'ഇ.വി.എമ്മില്‍ കൃത്രിമം നടന്നു'; മഹാരാഷ്ട്രയില്‍ ബാലറ്റ്‌പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി ഒരു ഗ്രാമം
national news
'ഇ.വി.എമ്മില്‍ കൃത്രിമം നടന്നു'; മഹാരാഷ്ട്രയില്‍ ബാലറ്റ്‌പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി ഒരു ഗ്രാമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd December 2024, 9:38 am

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് മര്‍ക്കടവാഡി എന്ന കൊച്ചുഗ്രാമം.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ഗ്രാമത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നു എന്നാരോപിച്ചാണ് സോലാപൂര്‍ ജില്ലയിലെ മല്‍ഷിറാസ് തഹസിലിലെ ഈ ചെറിയ ഗ്രാമത്തിലെ ആളുകള്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താനാണ് തീരുമാനം.

എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡിസംബര്‍ അഞ്ച് വരെ ഗ്രാമത്തില്‍ പൊലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍.സി.പി) നിയുക്ത എം.എല്‍.എയായ ഉത്തംറാവു ജാന്‍കര്‍ ആണ്  വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. മല്‍ഷിറാസ് മണ്ഡലത്തില്‍ നിന്ന് 13,147 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും, മര്‍ക്കടവാഡി ഗ്രാമത്തില്‍ ലീഡ് നേടാനാകാത്തതിനാല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

ഗ്രാമത്തില്‍ തന്നെ വിശ്വസിക്കുന്ന ഒരുപാട് വോട്ടര്‍മാര്‍ ഉണ്ടെന്നും ഇതിന് മുമ്പുള്ള തെരഞ്ഞെടുപ്പുകളില്‍ ഗ്രാമത്തില്‍ തനിക്ക് തുടര്‍ച്ചയായി ലീഡ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഗ്രാമവാസികള്‍ തീരുമാനിക്കുകയായിരുന്നു.

‘ വോട്ടുകള്‍ എവിടേക്കാണ് പോയത്, ഇ.വി.എമ്മുകള്‍ തകരാറിലാണോ, എന്തിനാണ് ഭരണകൂടം വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിര്‍ക്കുന്നത്. അവര്‍ ജനങ്ങളില്‍ ഭയം ജനിപ്പിക്കുകയാണ്, പക്ഷേ എന്തുതന്നെയായാലും തെരഞ്ഞെടുപ്പ് നടത്തും,’ ജാന്‍കര്‍ പറഞ്ഞു.

ജാന്‍കറിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ബി.ജെ.പിയുടെ രാം സത്പുതേ മരകഡ്‌വാദിയില്‍ നിന്ന് 1,003 വോട്ടുകള്‍ നേടിയപ്പോള്‍ ജാന്‍കറിന് 843 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഗ്രാമത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം ഏകദേശം 1,900 ആണ്.

ഗ്രാമത്തിലെ ജനപ്രീതി കണക്കിലെടുത്ത് ജന്‍കറിന് ഗ്രാമത്തില്‍ ലീഡ് ലഭിച്ചില്ലെന്നത് അവിശ്വസനീയമാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഗ്രാമവാസി ദി ഹിന്ദു പത്രത്തോട് പറഞ്ഞു. ‘ ഇവിടെ ജാതി സമവാക്യവുമുണ്ട്. ധന്‍ഗര്‍ സമുദായം അദ്ദേഹം ജയിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു.

ഈ ഗ്രാമം ധന്‍ഗര്‍ ആധിപത്യമുള്ള ഗ്രാമമാണ്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവരുടെ അപേക്ഷ നിരസിച്ചതിനാല്‍ ഗ്രാമവാസികള്‍ സ്വയം തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു,’ ഗ്രാമവാസി പറഞ്ഞു.

എന്നാല്‍ ഭരണഘടനയനുസരിച്ച്, തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ നടക്കുന്നത് പരിഹാസമല്ലാതെ മറ്റൊന്നുമല്ല എന്നാണ് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

Content Highlight: The preferred candidate did not win; A village in Maharashtra is preparing to hold elections again using ballot paper