വീട്ടില്‍ കയറിയ മോഷ്ടാവിനെ പട്ടികടിച്ചു; കാലില്‍ പ്ലാസ്റ്ററിട്ട് കുഞ്ചാക്കോ ബോബന്‍
Film News
വീട്ടില്‍ കയറിയ മോഷ്ടാവിനെ പട്ടികടിച്ചു; കാലില്‍ പ്ലാസ്റ്ററിട്ട് കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th June 2022, 8:42 pm

കുഞ്ചാക്കോ ബോബന്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ കൗതുകം നിറഞ്ഞ പോസ്റ്റര്‍ പുറത്ത്. ചീമേനി മാന്വല്‍ എന്ന ദിനപ്പത്രത്തില്‍ വന്ന ഫുള്‍ പേജ് വാര്‍ത്തയുടെ മാതൃകയിലുള്ള ഒഫീഷ്യല്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.

‘എം.എല്‍.എയുടെ വീട്ടില്‍ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാര്‍ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിച്ചു’ എന്ന തലക്കെട്ടോടുകൂടിയ വാര്‍ത്തയ്ക്കൊപ്പം പിന്‍കാലിലെ മുറിവ് ഡ്രസ് ചെയ്തുകൊണ്ട് ചിരിച്ചുള്ള കുഞ്ചാക്കോ ബോബന്‍ നില്‍ക്കുന്നതും പോസ്റ്ററില്‍ കാണാം. പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ ഔദ്യോഗിക റീലീസ് തീയതിയും പ്രഖ്യാപിച്ചു. ആഗസ്റ്റ് 12ന് തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.

എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ്. ടി. കുരുവിള നിര്‍മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മാണവും നിര്‍വഹിക്കുന്ന ന്നാ താന്‍ കേസ് കൊട് ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ഷെറിന്‍ റേച്ചല്‍ സന്തോഷ് ആണ് ചിത്രത്തിന്റെ മറ്റൊരു സഹ നിര്‍മാതാവ്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സൂപ്പര്‍ ഡീലക്‌സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

നിരവധി കലാകാരന്‍മാരെ ഈ പ്രദേശങ്ങളില്‍ നിന്ന് തന്നെ കാസ്റ്റിംഗ് കോളുകളിലൂടെ കണ്ടെത്തുകയും അവരെ പരിശീലന കളരികളിലൂടെ തിരഞ്ഞെടുക്കുകയും ചെയ്തതിന് ശേഷം സിനിമയുടെ ഒരു ചെറുരൂപം ഈ കലാകാരന്‍മാരെ വെച്ച് മാത്രം യഥാര്‍ത്ഥ സിനിമയുടെ ചിത്രീകരണത്തിന് മുന്‍പേ തന്നെ നടത്തിയിരുന്നു. അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനായി കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലായി പത്തോളം ലൊക്കേഷനുകള്‍ ഉപയോഗിച്ചിരുന്നു.

May be an image of 1 person, beard and standing

ബോളിവുഡ് ഛായാഗ്രാഹകന്‍ രാകേഷ് ഹരിദാസാണ് (ഷേര്‍ണി ഫെയിം) ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കര്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. വൈശാഖ് സുഗുണന്‍ രചിച്ച വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം ഒരുക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: അരുണ്‍ സി. തമ്പി, സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിംഗ്: വിപിന്‍ നായര്‍, കോസ്റ്റിയൂം: മെല്‍വി. ജെ, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, കാസ്റ്റിംഗ് ഡയറക്ടര്‍: രാജേഷ് മാധവന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജംഷീര്‍ പുറക്കാട്ടിരി, ഫിനാന്‍സ് കണ്‍ട്രോളര്‍: ജോബീഷ് ആന്റണി, സ്റ്റില്‍സ്: ഷാലു പേയാട്, പരസ്യകല: ഓള്‍ഡ് മങ്ക്‌സ്, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

Content Highlight: The poster of Kunchacko Boban’s movie ‘Nna Than case Kodu’ has been released