കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്.
വില കൂട്ടിയതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
ഫെബ്രുവരി ആദ്യ വാരം വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചിരുന്നു. കൊച്ചിയില്‍ 101 രൂപയാണ് ഫെബ്രുവരി ഒന്നിന് കുറഞ്ഞത്. എന്നാല്‍ ഒരു മാസം പിന്നിട്ടപ്പോള്‍ 106 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഹോട്ടലുകളിലും തട്ടുകടകളിലും അടക്കം ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിനാണ് ഇപ്പോള്‍ വില കൂട്ടിയത്.
മാര്‍ച്ച് ഏഴിന് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പാചക വാതക സിലിണ്ടറിന് പിന്നാലെ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. പെട്രോളിന് 7 രൂപ വരെ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഉക്രൈന്‍- റഷ്യ സംഘര്‍ഷവും ഇന്ധന വിലയില്‍ വര്‍ധനവ് വരുത്തിയേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയും ഉയര്‍ന്നിരുന്നു. ബാരലിന് മൂന്ന് ഡോളര്‍ ഉയര്‍ന്ന് 100 ഡോളറിനടുത്തെത്തി നില്‍ക്കുകയാണ്.
യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയാണ് നല്‍കുന്നത്. അതിനാല്‍ തന്നെ യുദ്ധസമാന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില ഇനിയും വര്‍ധിപ്പിച്ചേക്കുമെന്നാണ് വിവരം.
വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് രാജ്യത്ത് ഇന്ധന വില ഉയരാത്തതെന്നും, മാര്‍ച്ച് ഏഴിന് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വിലയില്‍ കനത്ത വര്‍ധനവ് ഉണ്ടായേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ആഗോള തലത്തില്‍ എണ്ണ ഉത്പാദനത്തിന്റെ പത്ത് ശതമാനവും റഷ്യയില്‍ നിന്നാണ്. അതിനാല്‍ യുദ്ധവുമായി മുന്നോട്ട് പോകുന്നതില്‍ റഷ്യക്ക് ആഗോള തലത്തില്‍ ഉപരോധം ശക്തിപ്പെട്ടാല്‍ ക്രൂഡ് ഓയില്‍ ലഭ്യതയും കുറയാനിടവരും.
Content Highlight: price of a commercial lpg cylinder has risen