| Thursday, 11th March 2021, 7:06 pm

പടിയില്‍ കലമുടയ്ക്കുന്ന  പുരോഹിതന്റെ അന്വേഷണവും കണ്ടെത്തലും

അശ്വിന്‍ രാജ്

The Priest Malayalam Movie Review : ഏറെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു മമ്മൂട്ടി നായകനായി എത്തുന്ന പ്രീസ്റ്റ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ തന്നെ ചിത്രം സോഷ്യല്‍ മീഡിയിയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

കരിയറില്‍ ഇതുവരെ ചെയ്യാത്ത വേഷ പകര്‍ച്ചയുമായി മമ്മൂട്ടി, ആദ്യമായി മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്നു, ഹൊറര്‍ ത്രില്ലറുമായി ഒരു നവാഗതനായ സംവിധായകന്‍ തുടങ്ങിയ നിരവധി പ്രത്യേകതകള്‍ സിനിമയ്ക്ക് ഉണ്ടായിരുന്നു.

കൊവിഡ് ഭീഷണി മൂലം പ്രതീക്ഷിച്ചതിലും വൈകി ഒടുവില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയുടെത തന്നെയാണ് ചിത്രത്തിന്റെ കഥ.

ഉണ്ണിമൂലം, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദീപു പ്രദീപും, ശ്യാം മേനോനുമാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

ഫാദര്‍ ബെനഡിക്റ്റ് എന്ന കപ്പുച്ചിന്‍ ഫാദറായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. കേരളത്തില്‍ നടന്ന പ്രമാദമായ ചില കൊലപാതക കേസുകളുമായി സാമ്യമുള്ള കഥാപാശ്ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നത്. പ്രൈവറ്റ് ഡിക്ടറ്റീവ്, പാരാസൈക്കോളജിസ്റ്റ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ബെനഡിക്റ്റ്.

ചിത്രം തുടങ്ങുമ്പോള്‍ ഒരു കേസില്‍ നിന്ന് ആരംഭിച്ച് അതിന്റെ അന്വേഷണത്തിലൂടെ മറ്റൊരു കഥാപാത്രത്തില്‍ എത്തുകയും അവിടെ നിന്ന് ഈ കഥാപാത്രത്തെ ചുറ്റിപറ്റി കഥ വികസിക്കുകയുമാണ് ചെയ്യുന്നത്.

ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവം പരിഗണിച്ച് തന്നെ പ്രീസ്റ്റിന്റെ കഥയിലേക്ക് കൂടുതലായി കടക്കുന്നതിന് ചില പ്രശ്‌നങ്ങളുണ്ട്. സംവിധായകന്റെ ആദ്യ ചിത്രമെന്ന നിലയില്‍ സാങ്കേതികപരമായി ഏറെ മുന്നിട്ട് നില്‍ക്കുന്നുണ്ട് പ്രീസ്റ്റ്.

ചിത്രത്തിലെ ഗാനങ്ങളും ബി.ജി.എമ്മും മികച്ചതായിരുന്നു. ഒരു ഹെറര്‍ ത്രില്ലര്‍ ചിത്രത്തിനായുള്ള എല്ലാം മൂഡും രാഹുല്‍ രാജിന്റെ ബി.ജി.എം തരുന്നുണ്ട്. കൂടെ അഖില്‍ ജോര്‍ജിന്റെ ക്യാമറയും ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗും മികച്ചതാണ്.

ഏറ്റവും കൈയ്യടി നേടുന്നത് ബേബി മോണിക്കയുടെ അമേയ എന്ന കഥാപാത്രമാണ്. അതി ഗംഭീരമായിട്ടാണ് ചിത്രത്തില്‍ ബേബി മോണിക്ക തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

നിഖില വിമല്‍, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. പക്ഷേ ചിത്രത്തിലെ ആകെ തുകയിലേക്ക് എത്തുമ്പോള്‍ ചില കല്ലുകടികള്‍ അനുഭവപ്പെടുന്നുണ്ട്.

കഥയുടെ തുടക്കത്തില്‍ കാണിക്കുന്ന ബേബി ബോണിക്കയുടെ അമേയ കഥാപാത്രരൂപീകരണം ഗംഭീരമാണെങ്കിലും ചിത്രം കണ്ടിറങ്ങുമ്പോള്‍ ചില സംശയങ്ങള്‍ പ്രേക്ഷകനില്‍ ഉണ്ടാക്കുന്നുണ്ട്.

പലപ്പോഴും തിരക്കഥാകൃത്തും സംവിധായകനും കഥയിലെ സംഭവങ്ങള്‍ക്ക് സ്പൂണ്‍ ഫീഡിംഗ് തരുന്നുണ്ട്. അതേസമയം ചിത്രത്തില്‍ ഒരു രംഗത്ത് അമേയ എങ്ങിനെ ചെന്നൈയില്‍ എത്തിയെന്നതും അവിടെ നിന്ന് എലിസബത്ത് എന്ന കഥാപാത്രത്തെ കൃത്യമായി കണ്ടെത്തി എന്നതും പറഞ്ഞുവെയ്ക്കാനോ കാണിച്ച് തരാനോ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല.

പതിഞ്ഞ താളത്തില്‍ തുടങ്ങി ഇന്റര്‍വെല്‍ സമയം അടുക്കുവോളം ചിത്രത്തിന് ഒരു സ്ലോ റണ്‍ ആണ് അനുഭവപ്പെടുന്നത്. ആദ്യ പകുതി അവസാനിക്കുന്നതോടെ കിടിലന്‍ ഒരു ഹൊറര്‍ ത്രില്ലര്‍ മൂഡിലേക്ക് ചിത്രം എത്തും.

രണ്ടാം പകുതിയില്‍ ത്രില്ലറിനേക്കാള്‍ ഉപരിയായി ബന്ധങ്ങള്‍ക്കും ഇമോഷന്‍സിനുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ചില സീനുകളും കഥാഗതികളും പ്രവചിക്കാന്‍ കഴിയുന്നുണ്ട്.

തിരക്കഥയിലെ കെട്ടുറപ്പില്ലായ്മയാണ് ഇതിന് കാരണം. ചിത്രത്തിലെ ഒരു രംഗത്തില്‍ അമേയയുടെ ജന്മദിനം ഫാദര്‍ ബെനഡിക്ട് തിരിച്ചറിയുന്ന രംഗമുണ്ട്. എന്നാല്‍ അവിടെ നിന്ന് പിന്നീടും കുറച്ച് സീനുകള്‍ കഴിഞ്ഞാണ് അതിന്റെ പ്രത്യേകത ഫാദര്‍ ബെനഡിക്ട് അവതരിപ്പിക്കുന്നത്. പക്ഷേ അതിന് മുമ്പ് തന്നെ പ്രേക്ഷകന് ആ കഥാഗതി ഊഹിക്കാന്‍ കഴിയുന്നുണ്ട്. ചിത്രത്തിലെ ആദ്യ രംഗങ്ങളിലെ കേസ് അന്വേഷണത്തിലും ഇത് അനുഭവപ്പെടുന്നുണ്ട്.

മികച്ച ഒരു കഥാപശ്ചാത്തലത്തില്‍ കഥാപാത്രരൂപീകരണവും ഉണ്ടെങ്കിലും തിരക്കഥയിലെ ചിലയിടങ്ങളിലെ കെട്ടുറപ്പ് ഇല്ലാത്തത് പ്രീസ്റ്റിന് ഒരു വെല്ലുവിളിയാവുന്നുണ്ട്.

അതേസമയം സംവിധായകന് എന്ന നിലയില്‍ ജോഫിന്‍ തീര്‍ച്ചയായും കൈയ്യടി അര്‍ഹിക്കുന്നുണ്ട്. പ്രത്യേകിച്ച് അമേയയുടെയും ഫാദര്‍ ബെഡഡിക്ടിന്റെയും ഒന്നിച്ചുള്ള ചില സീനുകളും ചിത്രത്തിലെ ഇന്റര്‍വെല്ലിന് മുമ്പുള്ള രംഗങ്ങളും സംവിധായകന്റെ കഴിവ് വിളിച്ചറിയിക്കുന്നുണ്ട്.

ചിത്രത്തിലെ ക്ലൈമാക്‌സ് പ്രത്യേകിച്ച് ടൈല്‍ ഇന്‍ഡ് അത്ര വിശ്വസനീയമായി തോന്നിയില്ല. എങ്കിലും മലയാളത്തില്‍ പുതിയ ഒരു പരീക്ഷണ ഹൊറര്‍ ചിത്രം എന്ന നിലയില്‍ പ്രീസ്റ്റ് തിയേറ്റര്‍ വാച്ച് അര്‍ഹിക്കുന്നുണ്ട്. ഭാവിയില്‍ ഫാദര്‍ ബെനഡിക്ട് എന്ന കഥാപാത്രത്തെ മാത്രം വെച്ച് ഒരു സ്പിന്‍ ഓഫ് മൂവിക്ക് അടക്കമുള്ള സാധ്യതകള്‍ ദി പ്രീസ്റ്റിനുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: The Priest Malayalam Movie Review Mammootty’s horror-thriller Manju Warrier

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more