കൂടുമ്പോള്‍ ഒരു ഇമ്പവുമില്ലാത്ത കുടുംബങ്ങള്‍; വിജയ് ചിത്രത്തിലെ ചില അപ്രിയ കുടുംബ സത്യങ്ങള്‍
Entertainment
കൂടുമ്പോള്‍ ഒരു ഇമ്പവുമില്ലാത്ത കുടുംബങ്ങള്‍; വിജയ് ചിത്രത്തിലെ ചില അപ്രിയ കുടുംബ സത്യങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th January 2023, 5:25 pm

വിജയ്‌യുടെ പുതിയ ചിത്രമായ വാരിസ് കുടുംബമഹിമയില്‍ മാത്രം വേരൂന്നിക്കൊണ്ടുള്ള ഒരു ‘പാസക്കഥയല്ല’. കുടുംബത്തിലെ വിവിധ ബന്ധങ്ങളും അവ തമ്മില്‍ നിലനില്‍ക്കുന്ന അധികാരത്തിന്റെ വേര്‍തിരിവുകളും പണവും സ്വത്തുക്കളും തര്‍ക്കങ്ങളുമെല്ലാം ചര്‍ച്ചാവിഷയമാകുന്ന ചിത്രം കൂടിയാണ് വാരിസ്.

വാരിസ് എന്ന പേരില്‍ തന്നെ സിനിമയിലെ സ്വത്ത് കൈമാറ്റം വിഷയമാകുന്നുണ്ട്. രാജേന്ദ്രന്‍ എന്ന ബിസിനസ് ഭീമന്‍ കുടുംബത്തെയും മക്കളെയും തന്റെ ബിസിനസ് സാമ്രാജ്യത്വത്തിലെ ചവിട്ടുപടികളായും അനന്തരവകാശികളായും കാണുന്നതിനെ സിനിമ വിമര്‍ശനാത്മകമായി സമീപിക്കുന്നുണ്ട്.

സ്‌നേഹത്തിനും കരുതലിനും രക്തബന്ധ മഹിമക്കുമൊപ്പമോ, അതിനപ്പുറമോ കുടുംബം ഒരു ഇക്കണോമിക് യൂണിറ്റാണെന്ന യാഥാര്‍ത്ഥ്യം വംശി പൈഡിപ്പള്ളിയുടെ തിരക്കഥയുടെ അടരുകളിലുണ്ട്. എല്ലാത്തിനും മുകളില്‍ സ്‌നേഹമാണെന്ന പഴമൊഴി ആവര്‍ത്തിക്കപ്പെടുമെങ്കിലും അതിനിടയിലും ഇക്കാര്യങ്ങള്‍ താരതമ്യേന മെച്ചപ്പെട്ട തെളിമയോടെ ഒരു മാസ് എന്റര്‍ടെയ്‌നറില്‍ കടന്നുവരികയാണ്.

ട്രെയ്‌ലര്‍ കണ്ട് ‘കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം’ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകര്‍ക്ക് മുമ്പില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറാകാത്ത കുടുംബക്കാരെയാണ് വംശിയും വിജയ്‌യും അവതരിപ്പിക്കുന്നത്.

വീട്ടില്‍ നിന്നും കലഹിച്ചിറങ്ങി പോയ അനിയന്‍ തിരിച്ചെത്തുമ്പോള്‍ ആദ്യം ചേട്ടന്‍ ചൂടാകുന്നതും, എന്നാല്‍ പിന്നീട് അതേ ചേട്ടന്റെ മനസലിയുന്നതും ഒരു സ്ഥിരം കാഴ്ചയാണ്. ഈ ക്ലീഷേയെ വാരിസ് രസകരമായി പൊളിച്ചെഴുതുന്നുണ്ട്.

ബിസിനസ് സാമ്രാജ്യം മുഴുവന്‍ ഒറ്റക്ക് നേടാന്‍ വേണ്ടി പരസ്പരം ചതിക്കുന്ന സഹോദരങ്ങളും ഇവിടെയുണ്ട്. അടുത്ത അവകാശിയെ തെരഞ്ഞെടുക്കാനുള്ള മത്സരയോട്ടത്തിലേക്ക് പിതാവാണ് തങ്ങളെ തള്ളിയിട്ടതെന്നും അതാണ് പ്രശ്‌നങ്ങള്‍ തുടങ്ങിവെച്ചതെന്നും രണ്ട് ആണ്‍മക്കള്‍ ഒരു ഘട്ടത്തില്‍ തുറന്നടിക്കുന്നുണ്ട്.

രാജേന്ദ്രന്റെ ഭാര്യയും കുടുംബനാഥയുമായ സുധയോട് മക്കളും ഭര്‍ത്താവും പെരുമാറുന്ന രീതിയിലെ പ്രശ്‌നങ്ങളും സിനിമയില്‍ കടന്നുവരുന്നുണ്ട്. തന്നോടുള്ള പെരുമാറ്റം എത്ര തന്നെ മോശമായാലും അതെല്ലാം പൊറുത്തും ക്ഷമിച്ചും കഴിയുന്ന ഈ സ്‌നേഹനിധിയായ ഭാര്യ/അമ്മ സങ്കല്‍പത്തെ പ്രകീര്‍ത്തിക്കാനാകില്ലെങ്കിലും, ഇവരോട് കുടുംബം പെരുമാറുന്ന രീതിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഭാര്യയും ഭര്‍ത്താവും, മക്കളും മാതാപിതാക്കളും തുടങ്ങി ഓരോ ബന്ധങ്ങളും തമ്മിലുള്ള അകല്‍ച്ചയും വിള്ളലുകളും കൂടി ചിത്രത്തിന്റെ ആദ്യ ഭാഗത്ത് കടന്നുവരുന്നുണ്ട്.

അവസാനത്തിലേക്ക് ഈ പ്രശ്‌നങ്ങളെല്ലാം നായകന്റെ മാജിക്കല്‍ ഇടപെടലിലൂടെ പരിഹരിക്കപ്പെടുന്നുണ്ട്. ഇവയില്‍ പലതും യാഥാര്‍ത്ഥ്യത്തോടോ സിനിമ അതുവരെ പുലര്‍ത്തുന്ന പുരോഗമനപരമായ നിലപാടുകളോടോ ചേരുന്നില്ലെങ്കിലും മിക്കവാറും സാഹചര്യങ്ങളിലും സിനിമാറ്റിക് ലോജിക്ക് നഷ്ടപ്പെടുന്നില്ല.

Content Highlight: The portrayal of family in Varisu movie