ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ‘കാതല്‍ എന്‍പത് പൊതുവുടമൈ’ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് പുറത്ത് വിട്ടത്. രോഹിണി, ലിജോ മോള്‍, വിനീത്, കലേഷ്, ദീപ തുടങ്ങിയവരാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്.
ലെന്‍സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയപ്രകാശ് രാധാകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഒട്ടേറെ പ്രേക്ഷക പ്രശംസ നേടിയ ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ലിജോ മോള്‍ പ്രധാന വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം കൂടിയാണ് കാതല്‍ എന്‍പത് പൊതുവുടമൈ.
കഥ കേട്ട് ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണിതെന്നാണ് ജിയോ ബേബി പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ‘അങ്ങനെ നമ്മള്‍ ഒരു തമിഴ് സിനിമ നിര്‍മിച്ചു. സിനിമയുടെ പേര് കാതല്‍ എന്‍പത് പൊതുവുടമൈ. കഥ കേട്ട് ഇഷ്ടപ്പെട്ട് ചെയ്ത സിനിമ ആണ്. രചന സംവിധാനം ഏറെ പ്രിയപ്പെട്ട ജയപ്രകാശ് രാധാകൃഷ്ണന്‍. രോഹിണി ചേച്ചിയും ലിജോ മോളും വിനീതും ഒക്കെ പ്രധാന വേഷത്തില്‍ എത്തുന്നു,’ ജിയോ ബേബി കുറിച്ചു.
ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിംഗ് സര്‍വീസ് എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ക്കൊപ്പം നിത്ത്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിത്യ അത്പുതരാജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ശ്രദ്ധേയമായ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ നിര്‍മാണ കമ്പനികളുടെ ബാനറില്‍ എത്തുന്ന തമിഴ് സിനിമയെന്ന പ്രത്യേകതയും ‘കാതല്‍ എന്‍പത് പൊതുവുടമൈ’ എന്ന ചിത്രത്തിന് ഉണ്ട്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നോബിന്‍ കുര്യന്‍, ആര്‍. രാജേന്ദ്രന്‍. ഛായാഗ്രഹണം ശ്രീ ശരവണന്‍ സംഗീതം ആര്‍. കണ്ണന്‍ എഡിറ്റിങ്, ഡാനി ചാള്‍സ്. സൗണ്ട് ഡിസൈന്‍ രാജേഷ്. വാര്‍ത്ത പ്രചരണം റോജിന്‍ കെ. റോയ്.
Content Highlight: The poster of new Tamil film ‘Kathal Enpat Pothuvidamei’ presenting by jeo baby has been released