മമ്മൂട്ടിയുടെ ദി പ്രീസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പല തവണ ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ച ശേഷം മാര്‍ച്ച് 4ന് ദി പ്രീസ്റ്റ് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജോഫിന്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് കഥ പറയാന്‍ പോയതു മുതല്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ വരെ മമ്മൂട്ടിയോടൊപ്പമുള്ള അനുഭവങ്ങളാണ് ജോഫിന്‍ പറയുന്നത്.
‘അഞ്ചു വര്‍ഷമായി ഞാന്‍ ഈ കഥയും മനസ്സിലിട്ട് നടക്കുന്നു, അത് പലരോടും പറഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് നിര്‍മാതാവ് ആന്റോ ജോസഫിനോട് കഥ പറഞ്ഞത്. അതിനുശേഷം സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും കഥ കേട്ടു. അവര്‍ക്കത് ഇഷ്ടമായതോടെ എല്ലാം എളുപ്പമായി.
അങ്ങനെ ബൈന്‍ഡ് ചെയ്ത തിരക്കഥയുമായി ഞാന്‍ മമ്മൂക്കയുടെ മുന്നിലെത്തി. ഒരുപാട് തവണ പലരോടും ആവര്‍ത്തിച്ചതിനാല്‍ എനിക്ക് തിരക്കഥ മനഃപാഠമായിരുന്നു. മമ്മൂക്ക മൂന്നുമണിക്കൂര്‍ എന്റെ മുന്നില്‍ കഥ കേള്‍ക്കാന്‍ ഇരുന്നു. അദ്ദേഹം കഥയില്‍ ലയിച്ചപ്പോള്‍ എനിക്ക് ആവേശമായി. അദ്ദേഹവും കഥ ഇഷ്ടപ്പെട്ട് ഓക്കെ പറഞ്ഞതോടെ വലിയ കോണ്‍ഫിഡന്‍സായി. ചിത്രീകരണവേളയില്‍, തുടക്കക്കാരനായ ഡയറക്ടര്‍ എന്ന നിലയില്‍ എന്നെ കംഫര്‍ട്ടായി നിര്‍ത്താന്‍ മമ്മൂക്ക ശ്രമിച്ചിരുന്നു. എന്റെ ആഗ്രഹങ്ങള്‍ക്കൊപ്പം അദ്ദേഹം ചേര്‍ന്നുനിന്നു.’ ജോഫിന്‍ പറയുന്നു.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മിസ്റ്റീരിയസ് ത്രില്ലര്‍ മോഡില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നതും ജോഫിന്‍ ടി ചാക്കോയാണ്. ചിത്രത്തിന്റെ പോസ്റ്ററും ടീസറുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം വലിയ താര നിരയാണ് ചിത്രത്തില്‍ ഒന്നിക്കുന്നത്.നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ (കരിക്ക് ഫെയിം) തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും , ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക