വനിതാ ദിനത്തില്‍ അനാര്‍ക്കലി മരക്കാര്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. ‘ജാക്കി വെപ്പ് ജോക്കല്ല’ എന്ന പ്ലക്കാര്‍ഡ് പിടിച്ച് കെ.എസ്.ആര്‍.ടി.സി. ബസില്‍ നില്‍ക്കുന്ന ചിത്രമാണ് അനാര്‍ക്കലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തമാശയല്ല. അതിക്രമികളെയും അതിക്രമങ്ങളെയും നിസ്സാരമാക്കി കാണുന്നതിനെതിരെ ഇനി വേണം പ്രതികരണം,’ എന്നാണ് ചിത്രത്തിനൊപ്പം അനാര്‍ക്കലി കുറിച്ചത്.
അനാര്‍ക്കലിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റില്‍ വന്നത്. ‘അടുത്തിടെ ഇറങ്ങിയ ഒരു സിനിമയില്‍ ഇതിനെ തമാശ രീതിയിലോ മോശമായ രീതിയിലോ സംഭാഷണത്തിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. പ്രത്യക്ഷത്തില്‍ പറയുന്നില്ലെങ്കിലും അതൊരു ഡബിള്‍ മീനിങ് തന്നെ ആയിട്ടാണ് അനുഭവപ്പെടുന്നത്,’ എന്നാണ് രാഖില്‍ കൃഷ്ണ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച കമന്റ്.
അതേസമയം പോസ്റ്റിനെ പരിഹസിച്ചുള്ള വിദ്വേഷ കമന്റുകളും ചിലര്‍ പങ്കുവെച്ചിരുന്നു. ഇത് കാണുമ്പോഴാണ് അതൊരു ജോക്കായി തോന്നിയതെന്നാണ് റാസ് എന്ന പ്രൊഫൈല്‍ കമന്റ് ചെയ്തത്.
ജ്വല്ലറി വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാക്കി പരാമര്‍ശം നേരത്തെ വിവാദമായിരുന്നു. കോളേജ് പഠനകാലത്ത് തൃശൂര്‍ പൂരം ആസ്വദിച്ചിരുന്നത് എങ്ങനെയെന്ന് വിവരിക്കുന്ന വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുമായിരുന്നെന്നും ജാക്കി വെയ്ക്കുമായിരുന്നെന്നും (ഒരു ലൈംഗിക അതിക്രമ രീതിയെ പറയുന്ന വാക്ക്) വേഷം മാറല്‍ വീഡിയോയുടെ വിവരണത്തില്‍ ബോബി ചെമ്മണ്ണൂര്‍ പറയുന്നുണ്ട്.
ഇത്തവണ അത് ചെയ്തില്ലെന്നും ക്ഷാമമില്ലാത്തതുകൊണ്ടാണെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ബോബി ചെമ്മണ്ണൂരിനെ വിമര്‍ശിച്ചും പൂരപറമ്പിലും മറ്റ് പൊതുവിടങ്ങളിലും അനുഭവിച്ച ലൈംഗിക അതിക്രമങ്ങള്‍ പങ്കുവെച്ചും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
വനിതാദിനത്തോടുനുബന്ധിച്ച് നിരവധി സിനിമാ താരങ്ങളാണ് ആശംസകള്‍ പങ്കുവെച്ചത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ക്ലൈമാക്‌സില്‍ നിമിഷ സജയന്‍ മലിന ജലം ഒഴിക്കുന്നതിന്റെ ചിത്രവും വനിതാ ദിനത്തോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജയ ജയ ജയ ജയ ഹേയിലെ നായികയായ ജയയുടെ ചിത്രം പങ്കുവെച്ചാണ് സംവിധായകന്‍ വിപിന്‍ ദാസ് വനിതാ ദിനാശംസകള്‍ നേര്‍ന്നത്.
Content Highlight: The post shared by Anarkali Marakkar on Women’s Day is gaining attention