| Tuesday, 30th March 2021, 8:13 pm

ദേഹത്ത് പ്രേതം കയറുമ്പോഴുള്ള അലര്‍ച്ചയും ശബ്ദങ്ങളും; അതിശയിപ്പിച്ച് പ്രീസ്റ്റിലെ ബേബി മോണിക്കയുടെ ഡബിംഗ് വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ഹൊറര്‍ ചിത്രം ദി പ്രീസ്റ്റില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ബേബി മോണിക്കയുടെ അമേയ. ചിത്രത്തില്‍ പ്രേതബാധിതയാകുന്ന പെണ്‍കുട്ടിയായിട്ടായിരുന്നു മോണിക്ക എത്തിയത്.

പ്രീസ്റ്റിലെ മോണിക്കയുടെ അഭിനയത്തോടൊപ്പം തന്നെ പ്രേതം ദേഹത്ത് കയറുന്ന സമയത്തുള്ള ശബ്ദവ്യത്യാസങ്ങളും ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ഈ ഭാഗത്തിന്റെ ഡബിംഗ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജോഫിന്‍ ടി ജോണ്‍.

ചെറിയ മുരള്‍ച്ചകളില്‍ തുടങ്ങി അവസാനം എല്ലാവരെയും ഭയപ്പെടുത്തുന്ന അലര്‍ച്ചയിലാണ് ഡബിംഗ് അവസാനിക്കുന്നത്. ചിത്രത്തില്‍ കട്ടിലില്‍ കെട്ടിയിട്ട നിലയിലാണ് ഈ ഭാഗത്ത് മോണിക്ക എത്തുന്നത്. അതുപോലെ കിടന്നുകൊണ്ട് തന്നെയാണ് ബേബി മോണിക്ക ഡബ്ബ് ചെയ്യുന്നത്.

മലയാളം അറിയാത്തതിനാല്‍ പ്രീസ്റ്റിലെ മോണിക്കയുടെ ഡയലോഗിന്റെ ഭാഗങ്ങള്‍ ഡബ് ചെയ്തത് നിലീന അനീഷ് എന്ന കുട്ടിയായിരുന്നു. എന്നാല്‍ പ്രേതബാധിതയാകുന്ന ഭാഗത്തെ ശബ്ദങ്ങളെല്ലാം ചെയ്തത് മോണിക്ക തന്നെയാണ്.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വളരെ അനായാസമായാണ് മോണിക്ക കഥാപാത്രമായി മാറുന്നതും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഡബ്ബ് ചെയ്യുന്നതും. ഈ വീഡിയോ കൂടി പുറത്തുവന്നതോടെ ബേബി മോണിക്കയില്‍ നിന്നും ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങളും അഭിനയമുഹൂര്‍ത്തങ്ങളും പ്രതീക്ഷിക്കാമെന്ന് ഒരിക്കല്‍ കൂടി പറയുകയാണ് ആരാധകര്‍.

കൈതി, രാക്ഷസന്‍ എന്നീ തമിഴ് ചിത്രങ്ങളിലൂടെയാണ് ബേബി മോണിക്ക സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരിയാകുന്നത്

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ദി പ്രീസ്റ്റ് പ്രേക്ഷക പ്രശംസ നേടിയിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് പ്രീസ്റ്റ് കഥയെഴുതി സംവിധാനം ചെയ്തത്.

മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ (കരിക്ക് ഫെയിം) തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും , ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: The Priest child artist Baby Monica dubs for the scenes where ghost into her body in the movie-video

We use cookies to give you the best possible experience. Learn more