| Sunday, 14th January 2024, 6:26 pm

ഗസയിലെ രക്തസാക്ഷികള്‍ക്ക് മുന്നില്‍ ലോകം നിരാശരാണ്; സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളെന്ന് ഇറാന്‍ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: ഗസയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇസ്രഈലിന് പിന്തുണ നല്‍കുന്ന അമേരിക്കയടക്കമുള്ള ഏതാനും പാശ്ചാത്യ സര്‍ക്കാരുകളെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ഗസയില്‍ ഇസ്രഈലി സൈന്യം നടത്തുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനിയന്‍ രക്തസാക്ഷികളുടെ ശുദ്ധ രക്തത്തിന് ഇസ്രഈല്‍ നന്ദിപറഞ്ഞതിലും ഇബ്രാഹിം റെയ്സി വിമര്‍ശനം ഉയര്‍ത്തി.

ഇത്തരത്തിലുള്ള ഇസ്രഈല്‍ ഭരണകൂടത്തിന്റെ പരാമര്‍ശത്തില്‍ ലോകം നിരാശരായിരിക്കുകയാണെന്ന് ഇബ്രാഹിം റെയ്സി പറഞ്ഞു. ടെഹ്‌റാനില്‍ നടന്ന അല്‍ അഖ്സ അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീനികളുടെ മാതൃരാജ്യത്തെ സംരക്ഷിക്കാനായി പോരാട്ടം നടത്തുന്ന സായുധ സംഘടനയായ ഹമാസിനെ ഒരു തിന്മയെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതിനെയും ഇബ്രാഹിം റെയ്സി സമ്മേളനത്തില്‍ വിമര്‍ശിച്ചു. ഇസ്രഈല്‍ ഭരണകൂടം ഫലസ്തീനിലെ അധിനിവേശം അവസാനിപ്പിക്കണമെന്നും വംശഹത്യാ കുറ്റത്തിന് ഇസ്രഈല്‍ ശിക്ഷ അനുഭവിക്കണമെന്നും റെയ്സി ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗസയിലെ പ്രശ്‌നങ്ങള്‍ മുസ്‌ലിം സമുദായത്തെ മാത്രം ബാധിക്കുന്നതെല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകരാഷ്ട്രങ്ങള്‍ ഗസയിലെ ഫലസ്തീനികളുടെ സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഉണര്‍ന്നുകഴിഞ്ഞെന്നും ഗസയിലെ ദാരുണമായ അവസ്ഥകള്‍ ലോകത്തിന്റെ മാനുഷിക സംഘര്‍ഷമായി മാറിയിട്ടുണ്ടെന്നും ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി.

അല്‍ അഖ്‌സ യുദ്ധത്തില്‍ വിജയിച്ചിരിക്കുന്നത് ഫലസ്തീനാണെന്നും പരാജയപ്പെട്ടത് സയണിസ്റ്റ് ഭരണകൂടവും ഇസ്രഈലിന് പിന്തുണ നല്‍കുന്നവരുമാണെന്നും ഇബ്രാഹിം റെയ്സി കൂട്ടിച്ചേര്‍ത്തു.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 23,843 ആയി വര്‍ധിച്ചുവെന്നും 60,317 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ ബോംബാക്രമണത്തില്‍ 147 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 243 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Iran President says that the western countries, including the United States, are behind the conflicts in Gaza

We use cookies to give you the best possible experience. Learn more