| Saturday, 12th June 2021, 11:58 am

പ്രേതം മാത്രമല്ല, മമ്മൂട്ടിയുടെ കൈയ്യിലെ പ്രത്യേക ടോര്‍ച്ചും കമ്പ്യൂട്ടര്‍ സ്‌ക്രീനും വരെ വി.എഫ്.എക്‌സ്.; പ്രീസ്റ്റിന്റെ സ്‌പെഷ്യല്‍ ഇഫക്ട്‌സെല്ലാം തുറന്നുകാണിച്ച് പുതിയ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി നായകനായെത്തിയ ഹൊറര്‍ ചിത്രമായ ദി പ്രീസ്റ്റിന്റെ വി.എഫ്.എക്‌സ്. വര്‍ക്കുകള്‍ സിനിമ ഇറങ്ങിയ സമയം മുതല്‍ തന്നെ ചര്‍ച്ചയായിരുന്നു. പ്രീസ്റ്റിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത് ഈ മികച്ച സ്‌പെഷ്യല്‍ ഇഫക്ട്‌സും പശ്ചാത്തല സംഗീതവുമായിരുന്നു.

ഇപ്പോള്‍ ഈ വി.എഫ്.എക്‌സ് വര്‍ക്കിന്റെ പിന്നണി പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ദി പ്രീസ്റ്റ് വി.എഫ്.എക്‌സ് ബ്രേക്ക് ഡൗണ്‍ എന്ന പേരിലാണ് നാല് മിനിറ്റുള്ള വീഡിയോ എത്തിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ ഉള്ളത്.

ലവന്‍ പ്രകാശ്, കുശന്‍ പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ടര്‍ബോ മീഡിയയാണ് പ്രീസ്റ്റിന്റെ വി.എഫ്.എക്‌സ്. ചെയ്തത്. ചിത്രത്തിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഇഫക്ട്‌സ് ഒരുക്കുന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ചിത്രത്തിന്റെ തുടക്കം മുതല്‍ ക്ലൈമാക്‌സ് വരെയുള്ള സീനുകളില്‍ വിവിധ ഘട്ടങ്ങളില്‍ വി.എഫ്.എക്‌സ്. ഉപയോഗിച്ചത് എങ്ങനെയെന്ന് ബ്രേക്ക് ഡൗണ്‍ വീഡിയോയില്‍ കാണാനാകും.

ക്ലൈമാക്‌സിലെ പ്രേതം വരുന്ന രംഗങ്ങളില്‍ മാത്രമല്ല, സാധാരണ സെറ്റാണെന്ന് കരുതുന്ന പല സന്ദര്‍ഭങ്ങളിലെയും പ്രോപ്പര്‍ട്ടികള്‍ വി.എഫ്.എക്‌സ് ആണെന്ന് ഈ വീഡിയോ കാണുമ്പോഴാണ് മനസ്സിലാകുന്നത്. പുറത്തുവിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.

കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദി പ്രീസ്റ്റ്. തിയേറ്ററില്‍ സിനിമ വന്‍ ഹിറ്റായി മാറിയിരുന്നു. നവാഗതനായ ജോഫിന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്.

മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ നായികയായി എത്തിയ ആദ്യ ചിത്രമാണ് പ്രീസ്റ്റ്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
ശ്യാം പ്രദീപും ദീപു പ്രദീപും ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

നിഖില വിമലും സാനിയ ഇയ്യപ്പനും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ആന്റോ ജോസഫും ബി. ഉണ്ണി കൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം ഈ നിര്‍മിച്ചത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം രാഹുല്‍ രാജാണ് ചെയ്തിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ഈ ചിത്രം തിയറ്ററുകളില്‍ വിതരണത്തിന് എത്തിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: The Priest movie VFX break down video , Mammootty, Manju Warrier, Nikhila Vimal

We use cookies to give you the best possible experience. Learn more