര്‍ണാടകം, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ സംസാരം കഴിഞ്ഞതോടെ പ്രധാനമന്ത്രി പ്രസംഗിക്കാനെത്തി. പ്രസംഗം കഴിഞ്ഞതോടെ കേരളത്തെ കേള്‍ക്കാതെ സംവാദം അവസാനിച്ചതായും അറിയിച്ചു.
പക്ഷേ ഏറെ പ്രതീക്ഷയോടെ വന്ന ജയപ്രിയയെ കേരളം നിരാശപ്പെടുത്തിയില്ല. പരിപാടിയില്‍ പങ്കെടുത്ത മന്ത്രി എം.വി ഗോവിന്ദന്‍ ഉടന്‍ ഇടപെട്ട് ജയയ്ക്ക് തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ അവസരമൊരുക്കി.
കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലൂടെ ജീവിതം തിരിച്ചുപിടിച്ച അനുഭവമായിരുന്നു ജയപ്രിയക്ക് പറയാനുണ്ടായിരുന്നത്.
തിരുവന്തപുരം ചാല സ്വദേശിയായ ജയപ്രിയ ഒരു സ്വകാര്യ ലോജിസ്റ്റിക് കമ്പനിയിലെ ജീവനക്കാരിയായിരുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു.
ആ വേളയിലാണ് വയറില്‍ വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗര്‍ഭാശയത്തില്‍ മുഴ വളരുന്നതായി കണ്ടെത്തി. ചികിത്സക്കായി വലിയ തുക വേണമെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു.
പക്ഷേ ജോലി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിനിന്ന ആ സാഹചര്യത്തില്‍ ഇത്രയും വലിയ തുക എങ്ങനെ എന്ന ചോദ്യം മത്രമായിരുന്നു ജയപ്രിയയുടെ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലൂടെ ആ ചോദ്യത്തിന് ഉത്തരമായി.