Entertainment
ശരിക്കും ഫാ.ബെനഡിക്ട് ആരാണ്? അവസാനത്തിലെ മമ്മൂട്ടിയുടെ ആ ചിരിയും; പ്രീസ്റ്റ് ടീസര്‍ പങ്കുവെച്ച് ദുല്‍ഖറും പൃഥ്വിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 27, 01:08 pm
Saturday, 27th February 2021, 6:38 pm

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദി പ്രീസ്റ്റിന്റെ രണ്ടാം ടീസറെത്തി. ഹൊറര്‍-ത്രില്ലര്‍ മോഡില്‍ കുറ്റാന്വേഷണ കഥ പറയുന്ന ചിത്രമായിരിക്കും പ്രീസ്റ്റെന്ന് ഉറപ്പിക്കുകയാണ് രണ്ടാം ടീസര്‍. പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥപറച്ചിലായിരിക്കും ചിത്രം പിന്തുടരുകയെന്നാണ് ടീസറില്‍ നിന്നും മനസ്സിലാകുന്നത്.

ഒരു കുടുംബത്തില്‍ നടക്കുന്ന മൂന്ന് ആത്മഹത്യകളും അത് അന്വേഷിക്കാനെത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിലൂടെയാണ് പ്രീസ്റ്റ് കഥ പറയുന്നത്. മഞ്ജു വാര്യരടക്കമുള്ള ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാവരും തന്നെ ആക്ഷാംക്ഷ നിറക്കുന്ന രീതിയിലാണ് ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശരിക്കും ഫാദര്‍ ബെനഡിക്ട് ആരാണ് എന്ന ചോദ്യത്തിലാണ് ടീസര്‍ അവസാനിക്കുന്നത്.

മാര്‍ച്ച് നാലിനാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമാ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങിയ ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ജനുവരിയില്‍ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തില്‍ നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി .എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ്. 2020 ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കൊവിഡ് ലോക്ക്ഡൗണ്‍ മൂലം ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: The Priest official Teaser out