വത്സന്‍ തില്ലങ്കേരിയുടെ സാന്നിധ്യം; തൃശൂര്‍ പൂരം അലങ്കോലമായതില്‍ സംഘപരിവാര്‍ ഗൂഢാലോചന സംശയിച്ച് സര്‍ക്കാര്‍
Thrissur Pooram
വത്സന്‍ തില്ലങ്കേരിയുടെ സാന്നിധ്യം; തൃശൂര്‍ പൂരം അലങ്കോലമായതില്‍ സംഘപരിവാര്‍ ഗൂഢാലോചന സംശയിച്ച് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2024, 11:53 am

തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ സംഘപരിവാര്‍ നേതാക്കളാണെന്ന് സംശയിച്ച് സംസ്ഥാന സര്‍ക്കാര്‍. വത്സന്‍ തില്ലങ്കേരിയടക്കമുള്ള സംഘപരിവാര്‍ നേതാക്കളുടെ നേതൃത്വത്തില്‍ ഗൂണ്ഡാലോചന നടന്നു എന്നാണ് സര്‍ക്കാര്‍ സംശയിക്കുന്നത്. വത്സന്‍ തില്ലങ്കേരി, ബി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ പൂരവുമായി ബന്ധപ്പെട്ട ദേവസ്വത്തിന്റെ യോഗത്തില്‍ പങ്കെടുത്തു എന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണ് എന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

കണ്ണൂര്‍ സ്വദേശിയായ വത്സന്‍ തില്ലങ്കേരിക്ക് തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടതിന്റെ കാരണത്തെ കുറിച്ചും സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങള്‍ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമം നടന്നതായും സര്‍ക്കാര്‍ സംശയിക്കുന്നു. പൂരം അലങ്കോലപ്പെട്ടതിന് പിന്നാലെ ബി.ജെ.പി നേതാവ് സുരേഷ് ഗോപി ഉള്‍പ്പടെയുള്ളവര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രസ്താവനകളുണ്ടായിരുന്നു എന്നതും സര്‍ക്കാര്‍ വിലയിരുത്തി.

കണ്ണൂര്‍ സ്വദേശിയായ വത്സന്‍ തില്ലങ്കേരിക്ക് തൃശൂരിലെ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും ദേശങ്ങളുമായി ബന്ധമില്ലെന്നിരിക്കെ അദ്ദേഹം എങ്ങനെ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്തു എന്നതാണ് സര്‍ക്കാര്‍ ഗൂഢാലോചന സംശയിക്കാനുള്ള പ്രധാന കാരണം. നേരത്തെ ശബരിമല സംഘര്‍ഷത്തിന് പിന്നിലും വത്സന്‍ തില്ലങ്കേരിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

തൃശൂര്‍ പൂരം ഒരു വിഭാഗത്തിന്റെ മാത്രം ആചാരമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നതായും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി പൂരം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും സര്‍ക്കാര്‍ വിലയിരുത്തുന്നു. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാറാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലടക്കം തൃശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍ കുമാറിനെതിരെ പ്രചാരണം നടക്കുകയും ചെയ്തിരുന്നു.

ഇക്കാര്യങ്ങളടക്കം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. പൂരം അലങ്കോലമാക്കിയത് സംസ്ഥാന സര്‍ക്കാറാണെന്ന് വരുത്തിത്തീര്‍ത്ത് ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇതിനെ രാഷ്ട്രീയമായികൂടി നേരിടാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഒരാഴ്ച്ചക്കകം സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഗൂഢാലോചനയില്‍ കേസെടുക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.

CONTENT HIGHLIGHTS: The presence of Valsan Tillankeri; Govt suspects Sangh Parivar conspiracy in Thrissur Pooram mess