ചെന്നൈ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം കനക്കുന്നു. സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിവാദപരമായ കാഴ്ചപ്പാടുകളോടെ ആത്മീയ നേതാവ് പ്രഭാഷണം നടത്തിയതിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്നത്.
ഇതിനുപിന്നാലെ വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി രാജിവെക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയർന്നു. പ്രതിഷേധത്തെ തുടർന്ന് ആത്മീയ നേതാവിനെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
മുൻ ജന്മത്തെ കുറിച്ചാണ് സർക്കാർ സ്കൂളിൽ ആത്മീയ നേതാവ് പ്രഭാഷണം നടത്തിയത്. അശോക് നഗർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഭവം നടന്നത്. മോട്ടിവേഷണൽ ക്ലാസ് എന്ന് വാദിച്ചായിരുന്നു പ്രസംഗം. മഹാവിഷ്‌ണു എന്നയാണ് സ്കൂളിൽ വിവാദപരമായ പരാമർശങ്ങൾ നടത്തിയത്.
വിവാദങ്ങളില്‍ അന്വേഷണം നടത്തി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. കണപ്പന്‍ അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാരിന്റെ പ്രതികരണം.
അധ്യാപക ദിനത്തില്‍ അധ്യാപകരുടെ കാലുകള്‍ വിദ്യാര്‍ത്ഥികള്‍ കഴുകിയ സംഭവത്തില്‍ സംസ്ഥാനത്തെ ഒരു സ്വകാര്യ സ്‌കൂളിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ആത്മീയ നേതാവിന്റെ പ്രഭാഷണം കേട്ടിരിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടര്‍ന്ന് മഹാവിഷ്ണുവിനോടപ്പമുള്ള വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും പ്രതിഷേധത്തെ കനപ്പിച്ചു.
തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. വികസനത്തിലേക്കുള്ള വഴി ശാസ്ത്രമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
‘വെല്ലുവിളികളെ നേരിടാനുള്ള ആവശ്യമായ ആശയങ്ങള്‍ അധ്യാപകര്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുക്കണം. അതിനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്ക് സാമൂഹിക വിദ്യാഭ്യാസവും പരിശീലനവും നല്‍കും.’ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ സിലബസ് വിവാദത്തില്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ തള്ളി യുവജനക്ഷേമ, കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. സിലബസ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സ്വതന്ത്രചിന്തയും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കുക എന്നതാണെന്ന് പറഞ്ഞഉദയനിധി, ആ അര്‍ത്ഥത്തില്‍ നോക്കുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും മികച്ച സിലബസ് തമിഴ്നാടിന്റെയാണെന്നും അഭിപ്രായപ്പെട്ടു.
എന്നാല്‍ സ്റ്റേറ്റ് സിലബസില്‍ ഉയര്‍ന്ന എന്റോള്‍മെന്റ് നിരക്കുണ്ടെങ്കിലും, തമിഴ്നാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വായനയുടെ പ്രാവീണ്യം വളരെ കുറവാണെന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്‍.സി.ഇ.ആര്‍.ടിയുടെ ഫൗണ്ടേഷനല്‍ ലേണിങ് സ്റ്റഡിയുടെ 2022ലെ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം മൂന്നാം ക്ലാസിലെ 20 ശതമാനം കുട്ടികള്‍ക്ക് മാത്രമേ തമിഴ് വായിക്കാന്‍ അറിയുള്ളു എന്ന് കണ്ടെത്തിയിരുന്നു.
Content Highlight: The preaching of the spiritual preacher spread in government schools; Tamil Nadu Education Minister resigns